'ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കണമെന്ന് തോന്നി'; 2023 ലോകകപ്പ് ഫൈനലിലെ തോൽവിയെ കുറിച്ച് രോഹിത് ശർമ

Update: 2025-12-21 18:15 GMT
Editor : Harikrishnan S | By : Sports Desk

ഡൽഹി: ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം കളി മതിയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായി ഹിറ്റ്മാൻ രോഹിത് ശർമ. ഫൈനൽ വരെ അജയ്യരായി കുതിച്ചതിന് ശേഷം സ്വന്തം കാണികൾക്ക് മുന്നിൽ ആസ്ട്രേലിയയോട് ദയനീയമായ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കണമെന്ന ചിന്തകൾ ഉണ്ടായിരുന്നതായി അന്ന് ടീമിനെ നയിച്ചിരുന്ന രോഹിത് ശർമ വെളിപ്പെടുത്തി.

ഞാൻ 2022ൽ ക്യാപ്റ്റനായത് മുതൽ ലോകകപ്പ് വിജയത്തിനായുള്ള പരിശ്രമത്തിലായിരുന്നു. എന്റെയെല്ലാം ഞാൻ അതിലേക്ക് സമർപ്പിച്ചിരുന്നു. തോൽവിക്ക് ശേഷം എന്റെ ഉള്ളിൽ ബാക്കിയൊന്നും ഇല്ല എന്ന തോന്നലായിരുന്നു എന്നും രോഹിത് പറഞ്ഞു. വളരെ കഷ്ടതകൾ നിറഞ്ഞ നിമിഷമായിരുന്നു പക്ഷെ ജീവിതം ഇവിടെയവസാനിക്കുന്നില്ല എന്ന കാര്യം എനിക്കറിയാമായിരുന്നു എന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ലോകകപ്പിന് ശേഷം വിമർശങ്ങൾ നേരിട്ടിട്ടും തന്റെ ക്യാപ്റ്റൻ സ്ഥാനം രാജി വെക്കാതെ തുടർന്ന രോഹിത് 2024 ടി20 ലോകകപ്പിലും 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കി.

രോഹിത് ഇപ്പോൾ ടി20, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു, ഈ വർഷം ആദ്യം ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കപ്പെട്ടു. എന്നിരുന്നാലും, 2027 ലെ ലോകകപ്പിൽ അവസാന ശ്രമം നടത്തുക എന്ന ലക്ഷ്യത്തോടെ 50 ഓവർ ഫോർമാറ്റിൽ കളിക്കുന്നത് തുടരുന്നു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News