'ആമിർ തിരിച്ചുവരുമെന്ന് ഞാനും കേട്ടു, വന്നാൽ പരിഗണിക്കും': പാക് ക്രിക്കറ്റ് ചീഫ് സെലക്ടർ

പാക് ക്രിക്കറ്റ് ബോർഡ് മാറിയ പശ്ചാതലത്തിലാണ് ആമിറിന്റെ തിരിച്ചുവരവും ചർച്ചയാകുന്നത്.

Update: 2023-01-31 12:54 GMT
Editor : rishad | By : Web Desk

മുഹമ്മദ് ആമിര്‍

Advertising

ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിറിന് മുന്നിൽ വാതിൽ തുറന്ന് പാക് ക്രിക്കറ്റ് ബോർഡ്. പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച താരം ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാണ്. പാക് ക്രിക്കറ്റ് ബോർഡ് മാറിയ പശ്ചാതലത്തിലാണ് ആമിറിന്റെ തിരിച്ചുവരവും ചർച്ചയാകുന്നത്. പാകിസ്താൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ഹാറൂണ്‍ റാഷിദ് തന്നെയാണ് ആമിറിനെ പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്.

വിവാദ പ്രസ്താവനകൾ പിൻവലിച്ച് താരങ്ങൾ ക്രിക്കറ്റിൽ ശ്രദ്ധേ കേന്ദ്രീകരിക്കണമെന്നും ഹാറൂൺ റാഷിദ് പറഞ്ഞു. 'ആമിറിന്റെ കേസിൽ എന്താണ് ഇപ്പോഴത്തെ അവസ്ഥ എന്ന് അറിയില്ല, അദ്ദേഹം വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവരുന്നതായി ഞാനും കേട്ടു, അദ്ദേഹം കളിക്കുന്നു എന്നത് തന്നെ നല്ല കാര്യമാണ്. ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കിൽ മറ്റുള്ളവരെപ്പോലെത്തന്നെ അദ്ദേഹത്തെയും പരിഗണിക്കും- ഹാറൂൺ റാഷിദ് വ്യക്തമാക്കി.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പെരുമാറ്റത്തിലും സമീപനത്തിലും പ്രതിഷേധിച്ച് 2020ലാണ് ആമിർ പാകിസ്താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അന്ന് 28 വയസായിരുന്നു ആമിറിന്റെ പ്രായം. തുടർന്ന് വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാകുകയായിരുന്നു. അടുത്തിടെയാണ് പാകിസ്താൻ ക്രിക്കറ്റ്‌ ബോർഡിൽ മാറ്റങ്ങൾ വന്നത്. പാകിസ്താന് വേണ്ടി 36 ടെസ്റ്റ് മത്സരങ്ങളും 61 ഏകദിനങ്ങളും 50 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 259 അന്താരാഷ്ട്ര വിക്കറ്റുകളാണ് ആമിർ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് താരം ഇപ്പോൾ കളിക്കുന്നത്. ആദ്യ ഓവറുകളിൽ ആമിറിന്റെ സ്വിങും പേസും ക്രിക്കറ്റ് പ്രേമികൾക്ക് ഇന്നും ആനന്ദകരമാണ്. അതേസമയം എന്തുംസംഭവിക്കുന്ന ഇടമാണ് പാകിസ്താൻ ക്രിക്കറ്റ്. അടുത്തിടെയാണ് മുൻപാക് താരം വഹാബ് റിയാസിനെ പഞ്ചാബ് പ്രവിശ്യയുടെ താത്കാലിക കായിക മന്ത്രിയായി നിയമിച്ചത്. പാകിസ്താൻ സൂപ്പർലീഗിൽ(പി.എസ്.എല്‍) താരം കളിച്ചുകൊണ്ടിരിക്കെയാണ് മന്ത്രിപ്പണിയും ഏൽപ്പിക്കുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News