ചേതേശ്വർ പുജാര; പടിയിറങ്ങിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുന്തൂൺ
2017-ലെ ടെസ്റ്റ് പരമ്പരയിൽ ഓസീസിനെതിരെ ഡബിൾ സെഞ്ച്വറി നേടിയ താരം മാച്ചിൽ ആകെ 525 പന്തുകളാണ് നേരിട്ടത്.
ചിലർ അങ്ങനെയാണ്... കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ. ഇന്ത്യൻ ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ചേതേശ്വർ പുജാര അങ്ങനെയൊരു താരമാണ്. കൂറ്റനടികൾക്കു പേരുകേട്ട ഐപിഎല്ലിൽ അയാൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. പലപ്പോഴും അൺസോൾഡായ താരത്തിന് ഐപിഎല്ലിലെ മികച്ച ഇന്നിംഗ്‌സുകൾ പേക്കിനാവുകൾ മാത്രമായി അവശേഷിച്ചു. വിമർശന ശരങ്ങളെത്രയോ തവണ അയാളിൽ വന്നു തറച്ചു. എല്ലാ പഴികളെയും ആ ചിരിയിൽ മായ്ക്കാനായില്ല. എങ്കിലും അയാൾക്ക് ഇന്ത്യയുടെ വെള്ളക്കുപ്പായത്തിൽ തന്റെ പ്രതിഭയെ തുന്നിച്ചേർക്കാനുള്ള ഭാഗ്യം കാലം കരുതിവെച്ചിരുന്നു. അതയാൾ പ്രയോജനപ്പെടുത്തുക തന്നെ ചെയ്തു.
രാഹുൽ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ കുന്തമുന ആരെന്ന ചോദ്യം എല്ലാവരുടെയും മുന്നിലുണ്ടായിരുന്നു. ആ നിസ്സംഗതയിലാണ് ചേതേശ്വർ പുജാരയെന്ന ഗുജറാത്തുകാരൻ ചുവന്ന പന്തൊഴുകുന്ന പിച്ചുകളിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതുപ്രതീക്ഷയായി ഉദിക്കുന്നത്. അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയാണ് പുജാര സെലക്ടർമാരുടെ കണ്ണുതുറപ്പിച്ചത്. 2005-ൽ സൗരാഷ്ട്രയിലൂടെ അഭ്യന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച താരം ടീമിനായി പാഡേന്തിയത് രണ്ട് പതിറ്റാണ്ട് കാലമാണ്.
2010 ഒക്ടോബർ 9-ന് ഓസ്ട്രേലിയക്കെതിരെയായിരുന്നു അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ തുടക്കം കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയിൽ പരമ്പര നേടുമ്പോൾ ശ്രദ്ധേയ പ്രകടനവുമായി ടീമിനെ തോളിലേറ്റിയത് ചേതേശ്വർ പുജാരയായിരുന്നു. ക്രിക്കറ്റ് ഒരു മതമായി കാണുന്ന ഇന്ത്യക്കാർ 1948 ലെ ആദ്യ പരമ്പര മുതൽ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു, കങ്കാരുക്കൾക്കെതിരായ ഒരു പരമ്പര വിജയം. കാത്തിരിപ്പിന്റെ ഏഴുപതിറ്റാണ്ടുകൾ കടന്നുപോയപ്പോഴേക്കും ആ വിജയസ്വപ്നം പാടെ നിറംമങ്ങിയിരുന്നു. വിരാട് കോഹ്്ലിയുടെ നായകത്വത്തിൽ ആസ്ട്രേലിയയിലേക്ക് വണ്ടികയറുമ്പോൾ ഇന്ത്യൻനിരയിൽ സച്ചിൻ തെണ്ടുൽക്കറോ രാഹുൽ ദ്രാവിഡോ വിവിഎസ് ലക്ഷ്മണോ സൗരവ് ഗാംഗുലിയോ ഉണ്ടായിരുന്നില്ല
എല്ലാം അവസാനിച്ചെന്നു കരുതിയ പല മത്സരങ്ങളിലും ആടിയുലഞ്ഞ കിനാവഞ്ചിയെ അതിജീനക്കരുത്തുറ്റ പങ്കായമേന്തി വിജയതീരത്തേക്ക് ആഞ്ഞുതുഴഞ്ഞവരിൽ ആരും തന്നെയില്ല. 2001-ലെ ഇന്ത്യൻ പര്യടനത്തിൽ ഈഡൻ ഗാർഡനിൽ 281 റൺസ് നേടി, തങ്ങൾ വിജയിച്ചെന്നു കരുതിയ മത്സരത്തെ പിടിച്ചുവാങ്ങിയ വിവിഎസ് ലക്ഷ്മണെയൊന്നും ഇനി ഭയക്കേണ്ടെന്ന ആശ്വാസം ഓസീസിനുണ്ടായിരുന്നു. എന്നാൽ, ക്യാപ്റ്റൻ ടിം പെയ്നിന്റെയും പേസ് കൊടുങ്കാറ്റുകളായ മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസൽവുഡിന്റെയും പാറ്റ് കമ്മിൻസിന്റെയുമെല്ലാം മോഹങ്ങൾ തല്ലിക്കെടുത്താൻ ആ രാജ്കോട്ടുകാരൻ കച്ചകെട്ടിയിറങ്ങുകയായിരുന്നു.
