നാല് ദിവസം മുൻപ് മൈതാനത്തുനിന്ന് സ്‌ട്രെച്ചറിൽ മടക്കം; ഇന്ന് നാല് വിക്കറ്റെടുത്ത് ചെന്നൈ ഹീറോയായി മുസ്തഫിസുർ

ഐപിഎലിൽ തന്റെ മികച്ച ബൗളിങ് പ്രകടനവും ഈ മത്സരത്തിൽ നേടിയെടുത്തു.

Update: 2024-03-22 17:42 GMT
Editor : Sharafudheen TK | By : Sports Desk

ചെന്നൈ: നാല് ദിവസം മുൻപ് ശ്രീലങ്കക്കെതിരായ മത്സരം. ബൗൾ ചെയ്യുന്നതിനിടെ പേശിവലിവ് അനുഭവപ്പെട്ട ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാൻ കളംവിട്ടത് വേദന സഹിക്കാനാവാതെ സ്‌ട്രെച്ചറിൽ. എന്നാൽ ദിവസങ്ങൾക്കിപ്പുറം ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയുടെ ബൗളിങ് ഹീറോയായാണ് ബംഗ്ലാ യുവതാരം കംബാക് നടത്തിയത്. ഐപിഎലിൽ തന്റെ മികച്ച ബൗളിങ് പ്രകടനവും ഈ മത്സരത്തിൽ നേടിയെടുത്തു.

Advertising
Advertising

സിഎസ്‌കെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ കണ്ടത് തീർത്തും വ്യത്യസ്തനായ പേസ്ബൗളറെയായിരുന്നു. സ്ലോബോളുകളും ലെഗ് കട്ടറുകളുമായി എതിരാളികളെ വെള്ളംകുടിപ്പിച്ച യുവതാരം തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുമായി ആർസിബിക്ക് കനത്ത പ്രഹരമേൽപ്പിച്ചു. മികച്ച ഫോമിൽ ബാറ്റ് വീശിയ ഫാഫ് ഡു പ്ലെസിസിനെ സ്ലോബൗൾ ട്രാപ്പിൽവീഴ്ത്തി. അതേ ഓവറിൽ രജത് പടിദാറിനെയും കൂടാരം കയറ്റി. തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീനിനേയും സൂപ്പർതാരം വിരാട് കോഹ്‌ലിയേയും മടക്കിയതോടെ മത്സരം ചെന്നൈയ്ക്ക് അനുകൂലമായി. നാല് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതോടെ 78-5 എന്ന നിലയിലേക്ക് ആർസിബി വീണു.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന 28 കാരൻ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. എന്നാൽ സിഎസ്‌കെ നിരയിൽ ആദ്യ മത്സരത്തിൽതന്നെ വരവറിയിച്ചത് ഗെയിക്‌വാദിനും സംഘത്തിനും തുടർ മത്സരങ്ങളിലും പ്രതീക്ഷ നൽകുന്നതായി. അതേസമയം, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരൂവിന്റെ 173 റൺസ് വിജയലക്ഷ്യം നേരിടാൻ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് ഓവറിൽ 77-2 എന്നനിലയിലാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്,രചിൻ രവീന്ദ്ര എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News