അഞ്ചു റൺസിനിടെ അഞ്ചുവിക്കറ്റ്; ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം
ശുഭ്മാൻ ഗിൽ പൂജ്യത്തിനും സൂര്യകുമാർ യാദവ് അഞ്ചു റൺസെടുത്തും മടങ്ങി
മുള്ളൻപൂർ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് വമ്പൻ തോൽവി. ഛണ്ഡിഗഡിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ തുടക്കംമുതൽ കളിമറന്ന ആതിഥേയർ 51 റൺസിനാണ് തോൽവി വഴങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യയുടെ പോരാട്ടം 162ൽ അവസാനിച്ചു. 34 പന്തിൽ 62 റൺസുമായി തിലവ് വർമ നടത്തിയ ചെറുത്തുനിൽപ്പിനും ആതിഥേയരെ രക്ഷിക്കാനായില്ല. തോൽവിയോടെ അഞ്ച് മത്സര പരമ്പര 1-1 ഒപ്പമെത്തി. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ നിന്ന് മൊഹാലിയിലെത്തിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് സംഘം 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങിൽ ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വീണ്ടുമൊരിക്കൽകൂടി നിരാശപ്പെടുത്തി. ഗിൽ ഗോൾഡൻ ഡക്കായി കൂടാരം കയറിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(5) വന്നയുടനെ മടങ്ങി. അഭിഷേക് ശർമ 8 പന്തിൽ 17 റൺസെടുത്ത് പ്രതീക്ഷയുടെ സൂചന നൽകിയെങ്കിലും മാർക്കോ യാൻസന്റെ ഓവറിൽ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങി. ദക്ഷിണാഫ്രിക്കക്കായി ഓട്ട്‌നീൽ ബാർട്മാൻ നാലു വിക്കറ്റെടുത്തു. മാർക്കോ യാൻസനും ലുതോ സിംപാലയും ലുങ്കി എൻഗിഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ധരംശാലയിൽ നടക്കും.
വമ്പൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമ മികച്ച സ്റ്റാർട്ട് നൽകിയെങ്കിലും അഞ്ചാം പന്തിൽ ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കായി മടങ്ങി. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരം അക്‌സർ പട്ടേലാണ് ഇറങ്ങിയത്. അക്‌സറും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും രണ്ടാം ഓവറിലെ അവസാന പന്തിൽ അഭിഷേകിനെ വീഴ്ത്തി യാൻസൻ ഇന്ത്യക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. പിന്നാലെ സൂര്യയും മടങ്ങിയതോടെ ഒരുവേള 32-3 എന്ന നിലയിലായി ആതിഥേയർ. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ തിലവ് വർമ തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞതോടെ പവർപ്ലെയിൽ ഇന്ത്യൻ സ്‌കോർ 50 കടന്നു. എട്ടാം ഓവറിൽ അക്‌സറും(21 പന്തിൽ 21) വീണതോടെ 67-4ലേക്ക് വീണു. കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യക്ക് മൊഹാലിയിൽ ഒന്നും ചെയ്യാനായില്ല. തുടക്കത്തിൽ റൺസ് കണ്ടെത്താൻ പാടുപെട്ട പാണ്ഡ്യ(23 പന്തിൽ 20) റൺസെടുത്ത് മടങ്ങി. ഒരറ്റത്ത് തിലക് തകർത്തടിച്ചെങ്കിലും മറുവശത്ത് റൺസ് ചേർക്കാനാവാതെ പോയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങിതുടങ്ങി. 27 പന്തിൽ തിലക് അർധസെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ഹാർദിക് മടങ്ങി. എന്നാൽ
ജിതേഷേ ശർമയെ കൂട്ടുപിടിച്ച് തിലവ് അവസാന ശ്രമം നടത്തിയെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. 17 പന്തിൽ 27 റൺസെടുത്ത ജിതേഷ് വീണതിന് പിന്നാലെ ഒട്‌നീൽ ബാർട്മാൻറെ ഒരോവറിൽ ശിവം ദുബെ(1), അർഷ്ദീപ് സിംഗ്(4), വരുൺ ചക്രവർത്തി(0) എന്നിവർ പുറത്തായി. ഒടുവിൽ തിലക് വർമയും(34 പന്തിൽ 62) പുറത്തായതോടെ കളി അവസാനിച്ചു. അവസാന അഞ്ച് റൺസെടുക്കുന്നതിനിടെയാണ് അഞ്ച് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിൻറൺ ഡി കോക്കിന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ(46 പന്തിൽ 90) കരുത്തിലാണ് സന്ദർശകർ കൂറ്റൻ സ്‌കോർ ഉയർത്തിയത്.