ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി; തോറ്റെങ്കിലും തലയുയർത്തി ഇന്ത്യ

ദുഖഭാരത്താൽ ക്രീസിൽ തലകുനിച്ച് നിന്ന സിറാജിന്റെ അതേ വൈകാരിക അവസ്ഥയിലൂടെയാണ് ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് ആരാധകരും കടന്ന് പോയത്.

Update: 2025-07-15 12:27 GMT
Editor : safvan rashid | By : Sports Desk

ശുഐബ് ബഷീറിന്റെ ആ പന്ത് സിറാജ് ആത്മവിശ്വാസത്തോടെ പ്രതിരോധിച്ചതാണ്. പക്ഷേ ആ പന്തിന്റെ വിധി ഏതോ അദൃശ്യ ശക്തിയാൽ മുമ്പേ കുറിച്ചുവെച്ചതായിരുന്നു. കാലിന് അരികിലൂടെ ഉരുണ്ടുരുണ്ട് ആ പന്ത് പോയത് സ്റ്റംപിലേക്ക്. ബെയിൽസ് തെറിപ്പിക്കാനുള്ള വേഗത ആ പന്തിനുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. പക്ഷേ സ്റ്റംപിന് ഏതാനും സെന്റി മീറ്ററുകൾക്ക് അരികെവെച്ച് ആ പന്തിന് വേഗത കൂടുന്നു. സഞ്ചാരപഥത്തിൽ നിന്നും വായുവിലുയർന്ന് ദ്രുതഗതിയിലാണ് ആ പന്ത് സ്റ്റംപ് തെറിപ്പിച്ചത്. ആ രംഗം വിശ്വസിക്കാനാകാതെ ക്രീസിൽ തലകുനിച്ച് നിന്ന സിറാജിന് നേർക്ക് ക്യാമറകൾ നീണ്ടു. ഇംഗ്ലീഷുകാർ അലറിവിളിച്ച് ആഘോഷിക്കുമ്പോൾ ഒറ്റക്ക് കെട്ടിയുയർത്തിയ പ്രതീക്ഷകളുടെ കോട്ട പൊളിഞ്ഞമരുന്നത് ജഡേജ നിരാശയോടെ നോക്കിനിന്നു. സിറാജിനെ ആശ്വസിപ്പിക്കാനെത്തി ഇംഗ്ലീഷ് താരങ്ങൾ മാന്യന്മാരുടെ കളിയെന്ന ക്രിക്കറ്റിന്റെ പേര് കാത്തു.

Advertising
Advertising

ദുഖഭാരത്താൽ ക്രീസിൽ തലകുനിച്ച് നിന്ന സിറാജിന്റെ അതേ വൈകാരിക അവസ്ഥയിലൂടെയാണ് ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് ആരാധകരും കടന്ന് പോയത്. ഇന്ത്യക്ക് തലമുറകളോളം ഓർത്തിരിക്കാവുന്ന ഒരു റൺചേസിങ്ങാകാനുള്ള എല്ലാ ചേരുവകളും ഈ മത്സരത്തിനുണ്ടായിരുന്നു. പക്ഷേ 22 റൺസിന് പരാജയപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കാം. വെറുതെയല്ല, പൊരുതിയാണ് വീണതെന്നതിൽ അഭിമാനിക്കാം.

