എളുപ്പമാകില്ല കംബാക്; ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് ടി20 മടങ്ങിയെത്തുമ്പോൾ

2014ൽ ചെന്നൈയാണ് അവസാനമായി കിരീടം ചൂടിയത്.

Update: 2025-07-22 12:14 GMT
Editor : Sharafudheen TK | By : Sports Desk

  ഒരുപതിറ്റാണ്ട് മുൻപ്... കൃത്യമായി പറഞ്ഞാൽ 2014 ഒക്ടോബർ നാല്... ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്നു. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലാണ് കെകെആർ ഇറങ്ങിയതെങ്കിൽ എംഎസ് ധോണിയായിരുന്നു സിഎസ്‌കെയുടെ അമരക്കാരൻ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഗംഭീറിന്റെ 80 റൺസ് മികവിൽ 20 ഓവറിൽ കുറിച്ചത് 180 റൺസ്. മറുപടി ബാറ്റിങിൽ സുരേഷ് റെയ്നയുടെ സെഞ്ച്വറി കരുത്തിൽ 18.3 ഓവറിൽ സിഎസ്‌കെ അനായാസം ലക്ഷ്യംമറിടകന്നു. ചെന്നൈയുടെ ട്രോഫി ക്യാബിനെറ്റിലേക്ക് രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം കൂടി വന്നുചേർന്നു.

Advertising
Advertising

  11 വർഷം മുൻപുള്ള ആ മനോഹര നിമിഷം സിഎസ്‌കെ ആരാധകരുടെ ഇന്നും ഓർമയിൽ മിന്നിമായുന്നുണ്ടാകും. അവസാനമായി അരങ്ങേറിയ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ്.. പിന്നീടങ്ങോട്ട് പലവിധ പ്രതിസന്ധികളിൽ ടൂർണമെന്റിന് തുടർന്ന് പോകാനായില്ല. പിൽകാലത്ത് വിവിധ രാജ്യങ്ങളിൽ ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് അരങ്ങ് തകർത്തെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ തിരിച്ചുവരവ് അനന്തമായി നീണ്ടു.

എന്നാൽ ഇപ്പോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് പുതിയ കെട്ടിലും മട്ടിലും തിരിച്ചുവരുന്നു. 2014ൽ നിർത്തലാക്കിയ ടൂർണമെന്റ് അടുത്തവർഷം മുതൽ പുനരാരംഭിക്കാൻ ഐസിസി തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമമായ സിഡ്‌നി മോർണിംഗ് ഹെറാൾഡടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേൾഡ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്ന പേരിലാണ് ടൂർണമെന്റ് പുനരാരംഭിക്കുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഐപിഎൽ, ദി ഹണ്ട്രഡ്, ബിബിഎൽ, പിഎസ്എൽ, എസ്എ20 തുടങ്ങിയ പ്രധാന ആഗോള ടി20 ലീഗുകളിലെ വിജയികളെയടക്കം ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞദിവസം സിംഗപ്പൂരിൽ നടന്ന ഐസിസിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ചർച്ച നടന്നത്. ലീഗിന്റെ തിരിച്ചുവരവിന് ഐസിസി ചെയർമാൻ ജയ് ഷായും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും ബിസിസിഐയുമെല്ലാം അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ


  അതേസമയം, ചാമ്പ്യൻസ് ലീഗിനെ വീണ്ടുമെത്തിക്കുകയെന്നത് ഐസിസിയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമാകില്ല. 2014ൽ അവസാനമായി ടൂർണമെന്റ് നടത്തിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ. താരങ്ങളെ തിരഞ്ഞെടുക്കുന്നതിലടക്കം നിയമങ്ങൾ കൊണ്ടുവരുന്നത് പ്രധാന പ്രതിസന്ധിയായി മാറും. നിലവിൽ ഐപിഎല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ഒഴികെയുള്ളവർ വ്യത്യസ്ത ടൂർണമെന്റിന്റെ ഭാഗമാണ്. ഉദാഹരണത്തിന് ഓസീസ് താരം മിച്ചൽ മാർഷ് ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെയും, ബിഗ് ബാഷിൽ പെർത്ത് സ്‌കോച്ചേഴ്‌സിന്റെയും താരമാണ്. ഈ രണ്ടും ടീമുകളും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയാൽ മാർഷ് എവിടെ കളിക്കും എന്നത് സംശയത്തിന് ഇടനൽകുന്നതാണ്. മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് ഇത്തരത്തിൽ വിവിധ ലീഗുകളുടെ ഭാഗമായി കളിക്കുന്നത്. ഐപിഎല്ലിന്റെ ഭാഗമായാ ഫ്രാഞ്ചൈലികൾക്ക് മറ്റു രാജ്യങ്ങളിലെ ടീമുകളിലും നിക്ഷേപവുമുണ്ട്. ഇത്തരത്തിൽ ഒരേ ഓണർഷിപ്പിൽ വരുന്ന രണ്ട് ടീമുകൾ കളിക്കുന്നതും ചോദ്യങ്ങൾക്ക് ഇടയാക്കും. ചാംപ്യൻസ് ലീഗിനായി ചിലവഴിക്കേണ്ട തുകയെ സംബന്ധിച്ച വിശദാംശങ്ങളും ഐസിസി ഇതുവരെ പുറത്തുവിട്ടിട്ടില്ല.