കുത്തിത്തിരിയുന്ന പന്തുകളുമായി അതിനകം ഓസീസിന്റെ സ്പിൻ കരുത്തായി മാറിയ നഥാൻ ലിയോണിനും അയാൾക്കു മുമ്പിൽ വിയർക്കേണ്ടിവന്നു. ഓസീസ്നിരയുടെ കരുത്ത് മുന്നിൽകണ്ട ഇന്ത്യൻ ആരാധകർക്ക് പരമ്പരയിൽ ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ അഡ്ലൈഡിൽ നടന്ന ആദ്യ മത്സരത്തിൽ മൈറ്റി ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യൻ യുവനിര അവരുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെ തിരിനാളങ്ങൾ കൊളുത്തി. 31 റൺസിനായിരുന്നു ആ വിജയമധുരം. ആദ്യ ഇന്നിങ്‌സിൽ 123 റൺസും രണ്ടാം ഇന്നിങ്‌സിൽ 71 റൺസും സ്വന്തമാക്കിയ പുജാരയാണ് കളിയിലെ താരമായത്.
കോഹ്‌ലിയും രോഹിത് ശർമയും അജിങ്ക്യ രഹാനെയും മുരളി വിജയിയും ലോകേഷ് രാഹുലുമെല്ലാം ഫോം കണ്ടെത്താൻ വിഷമിച്ചപ്പോഴാണ് പുജാര രക്ഷകന്റെ കുപ്പായമണിഞ്ഞത്. ആദ്യ ടെസ്റ്റിൽ 19 ന് 3 വിക്കറ്റുകൾ നഷ്ടപ്പെട്ട് പതനക്കയം മുന്നിൽ കാണ്ടിരിക്കവേയാണ് പുജാര ഉയിർത്തെഴുന്നേൽക്കുന്നത്. ആസ്‌ട്രേലിയയിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് ആ കളിയിലൂടെ താരം കുറിച്ചത്. വീണുകിട്ടുന്ന നല്ല പന്തുകളിൽ ബൗണ്ടറി കണ്ടെത്തിയും മോശം പന്തുകൾ മനോഹരമായി പ്രതിരോധിച്ചും പുജാര തനത് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യരൂപമായപ്പോൾ ഇന്ത്യൻ ആരാധകർക്ക് അഡ്ലൈഡ് തന്നെ അപ്രതീക്ഷിതമായ വിരുന്നൊരുക്കി. പെർത്തിലെ രണ്ടാം ടെസ്റ്റിൽ നഥാൻ ലയോണിലൂടെ ജയം പിടിച്ച ഓസീസ് പരമ്പര ഒപ്പമെത്തിച്ചു. മെൽബണിലെ മൂന്നാംടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 106 റൺസടിച്ച് സെഞ്ച്വറി നേടിയ പുജാര രണ്ടാം ഇന്നിങ്‌സിൽ ഡക്കായി അപൂർവമായ റെക്കോർഡിന് ഉടമയായി. എന്നാൽ, സിഡ്നിയിൽ പുജാര തന്റെ വിശ്വരൂപം പുറത്തെടുത്തു. 373 പന്തുകളിൽ 22 ബൗണ്ടറികളിലൂടെ 193 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയപ്പോൾ പരമ്പരയുടെ താരമായത് അയാൾ തന്നെയായിരുന്നു.
