ഏഷ്യാകപ്പ്: പാകിസ്താനെ എട്ടുനിലയിൽ പൊട്ടിച്ച് ഇന്ത്യ
ദുബൈ: ഏഷ്യാകപ്പിൽ ബദ്ധവൈരികളായ പാകിസ്താനെ ഏഴുവിക്കറ്റിന് തകർത്ത് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഉയർത്തിയ 127 റൺസ് ഇന്ത്യ 16 ാം ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പർ ഫോർ ഉറപ്പിച്ചു. 37 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യൻ ചേസിങ്ങിനെ മുന്നിൽ നിന്നും നയിച്ചത്. 13 പന്തില്‍ 31 റണ്‍സുമായി അഭിഷേക് ശര്‍മയും 31 പന്തില്‍ 31 റണ്‍സുമായി തിലക് വര്‍മയും ഇന്ത്യൻ വിജയം അനായാസമാക്കി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം.
കളി തുടങ്ങി കാണികൾ ഗ്യാലറിയിൽ അമർന്നിരുന്ന് വരും മുമ്പേ ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ നയം വ്യക്തമാക്കി. പാക് ഓപ്പണർ സാലിം അയ്യൂബ് റൺസെടുക്കും മുമ്പേ പുറത്ത്. തൊട്ടുപിന്നാലെ ഇന്ത്യക്കായി ജസ്പ്രീത് ബുംറയുടെ കാമിയോ. മുഹമ്മദ് ഹാരിസിന് അതി ജീവിക്കാനായത് ബുംറയുടെ ഒരേ ഒരു പന്ത് മാത്രം. ഗ്യാലറിയിൽ മൂവർണപതാകകൾ പാറിപ്പറന്ന നേരം. തുടർന്ന് ഫഖർ സമാനും സാഹിബ് സാദ ഫർഹാനും പാകിസ്താനായി ചെറുത്തുനിൽക്കാനുള്ള ശ്രമങ്ങൾ നടത്തിനോക്കിയെങ്കലിലും സ്പിന്നർമാരുടെ വരവോടെ അതും അവസാനിച്ച 44 പന്തിൽ 40 റൺസെടുത്ത സാഹിബ് സാദയും 16 പന്തിൽ നിന്നും 33 റൺസുമായി ആഞ്ഞടിച്ച ഷഹീൻ ഷാ അഫ്രീദിയുമാണ് പാകിസ്താനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ നയം അഭിഷേക് ആദ്യമേ വ്യക്തമാക്കി. അഫ്രീദിയെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ അഭിഷേക് അതിവേഗം ചേസ് ചെയ്യാനാണ് ഇന്ത്യൻ പ്ലാൻ എന്ന് പ്രഖ്യാപിച്ചു. പക്ഷേ ശുഭ്മാൻ ഗില്ലിനെ (7 പന്തിൽ 10) സ്റ്റംബിങ്ങിൽ കുരുക്കി സലിം അയൂബ് പാകിസ്താനായി തിരിച്ചടിച്ചു. വൈകാതെ 13 പന്തിൽ 31 റൺസുമായി സലിം അയൂബിന്റെ പന്തിൽ പിടികൊടുത്ത് അഭിഷേക് തിരിച്ചുനടന്നെങ്കിലും ഇന്ത്യയെ അതൊട്ടും ബാധിച്ചില്ല. ക്രീസിലുറച്ച സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് അനായാസം ഇന്ത്യൻ കപ്പൽ തീരത്തെത്തിക്കുകയാിരുന്നു. ഇന്ത്യൻ സ്കോർ 97ൽ നിൽക്കേ തിലക് വർമയെ അയൂബ് ക്ലീൻ ബൗൾഡാക്കിയെങ്കിലും ഇന്ത്യ സുരക്ഷിത തീരത്തായിരുന്നു. സെപ്റ്റംബർ 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരം.