സഞ്ജു മുതൽ ഡക്കറ്റ് വരെ; ഇവർ ഐപിഎല്ലിലെ ഫിയർലെസ് ഓപ്പണിങ് കോംബോ

കൊൽക്കത്തയും ഡൽഹിയും ഓപ്പണിങിൽ വലിയ അഴിച്ചുപണിക്കാണ് തയാറെടുക്കുന്നത്.

Update: 2025-12-27 10:29 GMT
Editor : Sharafudheen TK | By : Sports Desk

  'ആദ്യ പന്തുമുതൽ തകർത്തടിക്കുക...പവർപ്ലെ ഓവറുകളിൽ പരമാവധി റൺസ് സ്‌കോർ ബോർഡിൽ ചേർക്കുക'. മോഡേൺ ടി20 ക്രിക്കറ്റിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. പോയ ഏതാനും ഐപിഎൽ പതിപ്പുകളിലായി കിരീടം സ്വന്തമാക്കാനായി ഫ്രാഞ്ചൈസികൾ ഫലപ്രദമായി നടപ്പിലാക്കിയ സ്ട്രാറ്റർജി. നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും റണ്ണേഴ്‌സപ്പായ പഞ്ചാബ് കിങ്‌സും ഫൈനലിലേക്ക് ടിക്കറ്റെടുത്തതും ഈ വിസ്‌ഫോടന ബാറ്റിങ് കരുത്തിലായിരുന്നു.


  ബിഗ് ഹിറ്റർമാർ മാത്രമല്ല, കളിക്കളത്തിലെ സ്ഥിരതയാർന്ന പ്രകടനവും മിനിലേലത്തിൽ ഓരോ ടീമിന്റേയും ഓപ്പണിങ് സെലക്ഷനിൽ പരിഗണനാ വിഷയമാണ്. കഴിഞ്ഞ തവണ കിരീടം ചൂടിയ ആർസിബി 2026ലും വിരാട് കോഹ്ലി- ഫിൽ സാൾട്ട് സഖ്യത്തിലാണ് വിശ്വാസമർപ്പിക്കുന്നത്. പോയ പതിപ്പിൽ കൊൽക്കത്തക്കെതിരായ ആദ്യ മത്സരം മുതൽ തകർത്തടിച്ച ഇന്ത്യ-ഇംഗ്ലീഷ് കോംബോ ടൂർണമെന്റിലുടനീളം ആ ഫോം തുടർന്നു. 13 മത്സരങ്ങളിൽ നിന്നായി ഇരുവരും ചേർന്ന് 565 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. പവർപ്ലെ ഓവറുകളിലെ ഫിയർലെസ് ബാറ്റിങ് ടീം അടിത്തറ പാകുന്നതിലും നിർണായകമായി. നിലവിൽ ഇന്ത്യക്കായി ഏകദിനം മാത്രം കളിക്കുന്ന കോഹ്ലി സമീപകാലത്തായി മിന്നും ഫോമിലാണ്. ന്യൂസിലൻഡിനെതിരെ അവസാന ടി20യിൽ അർധ സെഞ്ച്വറി സ്വന്തമാക്കിയ സാൾട്ടും തന്റെ ബാറ്റിങ് കരുത്ത് എങ്ങും പോയില്ലെന്ന് തെളിയിക്കുകയാണ്. ഇരുവരുടേയും മികച്ച ഫോം വരുന്ന ഐപിഎല്ലിലും തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. പുതിയ സീസണിലേക്കെത്തുമ്പോൾ കോർ ടീമിനെ നിലനിർത്തിയാണ് ബെംഗളൂരു വരുന്നത്. ഏഴ് കോടി ചെലവഴിച്ച് സ്വന്തമാക്കിയ വെങ്കടേഷ് അയ്യരാണ് മിനി ലേലത്തിൽ എത്തിച്ച ശ്രദ്ധേയ താരം.

