ഈഡൻ ഗാർഡനിൽ അടിക്ക് തിരിച്ചടി; ജോസേട്ടൻ ഹിറ്റിൽ സഞ്ജുമ്മൽ ബോയ്‌സിന് തകർപ്പൻ ജയം

ഒരു ഘട്ടത്തിൽ തോൽവി അഭിമുഖീകരിച്ച രാജസ്ഥാനെ ബട്‌ലർ ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു.

Update: 2024-04-16 18:57 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: അടിക്ക് തിരിച്ചടി. ഈഡൻ ഗാർഡൻ ത്രില്ലറിൽ അവസാനപന്തിൽ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് സഞ്ജു സാംസണും സംഘവും മറികടന്നത്. സെഞ്ച്വറി നേടിയ ജോഷ് ബട്‌ലറാണ് ടീമിന്റെ വിജയശിൽപി. 60 പന്തിൽ ഒൻപത് ബൗണ്ടറിയും ആറു സിക്‌സറും സഹിതമാണ് ബട്‌ലർ സെഞ്ച്വറി തികച്ചത്. സീസണിലെ രണ്ടാം സെഞ്ച്വറിയാണ് ഇംഗ്ലീഷ് താരം നേടുന്നത്. സഞ്ജു സാംസൺ(12), റയാൻ പരാഗ്(14 പന്തിൽ 34), യശസ്വി ജയ്‌സ്വാൾ(9പന്തിൽ 19), ധ്രുവ് ജുറേൽ(2), ആർ അശ്വിൻ(8) എന്നിവരാണ് മറ്റു സ്‌കോറർമാർ. കൊൽക്കത്തക്കായി ബാറ്റിങിൽ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച സുനിൽ നരേൻ ബൗളിങിലും തിളങ്ങി. രണ്ട് വിക്കറ്റാണ് താരം നേടിയത്. സ്‌കോർ: കൊൽക്കത്ത 20 ഓവറിൽ 223-6, രാജസ്ഥാൻ 20 ഓവറിൽ 224-8.

ഒരു ഘട്ടത്തിൽ തോൽവി അഭിമുഖീകരിച്ച രാജസ്ഥാനെ ബട്‌ലർ ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു. 13ാം ഓവറിൽ 121-6 എന്ന നിലയിൽ തകർന്ന ടീമിനെ ബട്‌ലർ-റോവ്മാൻ പവേൽ ചേർന്ന് പ്രതീക്ഷ നൽകുകയായിരുന്നു.17ാം ഓവറിൽ 13 പന്തിൽ 26 റൺസെടുത്ത പവലിനെ സുനിൽ നരേൻ മടക്കിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഇംഗ്ലീഷ് താരം ആർആറിന് സീസണിലെ ആറാം ജയമൊരുക്കി. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ബട്‌ലർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 18ാം ഓവറിൽ 18 റൺസാണ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം തട്ടകത്തിൽ രാജസ്ഥാനെതിരെ  223 റൺസിന്റെ വമ്പൻ സ്‌കോറാണ് പടുത്തുയർത്തിയത്.  വിൻഡീസ് താരം സുനിൽ നരേന്റെ സെഞ്ച്വറി കരുത്തിലാണ് സ്വന്തം കാണികൾക്ക് മുന്നിൽ ആതിഥേയർ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 56 പന്തിൽ 13 ബൗണ്ടറിയും ആറു സിക്സറും സഹിതം 109 റൺസാണ് നരേൻ നേടിയത്. 21 റൺസിൽ നിൽക്കെ ഫോമിലുള്ള ഫിൽ സാൾട്ടിനെ നഷ്ടമായെങ്കിലും ഒരുവശത്ത് തകർത്തടിച്ച വിൻഡീസ് ഓൾറൗണ്ടർ സ്‌കോറിംഗ് ഉയർത്തി. 18 പന്തിൽ 30 റൺസെടുത്ത അംഗ്കൃഷ് രഘുവംഷി മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നരേൻ-രഘുവംശി കൂട്ടുകെട്ട് 10 ഓവറിൽ സ്‌കോർ 100 കടത്തി. കുൽദീപ് സെനിന്റെ ഓവറിൽ ആർ അശ്വിൻ പിടിച്ച് രഘുവംശി പുറത്തായി. ആന്ദ്രെ റസൽ(13), റിങ്കു സിങ്(20), ശ്രേയസ് അയ്യർ(11) എന്നിവരും മികച്ച പിന്തുണ നൽകി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News