ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ധോണി സ്റ്റൈലിൽ സഞ്ജു;ഇരുവർക്കുമിടയിൽ സമാനതകളേറെ

എതിരാളികൾ തകർത്തടിക്കുമ്പോൾ ബൗളർമാരുടെ സമീപമെത്തി ആത്മവിശ്വാസം നൽകുന്നതു മുതൽ ഫീൽഡ് വിന്യാസം വരെ ഇതിൽപ്പെടും.

Update: 2024-04-14 07:00 GMT
Editor : Sharafudheen TK | By : Sports Desk
Advertising

  പ്രസൻസ് ഓഫ് മൈൻസ്... ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കളികൈവിട്ടെന്ന ഘട്ടത്തിൽപോലും മൈതാനത്ത് താരങ്ങൾ പുലർത്തുന്ന മനസാന്നിധ്യം മത്സരഗതിയെ മാറ്റിമറിക്കുന്നതാണ്. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിങ്‌സ് ആവേശ പോരിലും ഇത്തരമൊരു നിർണായക പ്രകടനമുണ്ടായി. റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ് അത്യുഗ്രൻ റണ്ണൗട്ടിലൂടെ വിസ്മയിപ്പിച്ചത്.

പഞ്ചാബ് ഇന്നിങ്‌സിലെ 18ാം ഓവർ. സ്‌ട്രൈക്കിലുള്ളത് യുവതാരം അശുതോഷ് ശർമ്മ. നോൺ സ്‌ട്രൈക്കിൽ ഇംഗ്ലീഷ് താരം ലിയാൻ ലിവിങ്‌സ്റ്റൺ. യുസ്വേന്ദ്ര ചഹലിന്റെ അഞ്ചാം പന്ത് അശുതോഷ് സ്‌ക്വയർലെഗിലേക്ക് കളിച്ചു. രണ്ടാം റണ്ണിനായി ലിവിങ്‌സ്റ്റൺ ക്രീസ് വിട്ട് മുന്നോട്ട് ഓടിയെങ്കിലും നോ എന്ന കോളായിരുന്നു മറുഭാഗത്തുനിന്ന് ഉയർന്നു കേട്ടത്. ഇതോടെ തിരിച്ചു ക്രീസിലേക്ക് കുതിച്ചെങ്കിലും സഞ്ജു ബ്രില്യൻസിൽ റണ്ണൗട്ട്. ബൗണ്ടറി ലൈനിൽ നിന്ന് തനുഷ് കൊടിയാൻ നൽകിയ ത്രോ അത്ര മികച്ചതായിരുന്നില്ല. വിക്കറ്റിന് ഏറെ വ്യത്യാസത്തിൽ വന്ന ത്രോ സ്വീകരിച്ച സഞ്ജു ബാലൻസ് തെറ്റി വീഴുന്നതിനിടയിലും പന്ത് സ്റ്റമ്പിലേക്ക് എറിഞ്ഞു. താരത്തിന്റെ മനസാന്നിധ്യമൊന്നുമാത്രമാണ് ഈ റണ്ണൗട്ടിന് കാരണമായത്. കമന്ററി ബോക്‌സിൽ നിന്നടക്കം ലിവിങ്സ്റ്റൺ ക്രീസിലെത്തിയെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാൽ റീപ്ലേയിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പഞ്ചാബ് താരം ക്രീസിന് പുറത്തായിരുന്നുവെന്ന് വ്യക്തമായി. 14 പന്തിൽ 21 റൺസുമായി തകർത്തടിച്ചുകൊണ്ടിരിക്കെ ഇംഗ്ലീഷ് താരത്തിന്റെ പുറത്താകൽ അവസാന ഓവറിൽ പഞ്ചാബിന് വലിയ തിരിച്ചടിയായി. മറുപടി ബാറ്റിങിൽ അവസാന ഓവറിലാണ് രാജസ്ഥാൻ വിജയം പിടിച്ചത്.

സഞ്ജു സാംസണിന്റെ ഈ ഡൈവിങ് റണ്ണൗട്ടിനെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുമായാണ് ആരാധകർ താരതമ്യപ്പെടുത്തുന്നത്. നേരത്തെ നിരവധി തവണ ചെന്നൈ സൂപ്പർ കിങ്‌സ് താരം സമാനമായ രീതിയിൽ എതിരാളികളെ പുറത്താക്കിയിരുന്നു. ഈ സീസണിൽ രാജസ്ഥാനായി ബാറ്റിങിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന സഞ്ജു വിക്കറ്റിന് പിറകിലും കൈയടി നേടുകയാണ്. അതിവേഗ സ്റ്റമ്പിംങിലൂടെയും, ഫുൾലെങ്ത് ഡൈവിങ് ക്യാച്ചിലൂടെയും നേരത്തെ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഐപിഎല്ലിൽ ഇതുവരെ 80 ക്യാച്ചുകളാണ് സഞ്ജു കൈപിടിയിലൊതുക്കിയത്. 16 സ്റ്റമ്പിംങുകളും സ്വന്തം പേരിലാക്കി. 12 പേരെയാണ് റണ്ണൗട്ടിലൂടെ പുറത്താക്കിയത്. അന്താരാഷ്ട്ര ട്വന്റി 20യിൽ കളിക്കാൻ കൂടുതൽ അവസരം ലഭിച്ചില്ലെങ്കിലും 14 ക്യാച്ചാണ് ഇതുവരെ സ്വന്തമാക്കിയത്. നാല് വീതം സ്റ്റമ്പിങും റണ്ണൗട്ടും നേടി.

