ഡാരിൽ മിച്ചലിന് സെഞ്ച്വറി;രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം
രണ്ടാം മത്സരത്തിലെ ന്യൂസിലൻഡിന്റെ വിജയത്തോടെ പരമ്പര സമനിലയിലായി
രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 285 റൺസ് എന്ന വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കെ ന്യൂസിലൻഡ് മറികടന്നു ഡാരിൽ മിച്ചലിന്റെ പ്രകടനമാണ് ന്യൂസിലൻഡിന് വിജയം സമ്മാനിച്ചത്. 117 പന്തിൽ 131 റൺസാണ് താരം നേടിയത്. ടോസ് വിജയിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കെഎൽ രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. പുറത്താകാതെ നിന്ന് 93 ബോളിൽ 112 റൺസാണ് താരം അടിച്ചുകൂട്ടിയത്. ന്യൂസിലൻഡിനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. പേസർ കൈലി ജേംസ് എറിഞ്ഞ ആദ്യ അഞ്ച് ഓവറിൽ തന്നെ മൂന്ന് മെയ്ഡൻ ഓവറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് താളം കണ്ടെത്തിയ ശുഭ്മൻ ഗിൽ അർധസെഞ്ച്വറി നേടി. 53 പന്തിൽ 56 റൺസാണ് താരം നേടിയത്. എന്നാൽ രോഹിത് ശർമ 12-ാം ഓവറിൽ പുറത്തായതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞു. 38 പന്തിൽ 24 റൺസാണ് താരം അടിച്ചെടുത്തത്. പിന്നാലെ ശുഭ്മൻ ഗില്ലും പുറത്തേക്ക് ലെഗ് സൈഡിലേക്ക് പുൾ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ ഡാരി മിച്ചൽ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്ലിക്കും ശ്രേയസ് അയ്യർക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവരെയും പുറത്താക്കിയത് ക്രിസ് ക്ലാർക്കാണ്.
പരുങ്ങലിലായ ഇന്ത്യയെ കരകയറ്റിയത് കെഎൽ രാഹുലിന്റെ സെഞ്ച്വറിയാണ്. രവീന്ദ്ര ജഡേജ 44 പന്തിൽ 27, ഹർഷിത് റാണ നാല് പന്തിൽ രണ്ട് റൺസ് എന്നിങ്ങനെ നേടി. മുഹമ്മദ് സിറാജ് രണ്ട് റൺസ് നേടി പുറത്താവാതെ നിന്നു. ന്യൂസിലാൻഡനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ ഡെവോൺ കോൺവെയെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഹെന്റി നിക്കോളാസ് പുറത്തായതോടെ 50 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ന്യൂസിലാൻഡ് പരുങ്ങി. എന്നാൽ കഴിഞ്ഞ മത്സരത്തിലും ന്യൂസിലൻഡിന്റെ ഹീറോയായ ഡാരി മിച്ചലും വിൽ യങ്ങും പടുത്തുയർത്തിയ കൂട്ടുകെട്ടിൽ ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ഇരുവരും ചേർന്ന് 158 പന്തിൽ 162 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 36-ാം ഓവറിൽ കുൽദീപ് യാദവ് വിൽ യങ്ങിനെ പുറത്താക്കിക്കൊണ്ട് ആ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ ഡാരി മിച്ചലിന്റെ സെഞ്ച്വറിയിൽ ന്യൂസിലൻഡ് വിജയമുറപ്പിച്ചു. ഇന്ത്യക്കായി ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിലെ ന്യൂസിലൻഡിന്റെ വിജയത്തോടെ പരമ്പര സമനിലയിലായി. അതിനാൽ ജനുവരി 18 ന് നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം നിർണായകമാവും.