2025ൽ എല്ലാവർക്കും കിട്ടി; ഒരു കിരീടം നേടി ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ജൂൺ 11 മുതൽ ലോഡ്സിൽ തുടക്കം
സോഷ്യൽ മീഡിയ ചുമരുകളിലും സ്പോർട്സ് ആരാധകർക്കും 2025 എന്നത് ഒരു അതിശയ വർഷമാണ്. ഫുട്ബോളിൽ ദീർഘനാളത്തെ കാത്തിരിപ്പിനൊടുക്കം പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി. ന്യൂകാസിലും ടോട്ടനവും ക്രിസ്റ്റൽ പാലസും ബൊലോണയുമെല്ലാം തലമുറകളുടെ കാത്തിരിപ്പുകൾ അവസാനിപ്പിച്ചു. ക്രിക്കറ്റിലും അതിന്റെ ആവർത്തനങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. കിരീടമില്ലാത്ത 18 വർഷങ്ങളുടെ ശൂന്യതക്കൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പേരിൽ ഒരു ഐപിഎൽ കിരീടം എഴുതപ്പെട്ടു. ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ ഹൊബാർട്ട് ഹരീകെയ്ൻസും ആദ്യ കിരീടത്തിന്റെ മധുരം നുണഞ്ഞു.
അപ്പോൾ ആ ചോദ്യം വീണ്ടും അവിടെ ബാക്കിയാകുന്നു. 2025ൽ ദക്ഷിണാഫ്രിക്ക കൂടി കിരീടം ചൂടുമോ? 2025 അതിശയ വിജയങ്ങളുടേതാണെങ്കിൽ, ഈ വർഷം കാത്തിരിപ്പുകൾ അവസാനിപ്പിക്കുന്നതാണെങ്കിൽ തീർച്ചയായും അത് സംഭവിക്കേണ്ടതാണ്. ആദ്യമായും അവസാനമായും ഒരു ഐസിസി ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുടെ മഴവിൽ നിറങ്ങൾ പരന്നത് 1998ലാണ്. ഐസിസി നോക്കൗട്ട് ട്രോഫിയിൽ ഹാൻസി ക്രോണ്യയും സംഘവും അന്ന് മുത്തമിട്ടു. കിരീടമെടുക്കാൻ പോന്ന ശക്തമായ സംഘം എല്ലാകാലത്തും അവർക്കുണ്ടായിരുന്നു. പക്ഷേ ഡക്ക് വർത്ത് ലൂയിസ് നിയമവും പടിക്കൽ കലമുടക്കലുകളും എല്ലാം ചേർന്നപ്പോൾ ദക്ഷിണാഫ്രിക്കയെന്നാൽ നിർഭാഗ്യങ്ങളുടെ പര്യായമായി മാറി.
