മിച്ചൽ മാർഷിന് സെഞ്ച്വറി; ഐപിഎല്ലിൽ ഗുജറാത്തിനെതിരെ ലഖ്‌നൗവിന് 33 റൺസ് ജയം

ഐപിഎല്ലിലെ കന്നി സെഞ്ച്വറിയാണ് മാർഷ് സ്വന്തമാക്കിയത്.

Update: 2025-05-22 18:47 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: ഐപിഎല്ലിൽ തുടർ ജയവുമായി കുതിച്ച ഗുജറാത്ത് ടൈറ്റൻസിനെ തടഞ്ഞുനിർത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 33 റൺസിന്റെ ജയമാണ് എൽഎസ്ജി സ്വന്തമാക്കിയത്. ലഖ്‌നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 202 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുൻ മത്സരങ്ങളിൽ വ്യത്യസ്തമായി മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ് ജിടിക്ക് തിരിച്ചടിയായത്. അർധ സെഞ്ച്വറി നേടിയ ഷാറൂഖ് ഖാൻ(29 പന്തിൽ 57) അവസാനം വരെ പോരാടിയെങ്കിലും റൺമല കയറാനായില്ല. ഷെർഫാൻ റുഥർഫോഡ്(22 പന്തിൽ 38), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ(20 പന്തിൽ 35), ജോസ് ബട്‌ലർ(18 പന്തിൽ 33) എന്നിവരും ജിടിക്കായി പൊരുതി. ലഖ്‌നൗവിനായി വില്യം ഒറൂർകെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertising
Advertising

നേരത്തെ ഓസീസ് താരം മിച്ചൽ മാർഷിന്റെ സെഞ്ച്വറിയുടേയും(64 പന്തിൽ 117) നിക്കോളാസ് പുരാന്റെ അർധ സെഞ്ച്വറിയുടേയും(27 പന്തിൽ 56) ബലത്തിലാണ് സന്ദർശകർ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. എയ്ഡൻ മാർക്രം(36), ഋഷഭ് പന്ത്(പുറത്താകാതെ 16) എന്നിവരും മികച്ച പിന്തുണ നൽകി. ഓപ്പണിങിൽ മാർക്രം-മാർഷ് സഖ്യം 9.5 ഓവറിൽ 91 റൺസ് സ്‌കോർബോർഡിൽ ചേർത്തു. മൂന്നാം നമ്പറിൽ ഇറങ്ങിയ നിക്കോളാസ് പുരാനും തകർത്തടിച്ചതോടെ സ്‌കോർ 200 കടന്നു. അവസാന ഓവറിൽ ഋഷഭ് പന്തിന്റെ കാമിയോ റോളും ലഖ്‌നൗ നിരയ്ക്ക് കരുത്തായി. 6 പന്തിൽ രണ്ട് സിക്‌സർ സഹിതമാണ് പന്ത് 16 റൺസെടുത്തത്.

 നേരത്തെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ച ലഖ്‌നൗ ആശ്വാസജയം തേടിയാണിറങ്ങിയത്.  പ്ലേഓഫ് ഉറപ്പാക്കിയ ഗുജറാത്ത് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News