തകർത്തടിച്ച് ബാറ്റർമാർ; ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ വിജയം

ശ്രേയസ് അയ്യർ (74), മലയാളി താരം സഞ്ജു സാംസൺ (39), രവീന്ദ്ര ജഡേജ (45) എന്നിവർ തകർത്തടിച്ചതോടെ വിജയതീരമണയുകയായിരുന്നു

Update: 2022-02-26 17:08 GMT
Advertising

ബാറ്റർമാർ തകർത്തടിച്ച് കളിച്ചതോടെ ഇന്ന് നടന്ന ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 184 റൺസ് തേടിയുള്ള ബാറ്റിങ് 17ാം ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ രോഹിത് ശർമ കേവലം ഒരു റണ്ണും ഇഷാൻ കിഷൻ 16 റൺസും നേടി പുറത്തായപ്പോൾ ടീം ഇന്ത്യ അപകടം ഭയന്നു. എന്നാൽ പിന്നീട് വന്ന ശ്രേയസ് അയ്യർ (74), മലയാളി താരം സഞ്ജു സാംസൺ (39), രവീന്ദ്ര ജഡേജ (45) എന്നിവർ തകർത്തടിച്ചതോടെ വിജയം തീരമണയുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരുടെ മികവിലാണ് ശ്രീലങ്ക തരക്കേടില്ലാത്ത ടോട്ടൽ പടുത്തുയർത്തിയത്. പതും നിസ്സൻങ്ക 75 ഉം ധനുഷ്‌ക ഗുണതിലക 38 ഉം റൺസ് നേടി ടീമിന് മികച്ച അടിത്തറ പാകി. പിന്നീട് വന്ന ചരിത അസ്ലങ്ക, കാമിൽ മിശ്ര, ദിനേഷ് ചാണ്ഡിമൽ എന്നിവരെല്ലാം ഒറ്റയക്കത്തിൽ പുറത്തായി. 47 റൺസുമായി ദാസുൻ ഷനക പുറത്താകാതെ നിന്നു. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് നേടി തൃപ്തിപ്പെടേണ്ടിവന്നു. ഓപ്പണർമാരുടെ വിക്കറ്റ് നേടി വഴിത്തിരിവ് സൃഷ്ടിച്ചത് രവീന്ദ്ര ജഡേജയും ഭുവനേശ്വർ കുമാറുമാണ്.

വിജയം, രോഹിതിന് ലോകറെക്കോർഡ്

ധർമശാലയിലെ ഇന്നത്തെ വിജയത്തോടെ ക്യാപ്റ്റൻ രോഹിത് ശർമ ഒരു ലോകറെക്കോർഡ് നേടിയിരിക്കുകയാണ്. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ടി20 വിജയം നേടിയ നായകനെന്ന നേട്ടമാണ് രോഹിതിനെ തേടിയെത്തിയത്. 17 മത്സരങ്ങളിൽനിന്നായി 16 വിജയമാണ് രോഹിതിന് കീഴിൽ ഇതോടെ ഇന്ത്യ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇയാൻ മോർഗനും ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസണും 15 വിജയങ്ങളുമായി തൊട്ടു പുറകിലുണ്ട്.

ഇന്ത്യൻ ക്യാപ്റ്റന്മാർക്കിടയിൽ രോഹിതിന് കോഹ്ലിയേക്കാൾ മൂന്നും ധോണിയേക്കാൾ ആറും വിജയങ്ങൾ സ്വന്തം തട്ടകത്തിൽ സ്വന്തമാക്കാനായിട്ടുണ്ട്. ടി20 ക്യാപ്റ്റനായി കരിയറിലാകെ 25 മത്സരങ്ങളിൽ 23 വിജയങ്ങൾ രോഹിത് നേടിയിട്ടുണ്ട്. തുടർച്ചയായ 11ാം വിജയവും തുടർച്ചയായ മൂന്നാം പരമ്പര വിജയവും ഇന്നത്തെ മത്സരത്തോടെ 2021 നവംബർ മുതൽ സ്ഥിരം നായകനായ ഹിറ്റ് മാന്റെ കീഴിൽ ഇന്ത്യക്ക് നേടിയിരിക്കുകയാണ്.


batters stroked ; India win second T20I against Sri Lanka

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News