  2008ലാണ് ചാംപ്യൻസ് ലീഗ് ട്വന്റി 20 ടൂർണമെന്റ് എന്ന ആശയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആദ്യമായി മുന്നോട്ട് വെച്ചത്. ഫുട്ബോളിലെ ചാമ്പ്യൻസ് ലീഗിലേതിന് സമാനമായി ക്രിക്കറ്റിലും ആഗോളതലത്തിൽ നടക്കുന്ന ടി20 ലീഗുകളെ ഒരുമിപ്പിക്കുകയായിരുന്നു ലക്ഷ്യം. 2008ൽ ആരംഭം കുറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വലിയ സ്വീകാര്യതയും ടൂർണമെന്റിന്റെ ആരംഭത്തിന് വേഗംകൂട്ടി. 2008ൽ മുംബൈ ഭീരകാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രഥമ എഡിഷൻ നടത്താനായില്ല. എന്നാൽ തൊട്ടടുത്ത വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയെ വീഴ്ത്തി ഓസീസ് ടീം ന്യൂ സൗത്ത് വെയിൽസ് പ്രഥമ ചാമ്പ്യൻമാരായി. ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടും ഐപിഎല്ലിന് പിന്നാലെയെത്തിയ ചാമ്പ്യൻസ് ലീഗിന് കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. പരസ്യവരുമാനത്തിലും പ്രതീക്ഷിച്ചപോലെ ടൂർണമെന്റ് നേട്ടമുണ്ടാക്കിയില്ല.


 ഡെക്കാൻ ചാർജേഴ്സ്, ഡൽഹി ഡയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് ഇന്ത്യയിൽ നിന്ന് ആദ്യ വർഷ ടൂർണമെന്റിൽ കളിച്ചത്. എന്നാൽ 2010ൽ ചെന്നൈ സൂപ്പർ കിങ്സ് ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി ഐപിഎൽ ടീമുകളുടെ ശക്തിയറിയിച്ചു. തൊട്ടടുത്ത വർഷം രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി മുംബൈഇന്ത്യൻസും ചാമ്പ്യൻമാരായി. പിന്നീടങ്ങോട്ട് സിഡ്നി സിക്സസ്, മുംബൈ, ചെന്നൈ ടീമുകളാണ് കപ്പുയർത്തിയത്. ഐപിഎൽ ടീമുകൾ ചാമ്പ്യൻഷിപ്പിൽ ആധിപത്യമുയർത്തിയെങ്കിലും, ഓരോ വർഷം പിന്നിടുമ്പോഴും ചാംപ്യൻസ് ലീഗിന്റെ സ്വീകാര്യതയിൽ ഇടിവുവന്നതോടെ ഐസിസി ടൂർണമെന്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവസാനം നടന്ന ചാമ്പ്യൻഷിപ്പിൽ ചെന്നൈക്കും കൊൽക്കത്തക്കും പുറമെ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബുമടക്കം നാല് ഇന്ത്യൻ ഫ്രാഞ്ചൈസികളാണ് പങ്കെടുത്തത്. എന്നിട്ടും ഐപിഎല്ലിന്റെ ഏഴയലത്ത് എത്താൻ ചാമ്പ്യൻസ് ട്രോഫിക്കായില്ല.



  എന്നാൽ ഒരുപതിറ്റാണ്ടിനിപ്പുറം സാഹചര്യങ്ങൾ മാറിയെന്നാണ് ഐസിസിയുടെ കണക്കുകൂട്ടൽ. ട്വന്റി 20 ക്രിക്കറ്റിന് ലഭിച്ച ആഗോള സ്വീകാര്യത ചാമ്പ്യൻസ് ലീഗിലും റിഫ്ളക്ട് ചെയ്യുമെന്ന് കരുതുന്നു. സൗദി അറേബ്യയടക്കം വമ്പൻ പദ്ധതിയുമായി ഐസിസിയെ സമീപിച്ചതായും വാർത്തകളുണ്ട്. ക്രിക്കറ്റിൽ അടിമുടി മാറ്റത്തിനാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തയാറെടുക്കുന്നത്. ചാമ്പ്യൻസ് ലീഗിനെ മടക്കികൊണ്ടുവരുന്നതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനാടക്കം ആലോചനയിലുണ്ട്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ പഠനം നടത്താൻ ഐസിസിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായ സഞ്ജോഗ് ഗുപ്ത ഉൾപ്പെടുന്ന വർക്കിങ് ഗ്രൂപ്പിനും രൂപം നൽകിയിട്ടുമുണ്ട്. ക്രിക്കറ്റ് കലണ്ടറിലടക്കം കാലോചിത മാറ്റമാണ് ഐസിസി ലക്ഷ്യമിടുന്നത്.

നേരത്തെ ബൗണ്ടറി ക്യാച്ച് റൂളിൽ മാറ്റംവരുത്തിയും ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് റൂൾ ആവിഷ്‌കരിച്ചും പരിഷ്‌കരണങ്ങൾക്ക് തുടക്കമിട്ടിരുന്നു.  ഐപിഎല്ലിലേതിന് സമാനമായ ജനപ്രീതി ആർജ്ജിക്കാൻ ചാമ്പ്യൻസ് ലീഗിന് സാധിക്കുമോ...ഐസിസിയുടെ പുതിയ പ്രഖ്യാപനങ്ങളുടെ ഭാവി എന്താകും. ക്രിക്കറ്റിനെ വളർത്തുമോ അതോ തളർത്തുമോ.. കാത്തിരുന്ന് കാണാം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News