'നല്ല താരങ്ങൾ പിഴവിൽനിന്ന് പഠിക്കുന്നു, ഈ താരം അങ്ങനെയല്ല'; പന്തിന് പകരം കാർത്തികിനെ ലോകകപ്പ് ടീമിലെടുക്കാൻ ഡെയ്ൽ സ്‌റ്റൈൻ

''ഡി.കെ എല്ലായിപ്പോഴും ക്ലാസ് താരമാണെന്ന് തെളിയിക്കുകയാണ്. നിങ്ങൾക്ക് ലോകകപ്പ് വേണമെങ്കിൽ ഫോമിലുള്ള താരത്തെ തിരഞ്ഞെടുക്കണം''

Update: 2022-06-18 15:22 GMT
Advertising

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലെ ഇന്ത്യൻ നായകൻ റിഷബ് പന്തിനെതിരെ മുൻ പേസ് ബൗളർ ഡെയ്ൽ സ്‌റ്റൈൻ. പരമ്പരയിലെ നാലു മത്സരങ്ങളിൽ നിന്നായി 57 റൺസ് നേടിയ പന്ത് ഒരേ പിഴവുകൾ വീണ്ടും ആവർത്തിക്കുന്നുവെന്നാണ് സ്‌റ്റൈനിന്റെ വിമർശനം. പന്തിന് പകരം മികച്ച ഫോമിലുള്ള ദിനേഷ് കാർത്തികിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''പന്തിന് ഈ പരമ്പരയിൽ നാലു അവസരം കിട്ടി. എന്നാൽ അദ്ദേഹം ഒരേ പിഴവുകൾ വരുത്തുന്നതാണ് കണ്ടത്. നല്ല താരങ്ങൾ പിഴവുകളിൽ നിന്ന് പാഠം പഠിക്കുന്നവരാണെന്ന് നിങ്ങൾക്ക് കാണാം. എന്നാൽ അദ്ദേഹം അങ്ങനെയല്ല. ഡി.കെ എല്ലായിപ്പോഴും ക്ലാസ് താരമാണെന്ന് തെളിയിക്കുകയാണ്. നിങ്ങൾക്ക് ലോകകപ്പ് വേണമെങ്കിൽ ഫോമിലുള്ള താരത്തെ തിരഞ്ഞെടുക്കണം. പ്രശസ്തിയുടെ അടിസ്ഥാനത്തിൽ ടീമിലെത്തുന്നവരുണ്ട്. ഡി.കെ അപാര ഫോമിലാണ്. ഇതേ ഫോം തുടരുകയാണെങ്കിൽ അദ്ദേഹം ഈ വർഷത്തെ ലോകകപ്പ് ടീമിലുണ്ടാകും'' ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ടി20 ടൈം ഔട്ടിൽ സ്‌റ്റൈൻ പറഞ്ഞു.

ഡികെ പ്രതിഭാസ തുല്യമായ മികവാണ് പ്രകടിപ്പിക്കുന്നതെന്നും അത് അനുദിനം വർധിച്ചു വരികയാണെന്നും മുൻ പ്രോട്ടിസ് പേസ് ബൗളർ അഭിപ്രായപ്പെട്ടു. അദ്ദേഹം മത്സരത്തെ നന്നായി വായിച്ചെടുക്കുന്നുണ്ടെന്നും ബൗളർമാർ എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാമെന്നും സ്‌റ്റൈൻ ചൂണ്ടിക്കാട്ടി.


2006ൽ ടി20യിലെ ആദ്യ മത്സരം കളിച്ച ദിനേഷ് കാർത്തിക് ഇപ്പോഴും മത്സരത്തിന് യോജിച്ച പ്രകടനമാണ് നടത്തുന്നത്. 16 വർഷത്തിന് ശേഷം അദ്ദേഹം ആദ്യ ടി20 അർധശതകം നേടിയിരിക്കുകയാണ്. കാർത്തികടക്കമുള്ളവരുടെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യ സമനില പിടിച്ചിരുന്നു. ഇരുടീമുകൾക്കും രണ്ടു വീതം വിജയങ്ങളാണുള്ളത്. ഞായറാഴ്ച ബംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം പരമ്പരയിലെ വിജയികളെ തീരുമാനിക്കും. പരമ്പരയിൽ പന്തിന്റെ പല തീരുമാനങ്ങളും ഏറെ വിമർശിക്കപ്പെട്ടിരുന്നു.

Dale Steyn wants Dinesh Karthik to replace Rishabh in world cup team

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News