ടി20യിൽ റെക്കോർഡ് ജയവുമായി പാകിസ്താൻ: അതും സ്വന്തം റെക്കോർഡ് തിരുത്തി

2021ൽ ടി20യിൽ 18 വിജയങ്ങളാണ് പാകിസ്താൻ നേടിയത്. 2018ൽ നേടിയ 17 വിജയങ്ങൾ എന്ന അവരുടെ മുന്നത്തെ റെക്കോർഡാണ് പാകിസ്താൻ തിരുത്തിയത്.

Update: 2021-12-14 10:00 GMT
Editor : rishad | By : Web Desk
Advertising

ടി20യിൽ റെക്കോർഡ് ജയവുമായി പാകിസ്താൻ. വിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ 63 റൺസിന്റെ തകർപ്പൻ ജയം നേടിയതിന് പിന്നാലെയാണ് പാകിസ്താൻ റെക്കോർഡ് സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ടി20യിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്ന ടീം എന്ന റെക്കോർഡാണ് പാകിസ്താൻ നേടിയത്. 

അവരുടെ തന്നെ മുന്നത്തെ കണക്ക് തിരുത്തിക്കുറിച്ചാണ് പാകിസ്താൻ വീണ്ടും തലപ്പത്ത് എത്തുന്നത്. 2021ൽ ടി20യിൽ 18 വിജയങ്ങളാണ് പാകിസ്താൻ നേടിയത്. 2018ൽ നേടിയ 17 വിജയങ്ങൾ എന്ന അവരുടെ മുന്നത്തെ റെക്കോർഡാണ് പാകിസ്താൻ തിരുത്തിയത്. സർഫറാസ് അഹമ്മദിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ 2018ലാണ് പാകിസ്താൻ 17 വിജയങ്ങൾ നേടിയത്. 18 വിജയങ്ങൾ നേടിയത് 2021ൽ ബാബർ അസമിന്റെ ക്യാപ്റ്റൻസിക്ക് കീഴിലും.

15 വിജയങ്ങളുമായി ഇന്ത്യയാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. 2016ലായിരുന്നു ഇന്ത്യയുടെ 15 വിജയങ്ങൾ. 14 വിജയങ്ങളുമായി പാപുവ ന്യൂഗനിയയാണ് തൊട്ടുടുത്ത സ്ഥാനത്ത് എന്നതാണ് ശ്രദ്ധേയം. അതേസമയം വിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ നേടിയത് 200 റൺസ്. ആറു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ 200 റൺസ് നേടിയത്. 68 റൺസ് നേടിയ ഹൈദർ അലിയും 78 റൺസ് നേടിയ ഓപ്പണർ മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്താന് മികച്ച സ്‌കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങിൽ വിൻഡീസിന് 137 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പാകിസ്താന് വേണ്ടി മുഹമ്മദ് വസീം ജൂനിയർ നാല് വിക്കറ്റ് വീഴ്ത്തി.

അതേസമയം ഏറെ നാളെത്ത ഇടവേളയ്‌ക്കു ശേഷമാണു പാകിസ്‌താനില്‍ രാജ്യാന്തര ക്രിക്കറ്റ്‌ നടക്കുന്നത്‌. ന്യൂസിലന്‍ഡ്‌, ഇംഗ്ലണ്ട്‌ ടീമുകള്‍ ഇവിടെ കളിക്കാന്‍ തയാറായെങ്കിലും സുരക്ഷാ ഭീഷണി മൂലം തിരിച്ചു പോയി. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും കറാച്ചിയിലാണ്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News