'ആഡംബരങ്ങളൊന്നും ചോദിക്കുന്നില്ല, അടിസ്ഥാന കാര്യങ്ങളാണ് വേണ്ടത്': വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ ഹാർദിക് പാണ്ഡ്യ

വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുന്ന സൗകര്യങ്ങളിലാണ് ഹാർദികിന് അതൃപ്തിയുള്ളത്

Update: 2023-08-02 10:29 GMT
Editor : rishad | By : Web Desk
Advertising

ട്രിനിഡാഡ്: ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും നായകൻ ഹാർദിക് പാണ്ഡ്യ സന്തോഷവാനല്ല. വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുന്ന സൗകര്യങ്ങളിലാണ് ഹാർദികിന് അതൃപ്തിയുള്ളത്. ഇക്കാര്യം താരം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മൂന്നാം ഏകദിനം സമാപിച്ചതിന് പിന്നാലെയായിരുന്നു പാണ്ഡ്യയുടെ തുറന്നുപറച്ചിൽ.

ക്രിക്കറ്റിന്റെ എല്ലാഫോർമാറ്റും കളിക്കാനാണ് ഇന്ത്യൻ ടീം വെസ്റ്റ്ഇൻഡീസിൽ എത്തിയത്. രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം,അഞ്ച് ടി20 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിൻഡീസ് പരമ്പരയിൽ ഉള്ളത്. ഇതിൽ ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കഴിഞ്ഞു. ഇനി ടി20 പരമ്പരയാണ്.

ഇതിനിടെയാണ് പാണ്ഡ്യ, വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുന്ന സൗകര്യങ്ങളിൽ നീരസം പ്രകടമാക്കിയത്. ആഡംബരമൊന്നും ചോദിക്കുന്നില്ലെന്നും യാത്രയിലുള്‍പ്പെടെ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നുമാണ് പാണ്ഡ്യ പറയുന്നത്. അടുത്ത തവണ കരീബിയയിൽ എത്തുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നും പാണ്ഡ്യ വ്യക്തമാക്കി.

'ഞങ്ങൾ കളിച്ചതിൽ മികച്ച ഗ്രൗണ്ടുകളിലൊന്നാണിത്. അടുത്ത തവണ ഇവിടെ എത്തുമ്പോൾ യാത്രയുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ആഡംബരങ്ങളൊന്നും ആവശ്യപ്പെടുന്നില്ല. അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ വേണം': പാണ്ഡ്യ പറഞ്ഞു. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും നായകൻ രോഹിത് ശർമ്മയും പുറത്തിരുന്നപ്പോൾ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചത്.

പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. 352 എന്ന കൂറ്റൻ സ്‌കോറിന് മുന്നിൽ വിൻഡീസ് അടപടലം വീഴുകയായിരുന്നു. നേടാനായത് വെറും 151 റൺസ്. 200 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റൺസ് അടിസ്ഥാനത്തിൽ നോക്കുകയണെങ്കിൽ ഇന്ത്യയുടെ മികച്ച വിജയങ്ങളിലൊന്നാണിത്. ഇന്ത്യയുടെ മുന്നേറ്റ നിരയുടെ പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 350ല്‍ എത്തിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News