കത്തിക്കയറി രോഹിതും കോഹ്‌ലിയും, ഓസീസിനെതിരെ ഇന്ത്യക്ക് 9 വിക്കറ്റ് ജയം
സിഡ്നി : ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റ് ജയവുമായി ഇന്ത്യ. സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും അർധ സെഞ്ച്വറി പൂർത്തിയാക്കിയ വിരാട് കൊഹ്‌ലിയുമാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഓസീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 46.4 ഓവറിൽ 236 ന് പുറത്താവുകയായിരുന്നു. മാത്യു റെൻഷോയുടെ അർധ സെഞ്ച്വറിയാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തേകിയത്. ഇന്ത്യക്കായി ഹർഷിത് റാണ നാല് വിക്കറ്റും വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നായകൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 69 കൂട്ടി ചേർത്തു. ജോഷ് ഹെയ്‌സൽവുഡാണ് ഗില്ലിനെ പുറത്താക്കിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ വിരാട് ആദ്യ റൺ നേടിയതോടെ ഗാലറി ആവേശഭരിതമായി. പിന്നാലെ ഇരുവരും ചേർന്ന് ഓസീസ് ബോളർമാരെ നന്നായി പ്രഹരിച്ചു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കൂടി വന്നതോടെ ഇന്ത്യൻ ഇന്നിങ്സ് അധിവേഗം കുതിച്ചു.
രോഹിത്തിന് പിന്നാലെ കൊഹ്‌ലി കൂടി അർധ സെഞ്ച്വറി പൂർത്തിയാക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. മുപ്പത്തിമൂന്നാം ഓവറിലെ അവസാന ബോളിൽ സിംഗിൾ നേടി സെഞ്ച്വറി പൂർത്തിയാക്കിയ രോഹിത് ഓസീസ് മണ്ണിലെ തന്റെ ആറാം ശതകമാണ് പൂർത്തിയാക്കിയത്. ആസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന റെക്കോർഡ് ഇതോടെ രോഹിത് തന്റെ പേരിലാക്കി. പിന്നാലെ ഇരുവരും ഇന്നിങ്സിന്റെ ഗിയർ മാറ്റി. ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്താൻ ഓസീസ് ബോളർമാർ കാര്യമായ ശ്രമങ്ങൾ നടത്തിയെങ്കിലും വിലപ്പോയില്ല.
മാത്യു ഷോർട്ട് എറിഞ്ഞ മുപ്പത്തിയെട്ടാം ഓവറിലെ അവസാന പന്തിൽ ഇരുവരും 150 റൺ കൂട്ടുക്കെട്ട് പൂർത്തിയാക്കി. ഏകദിനത്തിൽ ഇരുവരുടെയും പന്ത്രണ്ടാം 150 റൺസ് കൂട്ടുകെട്ടാണിത്. ഇതോടെ സച്ചിൻ - ഗാംഗുലി സഖ്യത്തിന്റെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും ഇരുവർക്കുമായി. തൊട്ടടുത്ത ഓവറിൽ നഥാൻ എല്ലീസിനെ ബൗണ്ടറി കടത്തി വിരാട് ഇന്ത്യയുടെ വിജയറൺ കുറിച്ചു.