പോയ വർഷം ട്വന്റി 20 ലോകകപ്പിൽ അവർ ഫൈനലിൽ കളിച്ചു. 1998ന് ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ ഐസിസി ഫൈനലായിരുന്നു അത്. കുപ്രസിദ്ധമായ രീതിയിൽ കൈയ്യിലിരുന്ന ഒരു മത്സരം ഇന്ത്യക്ക് മുന്നിൽ അടിയറവ് വെക്കുകയും ചെയ്തു. ഒരുവർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂണിൽ അവരൊരു ഐസിസി ഫൈനലിൽ കൂടി കളിക്കാനിറങ്ങുന്നു. കാലിസും പൊള്ളോക്കും സ്മിത്തും അംലയും എബിഡിയും ഒക്കെ ചേരുന്ന മുൻകാലത്തെ ദക്ഷിണാഫ്രിക്കൻ നിരയെ നോക്കുമ്പോൾ ഈ പ്രോട്ടിയാസ് സംഘം ഒന്നുമല്ലായിരിക്കാം. പക്ഷേ ഐസിസി ടൂർണമെന്റ് റെക്കോർഡുകളുടെ കാര്യത്തിൽ ഈ ടീം അവരേക്കാൾ കാതങ്ങൾ മുന്നിലാണ്. 2023 ഏകദിന ലോകകപ്പിൽ മികച്ച രീതിയിൽ മുന്നേറിയ ദക്ഷിണാഫ്രിക്ക സെമിയിൽ ഇഞ്ചോടിഞ്ച് പോരിലാണ് വീണത്. തൊട്ടുപിന്നാലെ നടന്ന ട്വന്റി 20 ലോകകപ്പിൽ ആദ്യമായൊരു ഫൈനലും കളിച്ചു. അതിന് തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ കലാശപ്പോരിൽ ക്രിക്കറ്റിലെ ഐക്കോണിക് വേദിയായ ലോർഡ്സിൽ അന്തിമ പോരിന് ഇറങ്ങുമ്പോൾ അവരുടെ എതിരാളികൾ ആസ്ട്രേലിയയാണ്. ഗ്രൗണ്ടും പിച്ചും സാഹചര്യങ്ങളും എതിർടീമും ഏതും ആയിക്കൊള്ളട്ടെ. ഫൈനലിൽ ആസ്ട്രേലിയയുണ്ടെങ്കിൽ അവർ തന്നെയാകും ഫേവറൈറ്റുകൾ. കാരണം നിർണായക മത്സരങ്ങൾ വിജയിക്കാനും കിരീടങ്ങൾ നെഞ്ചോട് ചേർക്കാനുമുള്ള ഓസീസ് മെന്റാലിറ്റി പലകുറി ലോകം കണ്ടതാണ്. പക്ഷേ ദക്ഷിണാഫ്രിക്ക് ഇക്കുറി ജയിച്ചേ പറ്റൂ.
പൊതുവേ ദക്ഷിണാഫ്രിക്ക എന്ന് പറയുമ്പോൾ നിർഭാഗ്യങ്ങളുടെയും കണ്ണീർകഥകളുടെയും നനവ് അതിന് ഉണ്ടാകാറുണ്ട്. പക്ഷേ ഇക്കുറി ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശനത്തിൽ അവർക്ക് ഭാഗ്യത്തിന്റെ കൂടി അകമ്പടിയുണ്ട്. കാരണം ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ അവർ വെറും 11 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇംഗ്ലണ്ട് 22ഉം ഇന്ത്യയും ഓസീസും 18 എണ്ണം വീതവും കളിച്ചു. കൂടാതെ ഈ സൈക്കിളിൽ അവർ എവേ മത്സരങ്ങൾ കളിച്ചത് വിൻഡീസ്, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നിവർക്കെതിരെയായായിരുന്നു. എസ്.എ ട്വന്റി 20 ലീഗ് നടക്കുന്നതിനാൽ ന്യൂസിലാൻഡിലേക്ക് രണ്ടാം നിര ടീമിനെ അയച്ച അവർ ആദ്യമായി കിവികളോടൊരു പരമ്പര തോറ്റു. പിന്നീടുള്ള എവേ മത്സരങ്ങൾ ബംഗ്ലദേശ്, വിൻഡീസ് എന്നീ താരതമ്യേന ദുർബലരോടായതും അവർക്ക് തുണയായി. അതുകൊണ്ടുതന്നെ ടെസ്റ്റ് ചാമ്പ്യൻഷിന്റെ മത്സര ഷെഡ്യൂൾ പുനർനിർണയിക്കണമെന്ന് കെവിൻ പീറ്റേഴ്സണും ഡാരൻ ലേമാനും അടക്കമുള്ള പല താരങ്ങളും ആവശ്യപ്പെട്ടിരുന്നു. പക്ഷേ ക്രിക്കറ്റ് നിയമങ്ങളും നിർഭാഗ്യങ്ങളും തങ്ങളോട് ഇതുവരെ എന്തൊക്കെയാണ് ചെയ്തിരുന്നത് എന്ന് ദക്ഷിണാഫ്രിക്ക തിരിച്ചുചോദിച്ചാൽ ഈ വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയായി.
