അയർലൻഡിനോട് തോറ്റു; മുൻ ജേതാക്കളായ വെസ്റ്റിൻഡീസ് ടി20 ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്താറുള്ള ഷിംറോൺ ഹെറ്റ്‌മെയറിനെ വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് ടീമിൽനിന്ന് പുറത്താക്കിയിരുന്നു

Update: 2022-10-21 15:34 GMT
Advertising

ഇരുവട്ടം ടി20 ലോകകപ്പ് കിരീട ജേതാക്കളായ വെസ്റ്റിൻഡീസ് ആസ്‌ത്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. സൂപ്പർ 12 മത്സരത്തിൽ അയർലൻഡിനോട് ഒമ്പത് വിക്കറ്റിന് തോൽവി വഴങ്ങിയതോടെയാണ് 2021ലും 2016 ലോകകിരീടം ചൂടിയ ടീം പുറത്തായത്. ക്രിസ് ഗെയിൽ, ഡെയ്വിൻ ബ്രാവോ, കീരൺ പൊള്ളാർഡ് എന്നിവർ വിരമിച്ച ശേഷം ആൻഡ്രേ റസ്സലിനെ അവഗണിച്ച് തയ്യാറാക്കിയ ടീമാണ് പ്രധാന മത്സരങ്ങളിലേക്ക് കടക്കും മുമ്പേ പുറത്തായത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്താറുള്ള ഷിംറോൺ ഹെറ്റ്‌മെയറിനെ നിശ്ചയിക്കപ്പെട്ട ഫ്ളൈറ്റിന് വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് ടീമിൽനിന്ന് പുറത്താക്കിയിരുന്നു. പകരം ഷമറ ബ്രൂക്സിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

വിൻഡീസിനെ എറിഞ്ഞൊതുക്കിയ അയർലൻഡ് ബൗളർ ഗാരെത് ഡെലാനിയാണ് മത്സരത്തിലെ മികച്ച താരം. നാലു ഓവറിൽ 16 റൺസ് വിട്ടു നൽകി മൂന്നു പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വിൻഡീസ് നേടിയത്. എന്നാൽ 17.3ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയർലൻഡ് ലക്ഷ്യം മറികടന്നു. പുറത്താകാതെ പൊരുതിയ വെറ്ററൻ ഓപ്പണർ പോൾ സ്റ്റിർലിംഗ് (66), ലോർകൻ ടക്കർ(45) എന്നിവരുടെ മികവിലാണ് ടീം വിജയതീരമണഞ്ഞത്. ഓപ്പണറായ ആൻഡ്രൂ ബാൽബ്രിനി 23 പന്തിൽ 37 റൺസ് നേടി പുറത്തായി. ബാൽബ്രിനിയെ അകീൽ ഹൊസൈന്റെ പന്തിൽ മായേർസ് പിടികൂടുകയായിരുന്നു. എന്നാൽ മറ്റൊരു വിക്കറ്റും നേടാൻ വിൻഡീസ് ബൗളർമാർക്കായില്ല.

2009ൽ മാത്രം ഒന്നാം റൗണ്ട് കടന്ന, തുടർച്ചയായ ഏഴാം ലോകകപ്പ് കളിക്കുന്ന അയർലൻഡിന് മുമ്പിൽ വിറച്ചാണ് വിൻഡീസ് ബാറ്റിംഗ് തുടങ്ങിയത്. ആദ്യ 15 പന്തിൽ ഒമ്പത് ഡോട്ട് ബോളുകളാണ് അയർലൻഡ് ബൗളർമാർ എറിഞ്ഞത്. പുറത്താകാതെ 62 റൺസ് നേടിയ ബ്രാൻഡൻ കിംഗാണ് വിൻഡീസിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 24 റൺസ് നേടിയ ജോൺസൺ ചാൾസും 19 ഒഡിയൻ സ്മിത്തുമാണ് മറ്റു ടോപ് സ്‌കോറർമാർ. ഓപ്പണറായ കെയിൽ മായേർസ് കേവലം ഒരു റൺ നേടി പുറത്തായി. ബാരി മക്കാർത്തിയുടെ പന്തിൽ ഹാരി ടെക്ടർ പിടിക്കുകയായിരുന്നു. ചാൾസ് സിമി സിംഗിന്റെ പന്തിൽ കർട്ടിസിന് പിടികൊടുത്തു.

കൂറ്റനടിക്കാരനായ എവിൻ ലെവിസ് 18 പന്തിൽ 13 റൺസാണ് നേടിയത്. പിന്നീട് ഗാരെത് ഡെലാനിയുടെ പന്തിൽ മാർക് അഡൈയ്‌റിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു താരം. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി നിക്കോളാസ് പൂരാനും റോവ്മാൻ പൊവലും ഗാരെത് ഡെലാനിയുടെ പന്തിൽ ടെക്ടറിന് പിടികൊടുത്തു. പൂരാൻ 11 പന്തിൽ 13 റൺസും പൊവൽ എട്ടു പന്തിൽ ആറ് റൺസുമാണ് ടീം സ്‌കോറിലേക്ക് നൽകിയത്.

ടി20 ലോകകപ്പിൽ നിന്ന് വിൻഡീസ് പുറത്തായതോടെ ട്വിറ്ററിൽ രൂക്ഷ പ്രതികരണങ്ങളാണ് ആരാധകർ നടത്തുന്നത്. ഹെറ്റ്‌മെയറിനെ പുറത്താക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. വെള്ളിയാഴ്ച നടക്കുന്ന സിംബാബ്‌വേ അയർലൻഡ് മത്സര ഫലം സൂപ്പർ12ൽ ആർക്ക് ഇടം ലഭിക്കുമെന്ന് വ്യക്തമാക്കും. 2007ൽ ഗ്രൂപ്പ് സ്‌റ്റേജ്, 2009 സെമി ഫൈനൽ, 2010 സൂപ്പർ 8, 2012 ജേതാക്കൾ, 2014 സെമിഫൈനൽ, 2016 ജേതാക്കൾ, 2021 സൂപ്പർ 12, 2022 ആദ്യ റൗണ്ട് എന്നിങ്ങനെയാണ് ടി20 ലോകകപ്പിലെ വിൻഡീസിന്റെ പ്രകടന ചരിത്രം.

Former champions West Indies knocked out of T20 World Cup in first round after losing to Ireland

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News