കൂച്ച് ബെഹാർ ട്രോഫിയിൽ ഝാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിൻ്റെ ലീഡ്, മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി

രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഝാർഖണ്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിലാണ്

Update: 2025-12-09 15:49 GMT

ഹസാരിബാ​ഗ്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഝാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 333 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഝാർഖണ്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ മാധവ് കൃഷ്ണയുടെ ഇന്നിങ്സാണ് കേരളത്തിന് ലീഡൊരുക്കിയത്.

രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് നൂറ് തികയ്ക്കും മുൻപെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. അമയ് മനോജ് 23ഉം തോമസ് മാത്യു 24ഉം ഹൃഷികേശ് മൂന്നും റൺസെടുത്ത് മടങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി ഫോമിലുള്ള ക്യാപ്റ്റൻ മാനവ് കൃഷ്ണ 27ഉം മൊഹമ്മദ് ഇനാൻ 20ഉം റൺസെടുത്ത് പുറത്തായി. ഏഴ് വിക്കറ്റിന് 150 റൺസെന്ന നിലയിലായിരുന്ന കേരളത്തെ എട്ടാം വിക്കറ്റിൽ ഒത്തു ചേർന്ന മാധവ് കൃഷ്ണയും കെ വി അഭിനവും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 178 റൺസാണ് കൂട്ടിച്ചേർത്തത്. മാധവ് 139 റൺസെടുത്തപ്പോൾ അഭിനവ് 50 റൺസ് നേടി. 13 ബൗണ്ടറികളും ഒൻപത് സിക്സും അടങ്ങുന്നതായിരുന്നു മാധവിൻ്റെ ഇന്നിങ്സ്. ഇരുവരും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 333ൽ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ ദീപാൻശു റാവത്താണ് ഝാർഖണ്ഡ് ബൗളിങ് നിരയിൽ തിളങ്ങിയത്. ഇഷാൻ ഓം മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഝാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 55 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ വത്സൽ തിവാരിയുടെയും കൗശിക്കിൻ്റെയും വിക്കറ്റുകളാണ് ഝാർഖണ്ഡിന് നഷ്ടമായത്. അമയ് മനോജിനും തോമസ് മാത്യുവിനുമാണ് വിക്കറ്റ്. 16 റൺസോടെ അ‍ർജുൻ പ്രിയദ‍ർശിയും അഞ്ച് റൺസോടെ യഷ് റാഥോറുമാണ് ക്രീസിൽ.

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News