2017-ലെ ടെസ്റ്റ് പരമ്പരയിൽ ഓസീസിനെതിരെ ഡബിൾ സെഞ്ച്വറി നേടിയ താരം ആ കളിയിൽ ആകെ 525 പന്തുകളാണ് നേരിട്ടത്. ആ പ്രകടനത്തിലൂടെ പുജാര മറികടന്നത് സാക്ഷാൽ രാഹുൽ ദ്രാവിഡിനെയായിരുന്നു. 2004-ലെ പാകിസ്താനെതിരായ പരമ്പരയിൽ 270 റൺസ് അടിച്ചെടുത്ത ദ്രാവിഡ് റാവൽപിണ്ടിയിൽ ആകെ നേരിട്ടത് 495 പന്തുകൾ. അങ്ങനെ ഒരു ഇന്ത്യക്കാരൻ ടെസ്റ്റ് ക്രിക്കറ്റിലെ ഒരിന്നിങ്‌സിൽ ഏറ്റവുമധികം പന്തുകൾ നേരിട്ട റെക്കോർഡ് പുജാര സ്വന്തം പേരിലേക്ക് മാറ്റിയെഴുതി. 2017-ലെ പ്രകടനത്തോടെ ഈ അഞ്ചടി പത്തിഞ്ചുകാരൻ ടെസ്റ്റ് കരിയറിലെ തന്റെ ഏറ്റവും മികച്ച റാങ്കിങായ രണ്ടാംസ്ഥാനത്തേക്കെത്തി. ഇന്ത്യക്കു വേണ്ടി 103 ടെസ്റ്റുകൾ കളിച്ച താരമാണ് പാരമ്പര്യ ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോവുന്നത്. അയാളെ ആഘോഷിക്കാൻ പക്ഷേ കൂറ്റൻ ബാനറുകൾ അധികമൊന്നും ഉയർന്നില്ല. നെടുനീളൻ കുറിപ്പുകളിലോ മീഡിയയുടെ ഹൈപ്പുകളിലോ അയാൾക്ക് മുഖം കാണിക്കാനായില്ല. അധികമൊന്നും ആഘോഷിക്കപ്പെടാതെ പോയ അദ്ദേഹം ചരിത്രത്തിന്റെ രജതലിപിയിലൂടെ ഓർക്കപ്പെടുമെന്നു തീർച്ച. അർഹരായവരെ അടയാളപ്പെടുത്താതെ, പ്രകാശനം ചെയ്യാതെ കാലം കടന്നുപോകില്ലെന്നുറപ്പാണ്.
Streets won't forget this - Cheteshwar Pujara 🙌 pic.twitter.com/mfTnonmt14
— Aakashi (@Aakashi_123) August 24, 2025
പുജാരക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സച്ചിൻ എക്‌സിൽ കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു. ''പുജാര, നിങ്ങൾ മൂന്നാംനമ്പറിൽ കളിക്കാനിറങ്ങുമ്പോഴെല്ലാം വലിയ ആശ്വാസമായിരുന്നു. കളിച്ചപ്പോഴെല്ലാം നിങ്ങൾ ശാന്തതയും ധൈര്യവും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ആഴമേറിയ സ്‌നേഹവും കാണിച്ചു. നിങ്ങളുടെ സമചിത്തതയും സമ്മർദഘട്ടങ്ങളിലെ ടെക്‌നിക്കും ഇന്ത്യൻ ടീമിന് നെടുംതൂണായിരുന്നു''. 2018 ലെ ബോർഡർ- ഗവാസ്‌കർ ട്രോഫി സച്ചിൻ ഓർത്തെടുക്കുകയാണ്.
''പല നേട്ടങ്ങളിൽനിന്നും 2018-ലെ ഓസ്‌ട്രേലിയൻ പരമ്പര വിജയം വേറിട്ടുനിൽക്കുന്നു. നിങ്ങളുടെ അസാമാന്യ ധൈര്യവും മാച്ച് വിന്നിങ് പ്രകടനങ്ങളും ഇല്ലായിരുന്നുവെങ്കിൽ അതു സാധ്യമാകുമായിരുന്നില്ല. മികച്ച കരിയറിന് അഭിനന്ദനങ്ങൾ. അടുത്ത അധ്യായത്തിന് എല്ലാവിധ ആശംസകളും. നിങ്ങൾ നിങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കൂ...'' എന്നെഴുതിയാണ് സച്ചിൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അച്ചടക്കത്തോടെയും മാന്യതയോടെയും ക്രീസിൽ നങ്കൂരമിട്ട പുജാരയിലൂടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ മറ്റൊരു വസന്തകാലം മനോഹരമായ ഓർമയാവുന്നു. ടോപ് ഓർഡറിലെ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാനാണ് തന്റെ 37ാം വയസ്സിൽ കളമൊഴിയുന്നത്. നന്ദി ചേത്വേശ്വർ, ചേതോഹരമായ കളിമികവുകൊണ്ട് ഒന്നരപ്പതിറ്റാണ്ടു കാലം ഞങ്ങൾക്ക് ആനന്ദ നിമിഷങ്ങൾ സമ്മാനിച്ചതിന്.