ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 100 റൺസ് തോൽവി; പരമ്പര നേടാൻ ഞായറാഴ്ച ജയിക്കണം

ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 247 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ പരിശ്രമം 146 റൺസിലൊതുങ്ങി

Update: 2022-07-14 19:24 GMT
Advertising

ലോർഡ്സ്: കഴിഞ്ഞ കളിയിൽ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയ ബൗളർമാർ ധാരാളിത്തം കാണിക്കുകയും മുൻനിര ബാറ്റർമാർ നിറംമങ്ങുകയും ചെയ്ത മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ലോർഡ്സിൽ ഇന്ന് നടന്ന ഏകദിനത്തിൽ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 247 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ പരിശ്രമം 10 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിലൊതുങ്ങി. 24 റൺസ് വിട്ടു നൽകി 6 വിക്കറ്റെടുത്ത റീസി ടോപ്ലേയാണ് ഇന്ത്യയെ തകർത്തത്.




മുൻനിര ബാറ്റർമാർ ചെറിയ അക്കങ്ങളുമായി തിരിച്ചു നടന്നപ്പോൾ മധ്യനിരയാണ് നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്. 31/4 എന്ന നിലയിലായിരുന്ന ടീമിനെ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ ഇന്നിംഗ്‌സാണ് 140 കടത്തിയത്. ഇവർക്ക് മുമ്പ് ഇറങ്ങിയ രോഹിത് (0), ശിഖർ ധവാൻ (9), വിരാട് കോഹ്‌ലി (16), റിഷബ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തി.



കഴിഞ്ഞ കളിയിലെ ഹീറോയായ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ പത്ത് പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും നേടാതെ മടങ്ങി. ടോപ്ലേയുടെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു താരം. വൺഡൗണായെത്തിയ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമൊത്ത് ശിഖർ ധവാൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും റൺസ് പിറന്നില്ല. 26 പന്തിൽ ഒമ്പത് റൺസുമായി ധവാൻ പുറത്തായി. ടോപ്ലേയുടെ പന്തിൽ ബട്‌ലർ പിടിച്ചായിരുന്നു മടക്കം. പിന്നീട് വന്ന റിഷബ് അധികം വൈകാതെ തന്നെ തിരിച്ചുനടന്നു. അഞ്ചു പന്ത് നേരിട്ട താരത്തിന് സ്‌കോർ ബോർഡിൽ ഒരു റണ്ണും കൂട്ടിച്ചേർക്കാനായില്ല. ബ്രൈഡൻ കാർസന്റെ പന്തിലാണ് വിക്കറ്റ് കീപ്പർ പുറത്തായത്. ഫോം കണ്ടെത്താനാകാതെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വിരാട് കോഹ്‌ലി 25 പന്തിൽ 16 റൺസെടുത്ത് പവലിയനിലേക്ക് മടങ്ങി. വില്ലെയുടെ പന്തിൽ ബട്‌ലർ പിടികൂടുകയായിരുന്നു.



പിന്നീടാണ് ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ഒത്തുചേർന്നത്. സൂര്യകുമാറിനെ ബൗൾഡാക്കി ടോപ്ലേയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 29 പന്തിൽ 27 റൺസായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. താരം മടങ്ങുമ്പോൾ 31/4 എന്ന നിലയിൽ നിന്ന് 73/5 എന്നതിലേക്ക് ടീം സ്‌കോർ മാറിയിരുന്നു. പിന്നീട് വന്ന രവീന്ദ്ര ജഡേജ പാണ്ഡ്യക്കൊപ്പം പിടിച്ചു നിന്ന് കളിക്കാൻ തുടങ്ങി. എന്നാൽ മുഈൻ അലിയുടെ പന്തിൽ ലിയാം ലിവിങ്‌സ്റ്റൺ പിടിച്ച് ഹാർദിക് പുറത്തായതോടെ ഇന്ത്യ തോൽവിയുടെ വക്കിലെത്തി. 44 പന്തിൽ 29 റൺസായിരുന്നു ഹാർദിക് നേടിയിരുന്നത്. പിന്നീട് വന്ന ഷമിക്കൊപ്പവും ജഡേജ പോരാട്ടം തുടർന്നു. എന്നാൽ ഷമിയെ ടോപ്ലേ ബെൻ സ്‌റ്റോക്‌സിന്റെ കയ്യിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും വീണു. അധികം വൈകാതെ ജഡേജയെ ലിവിങ്‌സ്റ്റൺ ബൗൾഡാക്കുകയും ചെയ്തു. ഷമി 28 പന്തിൽ 23 ഉം ജഡേജ 44 പന്തിൽ 29 ഉം റൺസാണ് നേടിയിരുന്നത്. പിന്നീട് ചഹലിനെ ബൗൾഡാക്കിയാണ് ടോപ്ലേ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. പ്രസിദ്ധിനെയും ടോപ്ലേ വീഴ്ത്തി. ബട്‌ലർ ക്യാച്ച് ചെയ്യുകയായിരുന്നു.


ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലെ, കാർസെ, മുഈൻ അലി, ലിവിങ്‌സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. യൂസ്വേന്ദ്ര ചഹൽ ഇന്ത്യക്കായി നാലു വിക്കറ്റ് നേടി. 47 റൺസ് വിട്ടുനൽകിയാണ് താരത്തിന്റെ വിക്കറ്റ് വേട്ട. ജസ്പ്രീത് ബുംറയും ഷമിയും പ്രസിദ്ധ് കൃഷ്ണയുമൊക്കെ അമ്പതോളം റൺ വീതം വിട്ടുകൊടുത്തു. കഴിഞ്ഞ കളിയിൽ 19 റൺസ് വിട്ടുനൽകി ആറു വിക്കറ്റ് വീഴ്ത്തിയ ബുംറ ഈ മത്സരത്തിൽ 49 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ 28 റൺസ് നൽകി രണ്ട് വിക്കറ്റ് നേടി. ഷമിയും പ്രസിദ്ധും ഓരോ വിക്കറ്റ് വീതം കൈവശപ്പെടുത്തി.


ഇന്ത്യൻ പന്തേറുകാരെ തല്ലിയും തലോടിയും 246 റൺസാണ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നേടിയിരുന്നത്. 49 ഓവറിൽ ഇംഗ്ലണ്ട് ഓൾ ഔട്ടാവുകയായിരുന്നു. മുഈൻ അലി(47) ഡേവിഡ് വില്ലി(41) ജോണി ബെയർസ്റ്റോ(38) എന്നിവരാണ് ഇംഗ്ലണ്ടിനായി കാര്യമായി സംഭാവന നൽകിയത്.


ഇംഗ്ലണ്ടിന് ആദ്യ ഏകദിനം പോലെയായിരുന്നില്ല ലോർഡ്സിലേത്. ആദ്യ വിക്കറ്റിൽ ജേസൺ റോയിയും ബയർസ്റ്റോയും 41 റൺസ് കണ്ടെത്തി. ജേസൺ റോയിയെ ഹാർദിക് പാണ്ഡ്യയാണ് മടക്കിയത്. പിന്നെ തുടരെ വിക്കറ്റുകൾ. 41ന് ഒന്ന് എന്ന നിലയിൽ നിന്നും 102ന് അഞ്ച് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻസ്റ്റോക്ക് എന്നിവർക്ക് ചഹൽ പുറത്തേക്കുള്ള വഴികാണിച്ചുകൊടുത്തു. നായകൻ ജോസ് ബട്ട്‌ലർക്ക് അഞ്ച് പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. നാല് റൺസെടുത്ത ബട്ലറെ ഷമിയാണ് വിക്കറ്റിന് മുന്നിൽ കുരുക്കിയത്.



എന്നാൽ ലിയാം ലിവിങ്സ്റ്റൺ-അലി സഖ്യവും അലി-വില്ലി സഖ്യവും ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി. ലിവിങ്സ്റ്റൺ പതിവുപോലെ അടിച്ചുകളിച്ചപ്പോൾ ഇംഗ്ലണ്ട് സ്‌കോർ ചലിക്കാൻ തുടങ്ങി. എന്നാൽ ലിവിങ്സ്റ്റൺ 33ൽ നിൽക്കെ പാണ്ഡ്യ വീണ്ടും അവതരിച്ചു. ലിവിങ്സ്റ്റണെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആറാം വിക്കറ്റ് സമ്മാനിച്ചു. മുഈൻ അലി- വില്ലി സഖ്യമാണ് ഇംഗ്ലണ്ട് സ്‌കോർ 200 കടത്തിയത്. എന്നാൽ അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ അലി വീണു. ചഹലായിരുന്നു അലിക്കും പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തത്. അവസാനത്തിൽ ഡേവിഡ് വില്ലി ശ്രമിച്ചെങ്കിലും ബുംറ, അയ്യരുടെ കൈകളിൽ അവസാനിപ്പിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News