കിങ്സ്മേഡിൽ കിങ് സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി, ഇന്ത്യ 202-8

50 പന്തിൽ 10 സിക്‌സറും ഏഴ് ഫോറും സഹിതം 107 റൺസാണ് സഞ്ജു അടിച്ചെടുത്തത്.

Update: 2024-11-08 18:34 GMT
Editor : Sharafudheen TK | By : Sports Desk

ഡർബൻ: ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടി20യിൽ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. 50 പന്തിൽ 10 സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതം 107 റൺസാണ്  സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങിയ സഞ്ജു ഡർബൻ കിങ്‌സ്‌മേഡിൽ ബാറ്റിങ് വിസ്‌ഫോടനമാണ് പുറത്തെടുത്തത്. തുടർച്ചയായ രണ്ട് ടി20കളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി സഞ്ജു. ലോങ്ഓണിലും ലോങ്ഓഫിലും ഒരേപോലെ പന്തടിച്ച് പറത്തിയ മലയാളി താരം ദക്ഷിണാഫ്രിക്കകയുടെ സ്പിൻ,പേസ് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് പടുത്തുയർത്തി.

Advertising
Advertising

 ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. സ്‌കോർ ബോർഡിൽ 24 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന് സഞ്ജു-സൂര്യകുമാർ യാദവ് കൂട്ടുകെട്ട് സ്‌കോറിംഗ് ഉയർത്തി. പവർപ്ലെയിൽ 56 റൺസ് നേടിയ ഇന്ത്യ 10.2 ഓവറിൽ 100 കടന്നു. 21 റൺസുമായി സൂര്യകുമാർ മടങ്ങിയെങ്കിലും സഞ്ജു സാംസൺ ഒരറ്റത്ത് നിലയുറപ്പിച്ചതോടെ റൺസൊഴുകി. 

തിലക് വർമയുമായി ചേർന്ന് 22 പന്തിൽ 50 റൺസ് കൂട്ടിചേർത്തു. 13.3 ഓവറിൽ ഇന്ത്യ 150 മറികടന്നു. എന്നാൽ 18 പന്തിൽ 33 റൺസെടുത്ത് തിലക് മടങ്ങി. തൊട്ടുപിന്നാലെ സഞ്ജു 107 റൺസുമായി മടങ്ങി. എന്നാൽ അവസാന നാല് ഓവറിൽ ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെ റൺസ് കണ്ടെത്താനായില്ല. ഹാർദിക് പാണ്ഡ്യ(2), റിങ്കു സിങ്(11), അക്‌സർ പട്ടേൽ(7) എന്നിവർ വേഗത്തിൽ മടങ്ങി. മാർക്കോ ജാൻസെൻ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് 4 റൺസ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കക്കായി ജെറാഡ് കൊയെറ്റ്‌സെ മൂന്ന് വിക്കറ്റ് വീഴ്ത്തി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News