എയ്ഡൻ മാർക്രം, റ്യാൻ റിക്കൽട്ടൺ, ടോണി ഡെ സോർസി, ടെംബ ബവുമ, ട്രിസ്റ്റൺ സ്റ്റബ്സ്, കൈൽ വരാനെ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിൽ ദക്ഷിണാഫ്രിക്ക വലിയ പ്രതീക്ഷ വെക്കുന്നു. ഈ ആറംഗ ബാറ്റിങ് സംഘത്തിന് പിന്നാലെ വ്യാൻ മൾഡർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ് എന്നീ ഓൾറൗണ്ടമാർ കൂടി ചേരുമ്പോൾ ബാറ്റിങ് നിരക്ക് ആഴമേറുന്നു. അഥവാ ഒൻപതാമൻ വരെ ബാറ്റേന്തുന്നവരാണ് എന്ന ആനുകൂല്യം അവർക്കുണ്ട്. പേസ് ഡിപ്പാർട്മെന്റിനെ കഗിസോ റബാദയും ലുങ്കി എൻഗിഡിയും നയിക്കും. കൂടെ മാർക്കോ യാൻസൻ, വ്യാൻ മാൾഡർ എന്നിവരും ചേരും. സപിൻ ഡിപ്പാർട്മെന്റിന്റെ ചുമതല കേശവ് മഹാരാജിനാണ്. വേണ്ടി വന്നാൽ എയ്ഡൻ മാർക്രമും സ്പിൻ ബൗളിങ്ങിൽ കൈനോക്കാൻ പോന്നവനാണ്. ഡേവിഡ് ബെഡിങ്ങാം, കോർബിൻ ബോഷ്, മുത്തുസാമി, ഡെയിൻ പീറ്റേഴ്സൺ അടക്കമുള്ളവരും 15 അംഗ സ്ക്വാഡിലുണ്ട്.
പക്ഷേ ദക്ഷിണാഫ്രിക്ക് ഫൈനൽ പോരാട്ടം ഒരിക്കലും എളുപ്പമാകില്ല. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ അനുഭവ സമ്പന്നരായ കളിക്കാരുടെ നീണ്ട നിര തന്നെ ഓസീസിനുണ്ട്. സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാർണസ് ലബുഷെയ്ന, ഉസ്മാൻ ഖാജ എന്നിവരടങ്ങിയ ബാറ്റിങ് ഡിപ്പാർട്മെന്റ് അതിശക്തമാണ്. കൂടെ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽ വുഡ്, മിച്ചൽ സ്റ്റാർക്ക് പേസ് ട്രയോയും ചേരുന്നു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഹെവി ഫേവറിറ്റുകളായിരുന്ന ഇന്ത്യയെ നാട്ടിൽ വെച്ച് തരിപ്പണമാക്കിതിന്റെ കരുത്തും അവർക്കുണ്ട്. മികച്ച പേസ് ബൗളർമാരുള്ള ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ തീപാറുന്ന അഞ്ച് ദിനങ്ങൾ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മത്സരം ടൈയിലോ ഡ്രോയിലോ കലാശിക്കുകയാണെങ്കിൽ ഇരു ടീമുകളും ട്രോഫി പങ്കിടും. പക്ഷേ സമനില സാധ്യത പരമാവധി ഒഴിവാക്കാനായി ഒരു റിസർവ് ദിനം കൂടി ഐസിസി നൽകും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത് ഓസീസ് ആണെങ്കിൽ അതൊരു സാധാരണ ദിവസമായി മാറും. ഓസീസ് നേടിയ എത്രയോ കിരീടങ്ങളിൽ ഒന്ന് മാത്രം. പക്ഷേ മറിച്ചാണെങ്കിൽ അതൊരു പുതിയ ചരിത്രമായിരിക്കും.