Advertising
Advertising

  കഴിഞ്ഞ തവണ ഓപ്പണിങിൽ ഏറ്റവും കൂടുതൽ പഴികേട്ട ടീം ചെന്നൈ സൂപ്പർ കിങ്‌സായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ രചിൻ രവീന്ദ്ര-രാഹുൽ ത്രിപാടി സഖ്യത്തെയാണ് ഫ്രാഞ്ചൈസി വിന്യസിച്ചത്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മാച്ച് വിജയിച്ചെങ്കിലും പവർപ്ലെ ഓവറുകളിലെ മെല്ലെപ്പോക്ക് തുടർ മത്സരങ്ങളിൽ സിഎസ്‌കെ പ്രകടനത്തെ ബാധിച്ചു. രചിൻ രവീന്ദ്രക്കൊപ്പം ഡെവോൺ കോൺവെയെ കൊണ്ടുവന്നുള്ള പരീക്ഷണവും ക്ലിക്കായില്ല. ഇതിനിടെ നായകൻ ഋതുരാജ് ഗെയിക്വാദ് പരിക്കിനെ തുടർന്ന് മടങ്ങിയതും ഇരട്ടിപ്രഹരമായി. ഓപ്പണിങിൽ റണ്ണൊഴുക്ക് കുറഞ്ഞതോടെ നിരന്തര ട്രോളുകൾക്കും ചെന്നൈ വിധേയമായി. ഒടുവിൽ സീസൺ അവസാനത്തിൽ യുവതാരങ്ങളായ ഷെയ്ഖ് റഷീദ്-ആയുഷ്മാത്രെ എന്നീ അൺക്യാപ്ഡ് യുവതാരങ്ങൾക്കാണ് സിഎസ്‌കെ അവസരം നൽകിയത്. ചരിത്രത്തിലെ ഏറ്റവും മോശം സീസണായി അവസാനിപ്പിച്ച 2025 സിഎസ്‌കെ ആരാധകർ മറക്കാനാഗ്രഹിക്കുന്ന വർഷമാണ്.


  പോയ സീസണിലെ തിരിച്ചടികൾ മനസിലുള്ള സിഎസ്‌കെ ലേലത്തിന് മുൻപെ കൃത്യമായ മുന്നൊരുക്കമാണ് നടത്തിയത്. ട്രേഡിലൂടെ സഞ്ജു സാംസണെ എത്തിച്ച മുൻചാമ്പ്യൻമാർക്ക് ടോപ് ഓർഡർ സ്‌ട്രോങാക്കി നിർത്താനായി. സഞ്ജുവിനൊപ്പം ഋതുരാജ് ഗെയിക്വാദാകും വരും സീസണിൽ ചെന്നൈയുടെ ഓപ്പണിങ് റോളിൽ ഇറങ്ങുക. പോയ വർഷം തകർത്തടിച്ച ആയുഷ്മാത്രെയെ പരിഗണിക്കുകയാണെങ്കിൽ ഗെയിക്വാദ് വൺഡൗണിലേക്ക് മാറും. മിനി ലേലത്തിൽ 13 താരങ്ങളെയെത്തിച്ച് രണ്ടുംകൽപ്പിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരവ്. പോയ സീസണിൽ ഓപ്പണിങിലടക്കം പാളിയ കെകെആർ ഇത്തവണ നിർണായക അഴിച്ചുപണിയാണ് നടത്തിയത്. ക്വിന്റൺ ഡികോക്ക് ടീം വിട്ടെങ്കിലും ഓപ്പണിങിൽ നിരവധി ഓപ്ഷനുകളാണ് മുൻ ചാമ്പ്യൻമാർക്ക് മുന്നിലുള്ളത്. ന്യൂസിലൻഡ് താരം ടിം സീഫെർട്ട്, ക്യാപ്റ്റൻ അജിൻക്യ രഹാനെ, വിൻഡീസ് വെറ്ററൻ താരം സുനിൽ നരെയ്ൻ, റക്കോർഡ് തുകക്ക് എത്തിച്ച കാമറൂൺ ഗ്രീൻ എന്നീ പേരുകളാണ് പ്രധാനമായും കെകെആർ സർക്കിളുകളിൽ നിന്ന് ഉയർന്നുകേൾക്കുന്നത്. ന്യൂസിലൻഡ് താരം ഫിൻ അലെനും മികച്ച ഓപ്ഷനായുണ്ട്. നിലവിൽ കിവീസ് ദേശീയ ടീം ഓപ്പണറായ ടിം സീഫെർട്ടിനെ 1.5 കോടിക്കാണ് മിനി ലേലത്തിൽ കെകെആർ കൂടാരത്തിലെത്തിച്ചത്. ബിഗ് ബാഷ് ലീഗിലടക്കം തകർപ്പൻ പ്രകടനം നടത്തുന്ന സീഫെർട്ടിന്റെ ടി20 എക്‌സ്പീരിയൻസ് കൊൽക്കത്തക്ക് സഹായകരമാകും


