അടി അടിയോടടി; റെക്കോർഡ് സ്‌കോർ പിറന്ന മത്സരത്തിൽ ഉദിച്ചുയർന്ന് ഹൈദരാബാദ്

മുംബൈക്കെതിരെ 31 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്.

Update: 2024-03-27 18:26 GMT
Editor : Sharafudheen TK | By : Sports Desk

ഹൈദരാബാദ്: സിക്‌സറുകള്‍ തുടരെ ഗ്യാലറിയിലേക്ക് പറന്ന ഐപിഎല്‍ ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 31 റണ്‍സ് വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2013ല്‍ പൂനെ വാരിയേഴ്സ് ഇന്ത്യക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 263 റണ്‍സാണ് പഴങ്കഥയാക്കിയത്.

റെക്കോര്‍ഡ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈ അതേ നാണയത്തിലാണ് തിരിച്ചടിച്ചത്. ഓപ്പണിങില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്വപ്‌ന തുടക്കം നല്‍കി. മൂന്ന് ഓവറില്‍ തന്നെ 50 കടന്ന സന്ദര്‍ശകര്‍ നയം വ്യക്തമാക്കി. 12 പന്തില്‍ 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ്കമ്മിന്‍സ് പുറത്താക്കി. വമ്പന്‍ അടിക്ക് ശ്രമിച്ച ഇഷാന്‍ കിഷനെ സ്പിന്നര്‍ ഷഹബാസ് അഹമ്മദും (13 പന്തില്‍ 34) പുറത്താക്കി. എന്നാല്‍ അവിടെയും തീര്‍ന്നില്ല മുംബൈ പോരാട്ടവീര്യം. വണ്‍ഡൗണായി ഇറങ്ങിയ നമാന്‍ ധീറും(14 പന്തില്‍ 30), തിലക് വര്‍മ്മയും(34 പന്തില്‍ 64) ചേര്‍ന്ന് ടീമിനെ അതിവേഗം 150 കടത്തി. ഒരുഘട്ടത്തില്‍ സണ്‍റൈസേഴ്‌സിന്റെ അതേ സ്‌കോറിലാണ് മുംബൈയും മുന്നേറിയത്. എന്നാല്‍ തിലക് വര്‍മ്മയുടെ വിക്കറ്റ് വീണതോടെ റണ്ണൊഴിക്കിന് കുറവുണ്ടായി.

Advertising
Advertising

മികച്ച രീതിയില്‍ ബാറ്റ് വീശി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയെങ്കിലും പാറ്റ് കമ്മിന്‍സിന്റേയും ജയദേവ് ഉനദ്ഖടിന്റേയും ഓവറുകളില്‍ റണ്ണൊഴുക്ക് കുറഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്.  ജയ്ദേവ് ഉനദ്ഖട് എറിഞ്ഞ 16ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ലഭിച്ചത്. ഇതോടെ മുംബൈക്ക് ലക്ഷ്യത്തിന് ആവശ്യമായ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു. 20 പന്തില്‍ 24 റണ്‍സെടുത്ത ഹാര്‍ദികിനെ ഉനദ്ഖട് പുറത്താക്കി. അവസാന ഓവറുകളില്‍ ടിം ഡേവിഡ് ആഞ്ഞടിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. 22 പന്തില്‍ 42 റണ്‍സാണ് ഡേവിഡ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെത്തിയ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഐപിഎല്‍ ചരിത്രത്തിലേക്കാണ് ബാറ്റുവീശിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഹെന്‍ട്രിച് ക്ലാസന്റെ(പുറത്താകാതെ 34 പന്തില്‍ 80 റണ്‍സ്)ആണ് ഓറഞ്ച് ആര്‍മിയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. അഭിഷേക് ശര്‍മ്മ(23 പന്തില്‍ 63), ആസ്‌ത്രേലിയന്‍ താരം ട്രാവിസ് ഹെഡ്(24 പന്തില്‍ 62), എയ്ഡന്‍ മാര്‍ക്രം(28 പന്തില്‍ 42) എന്നിവരും മികച്ച പിന്തുണ നല്‍കി.

ഒരുഘട്ടത്തില്‍ പോലും മുംബൈ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ തുടരെ സിക്‌സറും ഫോറും ഗ്യാലറിയിലെത്തിച്ച ഹൈദരാബാദ് ബാറ്റര്‍മാര്‍ കാണികള്‍ക്ക് ബാറ്റിങ് വെടിക്കെട്ടാണ് സമ്മാനിച്ചത്. തുടക്കം മുതല്‍ അവസാനം വരെ തകര്‍ത്തടിച്ച ആതിഥേയരുടെ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താന്‍ ഒരുഘട്ടത്തില്‍പോലും ഹര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായില്ല. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 താരം ക്വെന മഫാകയും ജെറാഡ് ക്വാര്‍ട്‌സെയും പീയുഷ് ചൗളയും ഹാര്‍ദിക് പാണ്ഡ്യയും ഷംസ് മുലാനിയുമെല്ലാം എസ്ആര്‍എച്ച് താരങ്ങളുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ജസ്പ്രീത് ബുംറ മാത്രമാണ് അല്‍പമെങ്കിലും മികച്ചുനിന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവസാനിപ്പിച്ചിടത്തുനിന്ന് തുടര്‍ന്ന ക്ലാസന്‍ ഏഴ് സിക്‌സറും നാല് ബൗണ്ടറിയും സഹിതമാണ് പുറത്താകാതെ 80 റണ്‍സ് നേടിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News