വിക്കറ്റിന് പിറകിൽ ധോണിയെപോലെ തകർപ്പൻ പ്രകടനം നടത്തുന്ന മലയാളിതാരത്തിന് ക്യാപ്റ്റനെന്ന നിലയിലും എംഎസ്ഡിയുമായി ഏറെ സമാനതകളുണ്ടെന്നാണ് ആരാധകരുടെ മറ്റൊരു കണ്ടെത്തൽ. എതിരാളികൾ തകർത്തടിക്കുമ്പോൾ ബൗളർമാരുടെ സമീപമെത്തി ആത്മവിശ്വാസം നൽകുന്നതു മുതൽ ഫീൽഡ് വിന്യാസം വരെ ഇതിൽപ്പെടും. ആവേശ് ഖാനടക്കമുള്ള താരങ്ങളെ ഡെത്ത് ഓവറുകളിൽ ഉപയോഗപ്പെടുത്തിയുള്ള സഞ്ജു തന്ത്രത്തിൽ എതിരാളികൾ വീണുപോകുന്നതാണ് ഇതുവരെയുള്ള മത്സരങ്ങളിൽ കാണാനായത്. വിക്കറ്റിന് പിറകിലിരുന്ന് കളി റീഡ് ചെയ്യാനുള്ള അസാമാന്യ മികവും ശ്രദ്ധിക്കപ്പെടുന്നു. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ വിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയർ സിക്‌സർ പറത്തി ടീമിനെ ജയത്തിലെത്തിക്കുമ്പോൾ ഗഡൗട്ടിൽ അമിത ആവേശമില്ലാത്ത സഞ്ജുവിനെയാണ് കണ്ടത്. വിജയത്തിൽ അമിതമായി സന്തോഷിക്കുകയോ പരാജയത്തിൽ തളർന്നിരിക്കുകയോ ചെയ്യുകയല്ല തന്റെ രീതിയെന്ന് നേരത്തെയും മലയാളി താരം തെളിയിച്ചിരുന്നു. ഇക്കാര്യത്തിലും ക്യാപ്റ്റൻ കൂൾ എംഎസ്ഡിയാണ് 29കാരന്റെ റോൾ മോഡൽ. നിലവിൽ ആറു മത്സരങ്ങളിൽ അഞ്ച് ജയവുമായി 10 പോയന്റുമായി രാജസ്ഥാൻ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്താണ്.

ഐപിഎൽ റൺവേട്ടക്കാരിലും സഞ്ജു സാംസൺ മൂന്നാം സ്ഥാനത്തുണ്ട്. ആറു മത്സരങ്ങളിൽ 66 ശരാശരിയിൽ 264 റൺസാണ് സമ്പാദ്യം. ബാറ്റിങിലും കീപ്പിങിലും ഒരുപോലെ തിളങ്ങുന്ന താരത്തെ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും ഏറെയാണ്. ഈമാസം അവസാനത്തോടെ ലോകകപ്പ് ടീം പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഫോമിൽ വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ സഞ്ജുവാണ് ഫസ്റ്റ് ചോയ്‌സ്. എന്നാൽ കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരും സെലക്ഷൻ കമ്മിറ്റി പരിഗണനയിലുള്ള പ്രധാന താരങ്ങളാണ്. നീണ്ട ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ പന്ത്, ആറ് മത്സരങ്ങളിൽ 194 റൺസുമായി ഓറഞ്ച് ക്യാപ് മത്സരത്തിൽ ആറാം സ്ഥാനത്താണ്. സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലിയെ പ്രശംസിച്ച് മുൻ വിൻഡീസ് പേസറും കമൻറേറ്ററുമായ ഇയാൻ ബിഷപ്പ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കണമെന്ന് മുൻ ന്യൂസിലാൻഡ് താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സൈമൺ ഡൗളും നിർദേശിച്ചു.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങിൽ ഒരുപന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചത്. അവസാന ഓവറിൽ വിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറിന്റെ ഉജ്ജ്വലബാറ്റിങാണ് റോയൽസിന് കരുത്തായത്. മത്സരശേഷം പഞ്ചാബിനെതിരായ കളിയെ കൗതുകത്തോടെയാണ് സഞ്ജു വിലയിരുത്തിയത്. 'കഴിഞ്ഞ മൂന്നോ നാലോ വർഷമായി പഞ്ചാബിനെതിരായ എല്ലാം കളികളും ഇത്തരത്തിൽ ടെൻഷനടിപ്പിച്ചാണ് അവസാനിക്കാറുള്ളത്. അത് എന്തുകൊണ്ടാണെന്ന് മാത്രം മനസിലാവുന്നില്ല'. സമ്മാനദാനച്ചടങ്ങിൽ ഹർഷ ഭോഗ്ലെയോട് സഞ്ജു പറഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News