തകർത്തടിച്ച് വാഷിങ്ടൺ സുന്ദർ; ഓസീസിനെതിരെ ഇന്ത്യക്ക് ജയം, പരമ്പര 1-1

ടീമിലേക്ക് മടങ്ങിയെത്തിയ വാഷിങ്ടൺ 49 റൺസുമായി പുറത്താകാതെ നിന്നു

Update: 2025-11-02 13:21 GMT
Editor : Sharafudheen TK | By : Sports Desk

ഹൊബാർട്ട്: ആസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ആസ്‌ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 23 പന്തിൽ 49 റൺസുമായി പുറത്താവാതെ നിന്ന വാഷിങ്ടൺ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസീസിന് വേണ്ടി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങാണ് മാൻഓഫ്ദിമാച്ച്. നേരത്തെ ടിം ഡേവിഡിന്റേയും (38 പന്തിൽ 74), മാർകസ് സ്റ്റോയിനിസിന്റേയും (39 പന്തിൽ 64) ബാറ്റിങ് മികവിലാണ് ആതിഥേയർ മികച്ച സ്‌കോർ പടുത്തുയർത്തിയത്. അഡ്‌ലൈഡിൽ തകർന്നടിഞ്ഞ ഇന്ത്യ ഹെവാർട്ടിൽ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഓവറിൽ തന്നെ സിക്‌സർ പറത്തി അഭിഷേക് ശർമ പതിവ് ഫോമിൽ തുടങ്ങി.

Advertising
Advertising

അഭിഷേക് (25) ഗിൽ (15) സഖ്യം ഒന്നാം വിക്കറ്റിൽ 33 റൺസ് ചേർത്തു. എന്നാൽ അഭിഷേകിനെ പുറത്താക്കി എല്ലിസ് ഓസീസിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ഗില്ലിനെ വിക്കറ്റും നഷ്ടമായി. സൂര്യകുമാർ യാദവിനെ (24) മാർകസ് സ്റ്റോയിനിസ് കൂടി മടക്കിയതോടെ മൂന്നിന് 76 എന്ന നിലയിലായി ഇന്ത്യ. എന്നാൽ തിലക് വർമ-അക്‌സർ പട്ടേൽ സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. റൺറേറ്റ് കുറക്കാതെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ അക്സറിനെ പറഞ്ഞയച്ച് എല്ലിസ് ഓസീസിന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും മടങ്ങിയെങ്കിലും ജിതേശ് ശർമയെ (13 പന്തിൽ 22) കൂട്ടുപിടിച്ച് വാഷിങ്ടൺ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെയാണ് താരം 49 റൺസ് നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആതിഥേയർക്ക് ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ (6) നഷ്ടമായി. അർഷ്ദീപ് സിങിനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറിൽ ജോഷ് ഇംഗ്ലിസിനെ കൂടി പുറത്താക്കി ഓസീസിന് ഇരട്ടപ്രഹരമേൽപ്പിക്കാനുമായി. എന്നാൽ നാലാം നമ്പൽ ക്രീസിലെത്തിയ ടിം ഡേവിഡ് തുടക്കം മുതൽ ആഞ്ഞടിച്ചു. മറുഭാഗത്ത് സ്‌റ്റോയിനിസും കൂടി ചേർന്നതോടെ ഒരുഘട്ടത്തിൽ സ്‌കോർ 200 കടക്കുമോയെന്ന് തോന്നിപ്പിച്ചു. എന്നാൽ ഡെത്ത് ഓവറിൽ മികച്ച ബോളിങിലൂടെ ബുംറ അവസാന ഓവറിൽ ഓസീസിനെ വരിഞ്ഞുമുറുക്കി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News