ഹാഷിം അംലയെ പിന്നിലാക്കി ബാബർ: റെക്കോർഡ്

അതിവേഗത്തിൽ 14 ഏകദിന സെഞ്ച്വറികൾ നേടുന്ന താരമായി പാകിസ്താൻ നായകൻ ബാബർ അസം. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.

Update: 2021-07-14 10:23 GMT

അതിവേഗത്തിൽ 14 ഏകദിന സെഞ്ച്വറികൾ നേടുന്ന താരമായി പാകിസ്താൻ നായകൻ ബാബർ അസം. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിയാണ് ബാബറിന് നേട്ടമായത്. 81 ഇന്നിങ്‌സുകളിൽ നിന്നാണ് ബാബർ 14 സെഞ്ച്വറികൾ നേടിയത്.

ഹാഷിം അംല 14 സെഞ്ച്വറികൾ നേടാൻ എടുത്തത് 84 ഇന്നിങ്‌സുകളാണ്. ആസ്‌ട്രേലിയയുടെ ഡേവിഡ് വാർണർ(98) ഇന്ത്യൻ നായകൻ വിരാട് കോലി(103) എന്നിങ്ങനെയാണ് ഈ നേട്ടത്തിന്റെ മറ്റു അവകാശികൾ. അതേസമയം ഇംറാൻ ഖാന് ശേഷം ഇംഗ്ലണ്ടിൽ സെഞ്ച്വറി നേടുന്ന താരമാകാനും ബാബർ അസമിനായി. 1983 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇംറാൻ ഖാൻ സെഞ്ച്വറി നേടിയിരുന്നത്.

Advertising
Advertising

അതിന് ശേഷം 2021ലാണ് ഇംഗ്ലണ്ട് മണ്ണിൽ ഒരു പാകിസ്താൻ കളിക്കാരൻ ബാറ്റുയർത്തുന്നത്. ഏറ്റവും കൂടുതൽ 50ലധികം റൺസ് നേടുന്ന പാക് താരമാകാനും ബാബറിനായി. എട്ട് തവണയാണ് ബാബർ ഇംഗ്ലണ്ട് മണ്ണിൽ 50ലധികം റൺസ് നേടുന്നത്. മുഹമ്മദ് യൂസുഫ്, സഹീർ അബ്ബാസ് എന്നിവരുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. മുഹമ്മദ് റിസ്‌വാനുമൊത്തുള്ള മൂന്നാം വിക്കറ്റും കൂട്ടുകെട്ടും ബാബറിന് നേട്ടമായി. ഇംഗ്ലണ്ട് മണ്ണിൽ നേടുന്ന ഏറ്റവും മികച്ച പാക് കൂട്ടുകെട്ടായിരുന്നു ഇത്.

നേട്ടങ്ങൾ ഒത്തിരിയുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ പരമ്പര തോൽക്കാനായിരുന്നു പാകിസ്താന്റെ വിധി. മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ ജയം മൂന്ന് വിക്കറ്റിനായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും പാകിസ്താൻ തോറ്റിരുന്നു. ഇംഗ്ലണ്ട് ക്യാമ്പിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാം നിര ടീമുമായാണ് ഇംഗ്ലണ്ട്, പാകിസ്താനെ നേരിട്ടത്. ബെൻസ്റ്റോക്കായിരുന്നു ഇംഗ്ലണ്ടിനെ നയിച്ചിരുന്നത്.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News