മൂന്നാം ടി20: വിൻഡീസിനെതിരെ വിജയിക്കാൻ ഇന്ത്യയ്ക്ക് 160 റൺസ്

ഇന്നും വിജയിച്ചാൽ വിൻഡീസ് പരമ്പരയിലെ ജേതാക്കളാകും

Update: 2023-08-08 16:20 GMT

പ്രൊവിഡൻസ്: വിൻഡീസിനെതിരെയുള്ള ടി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 160 റൺസ് നേടണം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ഓപ്പണർമാരായ ബ്രണ്ടൻ കിംഗും (42), കെയ്ൽ മായേഴ്‌സും (25), നായകൻ റോവ്മാൻ പവലും (40) വിൻഡീസിനായി മികച്ച ബാറ്റിംഗ് നടത്തി. നിക്കോളാസ് പൂരൻ 12 പന്തിൽ 20 റൺസടിച്ചു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. മുകേഷ് കുമാർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി. ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Advertising
Advertising

ഓപ്പണർ ഇഷൻ കിഷന് പകരം ഇന്ത്യ യശ്വസി ജയ്‌സ്വാളിന് ടീമിൽ ഇടം നൽകിയിരിക്കുകയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മിന്നും താരമായ ജയ്‌സ്വാളിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റമാണിത്. ശുഭ്മാൻ ഗില്ലിനൊപ്പം താരമാണ് ഓപ്പണറാകുക. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച വിൻഡീസ് ഇന്നും ജയിച്ചാൽ പരമ്പരയിലെ ജേതാക്കളാകും. എന്നാൽ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഏതു വിധേനയും തിരിച്ചുവരാനുള്ള പരിശ്രമത്തിലാണ് ഹാർദിക് പാണ്ഡ്യയും സംഘവും. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നീ മുതിർന്ന താരങ്ങളില്ലാതെയാണ് ടീം കളിക്കുന്നത്. അരങ്ങേറ്റ താരം തിലക് വർമയൊഴികെയുള്ള ബാറ്റർമാരൊന്നും ഫോമിലില്ലാത്തതാണ് ഇന്ത്യൻ ടീമിന്റെ പ്രശ്‌നം.

ആദ്യ മത്സരത്തിൽ നാലു റൺസിനും രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിനുമാണ് വിൻഡീസ് വിജയിച്ചത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 150 വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യൻ ശ്രമം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 ൽ അവസാനിച്ചു. 39 റൺസ് നേടിയ തിലക് മാത്രമാണ് തിളങ്ങിയത്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 152 റൺസ് നേടിയെങ്കിലും വിൻഡീസ് 18.5 ഓവറിൽ ലക്ഷ്യം മറികടന്നു. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നേടിയ ശേഷം നടക്കുന്ന ടി20 പരമ്പരയിൽ ടീം പിറകിലായതിനാൽ ഇന്ത്യൻ യുവനിര വലിയ സമ്മർദത്തിലാണ്. ഗയാനയിലെ പ്രൊവിഡൻസ് സ്‌റ്റേഡിയത്തിലാണ് മൂന്നാം ടി20 നടക്കുന്നത്.

ഇന്ത്യയുടെ ഇലവൻ:

യശ്വസി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷദീപ് സിംഗ്, മുകേഷ് കുമാർ.

വിൻഡീസിന്റെ ഇലവൻ:

കെയ്ൽ മയേഴ്‌സ്, ബ്രണ്ടൻ കിംഗ്, ജോൺസൺ ചാൾസ്, നിക്കോളാസ് പൂരൻ(വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, രോവ്മാൻ പവൽ(ക്യാപ്റ്റൻ), ചേസ്, റൊമാരിയോ ഷെപ്പേർഡ്, അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയി.

India need 160 runs to win the third T20 against West Indies

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News