വാലുകൊണ്ടടിച്ച് ഇന്ത്യ

ഇന്ത്യൻ സ്കോർ 82 റൺസിലെത്തി നിൽക്കേ ഏഴാമനായി വാഷിങ്ടൺ സുന്ദറും മടങ്ങിയതോടെ ഇംഗ്ലണ്ട് മത്സരം ഉറപ്പിച്ചതാണ്. പക്ഷേ ആഘോഷിക്കാനായിട്ടില്ല ബെൻ സ്റ്റോക്സേ എന്ന സൂചനയായിരുന്നു ഇന്ത്യൻ വാലറ്റം നൽകിയത്. എട്ടാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിയെയും കൂട്ടുപിടിച്ച് ജദേജ 30 റൺസ് കൂടിച്ചേർത്തു. ഇരുവരും ക്രീസിലുള്ളപ്പോൾ ഇന്ത്യക്ക് നേർത്ത പ്രതീക്ഷകൾ മുളച്ചുതുടങ്ങി. പക്ഷേ 112 റൺസിൽ വെച്ച് റെഡ്ഡിയും മടങ്ങി. ഏതാനും ഓവറുകൾകൊണ്ട് മത്സരം തീരും എന്ന് കരുതിയ ഇംഗ്ലീഷുകാർക്ക് പിന്നെയും തെറ്റി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും സറൻഡർ ചെയ്യില്ല എന്നുറച്ചാണ് ക്രീസിൽ നിന്നത്. ജഡേജ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തപ്പോൾ മറുവശത്ത് ജസ്പ്രീത് ബുംറ ഉലയാത്ത മനസ്സുമായി ക്രീസിൽ നിന്നു. ബെൻസ്റ്റോക്ക്സ് അയച്ച സ്പിൻ-പേസ് നിരയെ നേരിട്ട് 54 പന്തുകളാണ് ബുംറ ക്രീസിൽ നേരിട്ടത്. ഇന്ത്യയുടെ പോരാട്ട വീര്യം കണ്ട് ഇംഗ്ലീഷുകാർ ഫ്രസ്റ്റേഷന്റെ പരകോടിയിലെത്തി എന്നതാണ് സത്യം.



ഒരോ റൺസിനെയും കൈയ്യടിച്ചാണ് ഇന്ത്യൻ ആരാധകർ സ്വീകരിച്ചത്. ഒരു അത്ഭുതം അവർ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ബുംറയുടെ വിക്കറ്റെടുക്കാൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് തന്നെ എത്തി. തികച്ചും അനാവശ്യമായ ഒരു ഷോട്ടായിരുന്നു ബുംറയുടേത്. പക്ഷേ ഒരു വാലറ്റക്കാരനിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്?

ജഡേജയെന്ന ഒറ്റയാൾ പട്ടാളം

പിക്ചർ അഭീഭീ ബാക്കി ഹേ എന്നായിരുന്നു തുടർന്നെത്തിയ സിറാജ് തെളിയിച്ചത്. സിറാജ് കൂടി ക്രീസിലുറച്ചതോടെ ലോർഡ്സ് അക്ഷരാർത്ഥത്തിൽ ഒരു മുള്ളിൻമേലാണ് ഇരുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് മാത്രം നൽകാൻ സാധിക്കുന്ന അനുപമമായ ഒരു വികാരം അവർ അനുഭവിച്ചു.ഒരു വിക്കറ്റകലെ മാത്രം, ഇംഗ്ലണ്ടിന് ജയം. നാലോ അഞ്ചോ ബൗണ്ടറികൾ പിറന്നാൽ മാത്രം മതി, ഒരു സ്വപ്ന ജയം ഇന്ത്യക്കും നേടാം. ജഡേജ അവിസ്മരണീയമായ പോരാട്ടത്തിനൊടുവിൽ അർധ സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ ബെൻ സ്റ്റോക്സിന്റെ മുഖം ചുവന്നുതുടുത്തിരുന്നു. ഒടുവിൽ വിജയത്തിന് 22 റൺസകലെ അവസാന വിക്കറ്റായി സിറാജും മടങ്ങി. ലോകം തന്നെ വിജയിച്ച മട്ടിലാണ് ഇംഗ്ലണ്ട് ഒന്നടങ്കം അതാഘോഷിച്ചത്. പരാജയപ്പെട്ടാലും ജഡേജ തലയുയർത്തിയാണ് ലോർഡ്സിന്റെ ഡ്രസിങ് റൂമിലേക്ക് നടന്നത്. കോലിയും രോഹിതും അശ്വിനും വിരമിച്ചുപോയി, നിങ്ങൾ മാത്രമെന്തിനാണ് കടിച്ചുതൂങ്ങി നിൽക്കുന്നത് എന്ന ചോദ്യത്തിന് ഏറ്റവും മനോഹരമായിത്തന്നെ അയാൾ മറുപടി പറഞ്ഞു. അയാളൊറ്റക്ക് ഒരു ടീമായി മാറി.


