പാകിസ്താനുമായി കളിക്കാനില്ലെന്ന് ഇന്ത്യൻ താരങ്ങൾ; വെട്ടിലായി ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് സംഘാടകർ
ലണ്ടൻ: യുവരാജ് സിങ്, ശിഖർ ധവാൻ, സുരേഷ് റൈന, ഹർഭജൻ സിങ് എന്നിവർ ഒരു വശത്ത്, ഷാഹിദ് അഫ്രീദി, സുഹൈൽ തൻവീർ, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് എന്നിവർ മറുവശത്ത്... പോയകാലത്തെ പടക്കുതിരകളുടെ ഒരു ഉഗ്രൻപോരാട്ടം കാണാമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ആരാധകർ. ബിർമിങ്ങാമിലെ എഡ്ജ്ബാസ്റ്റൺ വേദിയാകുന്ന മത്സരത്തിന് കാണികൾ എത്തുമെന്നും തങ്ങളുടെ കീശ നിറയുമെന്നും സംഘാടകരും പ്രതീക്ഷിച്ചിരുന്നു. അതിനിടയിലാണ് ചില നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്.
ഈ വർഷം നടക്കുന്ന ഏഷ്യകപ്പ് പോലും ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അനിശ്ചിതത്വത്തിലാണ്. പാകിസ്താൻ ആഭ്യന്തര മന്ത്രികൂടിയായ മൊഹ്സിൻ നഖ്വി അധ്യക്ഷനായ ഏഷ്യൻ ക്രിക്കറ്റ് ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിനോട് ഇന്ത്യക്ക് ശക്തമായ എതിർപ്പാണുള്ളത്. വേദിയുടെ കാര്യത്തിലടക്കം കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നു. ഇതിനിടയിൽ ജൂലൈ 24ന് ധാക്കയിൽ നടത്താനിരുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബിസിസിഐ നിലപാടെടുത്തിട്ടുണ്ട്. ഇങ്ങനൊരു സമയത്ത് ഇന്ത്യൻ താരങ്ങൾ പാകിസ്താനെതിരെ കളിക്കാമോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ പലരും ഉയർത്തി.
ഇതിന് പിന്നാലെ ശിഖർ ധവാന്റെ എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ടൂർണമെന്റ് സംഘാടകരായ WCLന് അയച്ച ഇമെയിൽ സന്ദേശമാണ് ശിഖർധവാൻ പങ്കുവെച്ചത്. ശിഖർ ധവാനെന്ന താൻ പാകിസ്താനെതിരായ ഒരു മത്സരത്തിലും പങ്കെടുക്കില്ല എന്നായിരുന്നു ആ സന്ദേശത്തിലുണ്ടായിരുന്നത്. മെയ് 11ന് നടന്ന ചർച്ചയിൽ തന്നെ ഈ കാര്യം അറിയിച്ചതായും ധവാൻ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇനിയും അവസാനിക്കാത്തത് കൊണ്ടാണ് തീരുമാനമെന്നാണ് ധവാൻ പ്രതികരിച്ചത്. തൊട്ടുപിന്നാലെ ടൂർണമെന്റിലെ പ്രധാന സ്പോൺസർമാരിൽ ഒരാളായ ഈസ് മൈ ട്രിപ്പും എക്.സിൽ പോസ്റ്റിട്ടു. World Championship of Legendsമായി അഞ്ചുവർഷത്തേക്ക് കരാർ ഉണ്ടെങ്കിലും പാകിസ്താനുമായുള്ള മത്സരങ്ങളിൽ പാർട്ടിസിപ്പേറ്റ് ചെയ്യില്ല എന്നായിരുന്നു ഇവരുടെ അറിയിപ്പ്. ഈ പോസ്റ്റ് ഷെയർ ചെയ്ത് സുരേഷ് റെയ്നയും ഐക്യദാർഢ്യം അറിയിച്ചു.
എന്നാൽ ഇത് ഇവരുടെ മാത്രം തീരുമാനമായിരുന്നില്ല. ടീം ഒറ്റക്കെട്ടായിത്തന്നെയാണ് തീരുമാനമെടുത്തതെന്ന് വ്യക്തം. ഇന്ത്യൻ ടീമിലുള്ള രണ്ട് പേർ നിലവിൽ എംപിമാർ കൂടിയാണ്. ഹർഭജൻ സിങ് ആം ആദ്മി പാർട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലിരിക്കുമ്പോൾ യൂസഫ് പത്താൻ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയാണ്. ഇരുവരും ഈ തീരുമാനത്തിനൊപ്പം നിന്നു എന്നാണ് മാധ്യമവാർത്തകളിൽ നിന്നും മനസ്സിലാകുന്നത്.
വൈകാതെ ഈ വിഷയത്തിൽ പ്രതികരണവുമായി സംഘാടകർ തന്നെയെത്തി. ആരാധകർക്ക് സന്തോഷം നൽകാനായി ക്രിക്കറ്റ് നടത്തുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു അവരുടെ വിശദീകരണം. പാകിസ്താൻ ഹോക്കി ടീം ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്നും വോളിബോളിൽ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നതും കണ്ടാണ് തങ്ങളും ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അവരുടെ വിശേഷണം. എങ്കിലും ഇന്ത്യൻ ലെജൻഡ്സിന്റെ താൽപര്യമില്ലായ്മ പരിഗണിച്ച് മത്സരം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ സംഘാടകർ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നതായും അറിയിച്ചു.
പാകിസ്താൻ ടീമിലുള്ള ഷാഹിദ് അഫ്രീദി പലകുറി ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തി വാർത്തകളിൽ നിറഞ്ഞിരുന്നു. പെഗൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന വിധമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുടെ തീരുമാനം.
ഗായകനായ ഹർഷിത് ടോമറും അജയ് ദേവ്ഗണും ചേർന്നാണ് ലെജൻഡ്സ് ക്രിക്കറ്റുകൾ സംഘടിപ്പിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമേ വിൻഡീസ്, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളും പങ്കെടുക്കുന്നു. എബി ഡിവില്ലിയേഴ്സ്, ഹാഷിം അംല, ക്രിസ് ഗെയിൽ, കീരൺ പൊള്ളാർഡ്, ചന്ദർപോൾ ബ്രറ്റ് ലീ, ഷോൺ മാർഷ്, ഇയാൻ മോർഗൻ, അലിസ്റ്റർ കുക്ക് അടക്കമുള്ള പല പ്രമുഖ താരങ്ങളും ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
എന്തായാലും ടൂർണമെന്റിലെ പ്രധാന ആകർഷണമായിരുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ഉപേക്ഷിച്ചത് സംഘാടർക്ക് കനത്ത നഷ്ടമുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. ഇന്നലെ നടത്ത വിൻഡീസ്-ദക്ഷിണാഫ്രിക്ക മത്സരം ടൈ ആകുകയും ബൗൾഔട്ടിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഒടുവിൽ ബോൾഔട്ടിൽ ദക്ഷിണാഫ്രിക്ക വിജയിച്ചുകയറി.