ന്യൂസിലാൻഡ് വിജയത്തിൽ മതിമറക്കാതെ വില്യംസൺ; ഇതല്ലേ, ശരിക്കും ക്യാപ്റ്റൻ കൂൾ

ഇതല്ലേ ശരിക്കും ക്യാപ്റ്റൻ കൂൾ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ആരാധകർ ചോദിക്കുന്നത്

Update: 2021-11-11 07:30 GMT
Editor : abs | By : Web Desk
Advertising

ലോകക്രിക്കറ്റിൽ ക്യാപ്റ്റൻ കൂൾ എന്ന ചോദ്യത്തിന് ഒരുത്തരമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ, മഹേന്ദ്ര സിങ് ധോണി. ഏതു സന്നിഗ്ധ ഘട്ടത്തെയും ഉലയാത്ത മനസ്സാന്നിധ്യത്തോടെ നേരിട്ടതോടെയാണ് മാധ്യമങ്ങൾ ധോണിക്ക് കൂൾ എന്ന വിശേഷണം പതിച്ചു നൽകിയത്. എന്നാൽ ഇപ്പോഴിതാ, ആ വിശേഷണത്തിന് മറ്റൊരാൾ കൂടി അവകാശവാദം ഉന്നയിക്കുന്നു! ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ.

ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ച വേളയിൽ സഹതാരങ്ങൾ ആഘോഷത്തിമിർപ്പിൽ തുള്ളിച്ചാടുമ്പോൾ കൂളായി ഇരിക്കുന്ന വില്യംസൺ ഇന്നലത്തെ കളിയിലെ മനോഹര കാഴ്ചകളിലൊന്നായിരുന്നു. ചെറുചിരിയോടെയായിരുന്നു വില്യംസണിന്റെ ഇരിപ്പ്. 


ഇതല്ലേ ശരിക്കും ക്യാപ്റ്റൻ കൂൾ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ആരാധകർ ചോദിക്കുന്നത്. വില്യംസൺ ധോണിയെ ഓർമിപ്പിക്കുന്നു എന്ന് ചിലർ കുറിച്ചു. സെമിയിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിനാണ് കിവികൾ കീഴ്‌പ്പെടുത്തിയത്. ഇംഗ്ലണ്ട് മുമ്പിൽവച്ച 166 റൺസ് വിജയലക്ഷ്യം 19-ാം ഓവറിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു. സെമിയിൽ (11 പന്തിൽ അഞ്ച്) തിളങ്ങാനായില്ലെങ്കിലും കളിയുടെ എല്ലാ ഫോർമാറ്റുകളിലും ടീമിനെ ഫൈനലിലെത്തിക്കുന്ന ക്യാപ്റ്റൻ എന്ന ബഹുമതിക്ക് വില്യംസൺ അർഹനായി.

രണ്ടു വർഷത്തിനിടെയാണ് മൂന്ന് അന്താരാഷ്ട്ര ടൂർണമെന്റിൽ ന്യൂസിലാൻഡ് ഫൈനൽ കളിക്കുന്നത്. മൂന്നിലും നായകന്‍ വില്യംസണ്‍ തന്നെ. 2019ലെ ഐസിസി ലോകകപ്പിൽ തോറ്റെങ്കിലും ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീം കിരീടം നേടി. ഇന്ന് നടക്കുന്ന ആസ്‌ത്രേലിയ-പാകിസ്താൻ മത്സരത്തിലെ വിജയികളെ കിവികൾ ടി20 ലോകകപ്പ് ഫൈനലിൽ നേരിടും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News