സ്റ്റോക്സിന്റെ പോരാട്ട വീര്യത്തോടൊപ്പം തന്നെ ഇംഗ്ലണ്ട് നിരയിൽ പറയേണ്ട പേര് ജോഫ്ര ആർച്ചറുടേതാണ്. ഏറെക്കാലത്തിന് ശേഷം വെള്ളക്കുപ്പായമിട്ട ആർച്ചർ തന്റെ തീ അണഞ്ഞുപോയിട്ടില്ല എന്ന് തെളിയിച്ചിട്ടുണ്ട്. ഋഷഭ് പന്തിന്റെ സ്റ്റംപ് പറിച്ചെറിഞ്ഞ ആ ഡെലിവറി മറ്റുള്ളവരുടെ തലയെടുക്കാൻ പോന്ന ബൗളർമാർ ഇംഗ്ലീഷ് മണ്ണിൽ ഇനിയുമുണ്ട് എന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു.

ഗിൽ എന്ത് പറയുന്നു?

ഈ ടെസ്റ്റിന്റെ വിധി കുറിച്ച ടേണിങ് പോയന്റ് ഏതായിരുന്നു? ഈ ചോദ്യത്തിന് ക്യാപ്റ്റൽ ഗിൽ മറുപടി പറഞ്ഞത് മൂന്നാം ദിനത്തിലെ പന്തിന്റെ റൺഔട്ടാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 387 റൺസ് പിന്തുടർന്ന ഇന്ത്യ 107ന് മൂന്ന് എന്ന നിലയിലായിരുന്നു. അവിടെ വെച്ച് പന്ത് രാഹുൽ സഖ്യം ഒത്തുചേരുന്നു. അതോടെ ഇന്ത്യൻ സ്കോർ 248ലെത്തി. കെഎൽ രാഹുലിന്റെ സ്കോർ അപ്പോൾ 97. ലഞ്ചിന് മുന്നയുള്ള അവസാന ഓവറായിരുന്നു അത്. ബ്രേക്കിന് മുന്നോടിയായി സെഞ്ച്വറി പൂർത്തിയാക്കണമെന്ന് രാഹുൽ പന്തിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം പന്ത് ടൈറ്റ് സിംഗിളിന് ശ്രമിക്കുകയും സ്റ്റോക്സിന്റെ ഉഗ്രൻ ത്രോയിൽ പുറത്താകുകയും ചെയ്തു. തൊട്ടുപിന്നാലെ സെഞ്ച്വറി പൂർത്തിയാക്കിയ രാഹുലും മടങ്ങി. ആദ്യ ഇന്നിങ്സ് ലീഡിൽ നിന്നും ഇന്ത്യയെ തടഞ്ഞത് ഈ വിക്കറ്റുകൾ കൂടിയായിരുന്നു. കൂടാതെ ജഡേജയും സിറാജും അഞ്ചുഓവറുകൾ കൂടി അതിജീവിക്കുമെന്നും പുതിയ ന്യൂബോളെത്തുമെന്നും ബൗണ്ടറി നേടുന്നത് കുറച്ചുകൂടി എളുപ്പമാകുമെന്നും ഇന്ത്യ കണക്ക് കൂട്ടിയിരുന്നതായും ഗിൽ പ്രതികരിച്ചു.

ഇന്ത്യ കുറച്ച് കൂടി അഗ്രസീവായി കളിക്കണമായിരുന്നു എന്ന് സഞ്ജയ് മഞ്ജരേക്കറെപ്പോലുള്ള ഏതാനും പേർ അഭിപ്രായം പറയുന്നുണ്ട്. ബൗളർമാരെ കൂട്ടുപിടിച്ച് ജഡേജയോ അതല്ലെങ്കിൽ നിതീഷ് കുമാർ റെഡ്ഡിയോ അറ്റാക്ക് ചെയ്യണമായിരുന്നു എന്നാണ് വാദം. ഇതൊരു ഡിബേറ്റബിളായ വാദമാണ്.

എന്തായാലും ലോർഡ്സ് ടെസ്റ്റ് കൊടിയിറങ്ങുന്നത് ഒരു ബോക്സ് ഓഫീസ് എക്സ്പീരിയൻസ് നൽകിയതാണ്. ഗ്രൗണ്ടിന് തീപിടിച്ച മൊമന്റുകളും വാക് പോരുകളും ഇതിനോടകം തന്നെ നാം കണ്ടു. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം ജൂലൈ 23ന് മാഞ്ചസ്റ്റിലെ ഓൾഡ് ട്രാഫോഡിലാണ് അടുത്ത അങ്കം. പോരിന്റെ പുതിയ പോർമുഖത്തിനായി കാത്തിരിക്കാം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News