രക്ഷകനായി തെവാട്ടിയ; പഞ്ചാബിനെതിരെ ഗുജറാത്തിന് മൂന്ന് വിക്കറ്റ് ജയം

അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയുടെ (18 പന്തിൽ 36) പ്രകടനമാണ് സന്ദർശകരെ വിജയത്തിലെത്തിച്ചത്.

Update: 2024-04-21 18:15 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ചണ്ഡീഗഢ്: ബൗളർമാർ തകർത്തുകളിച്ച മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മൂന്ന് വിക്കറ്റ് ജയം. ആതിഥേയരായ പഞ്ചാബ് ഉയർത്തിയ 143 റൺസ് വിജയ ലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെയാണ് ഗുജറാത്ത് മറികടന്നത്. അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയുടെ (18 പന്തിൽ 36) പ്രകടനമാണ് സന്ദർശകരെ നാലാം ജയത്തിലെത്തിച്ചത്. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌കോർ പഞ്ചാബ്: 20 ഓവറിൽ 142, ഗുജറാത്ത്: 19.1 ഓവറിൽ 146-7

ബൗളർമാരെ തുണക്കുന്ന മുള്ളൻപൂരിലെ പിച്ചിൽ ചെറിയ ടോട്ടൽ ചേസ് ചെയ്ത ഗുജറാത്ത് കരുതലോടെയാണ് തുടങ്ങിയത്. സ്‌കോർ 25ൽ നിൽക്കെ ഓപ്പണർ വൃദ്ധിമാൻ സാഹയെ(13) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശുഭ്മാൻഗിൽ-സായ് സുദർശൻ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. 29 പന്തിൽ 35 റൺസെടുത്ത ഗിലിനെ റബാഡെയുടെ കൈയിലെത്തിച്ച് ലിയാൻ ലിവിങ്സ്റ്റൺ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ഡേവിഡ് മില്ലറും(4), അസ്മത്തുള്ള ഒമർസായി(13) പുറത്തായതോടെ പഞ്ചാബ് വീണ്ടും മത്സരത്തിലേക്ക് മടങ്ങിയെത്തി. 31 റൺസെടുത്ത സായ് സുദർശനെ സാം കറൺ മടക്കിയതോടെ അവസാന ഓവറുകളിൽ ഗുജറാത്ത് ഭീഷണി നേരിട്ടു. എന്നാൽ വീണ്ടും ഫിനിഷറുടെ റോളിൽ അവതരിച്ച രാഹുൽ തെവാട്ടിയ 36 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ സ്വന്തം തട്ടകത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സാം കറനും സംഘവും നിശ്ചിത 20 ഓവറിൽ 142 റൺസിൽ ഓൾഔട്ടായി. ടൈറ്റൻസിനായി സ്പിന്നർ സായ് കിഷോർ 33 റൺസിന് നാല് വിക്കറ്റ് നേടി. നൂർ അഹമ്മദും മോഹിത് ശർമ്മയും രണ്ട് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും പേരിലാക്കി. വാലറ്റത്ത് 12 പന്തിൽ 29 റൺസ് എടുത്ത ഹർപ്രീത് ബ്രാറാണ് കൂട്ടത്തകർച്ചയ്ക്കിടെ പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ആദ്യ വിക്കറ്റിൽ സാം കറണും പ്രഭ് സിമ്രാനും ചേർന്ന് 5.3 ഓവറിൽ 52 റൺസ് ചേർത്തു. പ്രഭ്സിമ്രാൻ 21 പന്തിൽ 35 ഉം, കറൻ 19 പന്തിൽ 20 ഉം റൺസുമായി മടങ്ങി. ഇതിന് ശേഷം വന്ന റൈലി റൂസ്സേയേയും (7 പന്തിൽ 9), ലിയാം ലിവിംഗ്സ്റ്റണിനെയും (9 പന്തിൽ 6) സ്പിന്നർ നൂർ അഹമ്മദ് പറഞ്ഞയച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയെയും (12 പന്തിൽ 13), അഷുതോഷ് ശർമ്മയെയും (8 പന്തിൽ 3) വേഗത്തിൽ മടങ്ങിയതോടെ പഞ്ചാബ് 92-6 എന്ന നിലയിലായി. എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇംപാക്ട് സബ് ഹർപ്രീത് സിംഗ് ഭാട്ടിയയും വാലറ്റക്കാരൻ ഹർപ്രീത് ബ്രാറും ചേർന്ന് പഞ്ചാബിനെ 100 കടത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News