  മിനി ലേലത്തിൽ ക്വിന്റൺ ഡിക്കോക്കിനെയെത്തിച്ച് എതിരാളികൾക്ക് കൃത്യമായ മുന്നറിയിപ്പാണ് മുംബൈ ഇന്ത്യൻസ് നൽകിയത്. പോയ സീസണിൽ രോഹിത് ശർമ-റയൻ റിക്കൽട്ടൻ ഓപ്പണിങ് സഖ്യമാണ് മുംബൈക്കായി കളത്തിലിറങ്ങിയതെങ്കിൽ ഇത്തവണ മറ്റൊരു ഓപ്ഷനായാണ് ഡികോക്കിനെയെത്തിച്ചത്. നിലവിൽ റിക്കൽട്ടന്റെ മോശം ഫോമും ഫ്രാഞ്ചൈസിയെ ഡികോക്ക് ഡീലിലേക്കെത്തിക്കുന്നതിന് കാരണമായി. മുൻപ് രോഹതിനൊപ്പം ഡികോകിനുള്ള മികച്ച കെമിസ്ട്രിയും മുംബൈ നീക്കത്തിന് കാരണമായി.ഇന്ത്യക്കെതിരായ ടി20യിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത ഡികോക്ക് വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിൽ മിന്നും ഫോമിലാണ്. 2025 സീസണിൽ വലിയ ഹൈപ്പിലെത്തി ഇംപാക്ടുണ്ടാക്കാതെ പോയ ഓപ്പണിങ് ജോഡിയാണ് ട്രാവിസ് ഹെഡ്-അഭിഷേക് ശർമ. ഹൈദാരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചതും ടോപ് ഓർഡറിലെ ഈ പരാജയമായിരുന്നു. ഇത്തവണയും ഇന്ത്യ-ഓസീസ് കോംബോയിൽ വിശ്വാസമർപ്പിക്കാനാണ് എസ്ആർഎച്ച് തീരുമാനം.


 ഈ വർഷം ഇന്ത്യക്കായി സ്ഥിരതയോടെ ബാറ്റുവീശുന്ന അഭിഷേക് ടി20 ഒന്നാം നമ്പർ ബാറ്ററാണ്. ട്രാവിസ് ഹെഡും പതിവ് ഫോമിലേക്ക് മടങ്ങിയെത്തികഴിഞ്ഞു. ആദ്യ പന്തുമുതൽ തകർത്തടിക്കുന്ന ഇരുവർക്കുമെതിരെ പന്തെറിയുക എന്നത് പുതിയ സീസണിൽ എതിരാളികൾക്ക് വലിയ വെല്ലുവിളിയാകും. 2024ൽ വിസ്‌ഫോടന ബാറ്റിങിലൂടെ ഐപിഎല്ലിലെ കൂറ്റൻ സ്‌കോർ ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് അന്ന് ഇരുവരും കടപുഴക്കിയത്. സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസിൽ യശസ്വി ജയ്‌സ്വാൾ- വൈഭവ് സൂര്യവൻഷി സഖ്യമാകും ഓപ്പണിങിൽ ഇറങ്ങുക. കഴിഞ്ഞ സീസണിൽ മലയാളി താരം പരിക്കേറ്റ് പുറത്തായപ്പോൾ 14 കാരൻ വൈഭവായിരുന്നു ദൗത്യം ഏറ്റെടുത്തത്. തുടർന്ന് ഫിയൽലെസ് ബാറ്റിങിലൂടെ ടീനേജർ ഐപിഎൽ ചരിത്രത്തിലേക്ക് നടന്നുകയറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ തുടർ സെഞ്ച്വറിയുമായി തകർത്ത് കളിക്കുന്ന വൈഭവിന്റെ സാന്നിധ്യം സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാന് പ്രതീക്ഷ നൽകുന്നതാണ്. പഞ്ചാബ് കിങ്‌സിൽ പ്രിയാൻഷ് ആര്യ-പ്രഭ്‌സിമ്രാൻ സിങ് സഖ്യവും ഗുജറാട്ട് ടൈറ്റൻസിൽ ശുഭ്മാൻ ഗിൽ-സായ് സുദർശൻ സഖ്യവും തുടരുമെന്ന കാര്യമുറപ്പാണ്. മിച്ചൽ മാർഷ്-എയ്ഡൻ മാർക്രം കൂട്ടുകെട്ട് പൊളിക്കാൻ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തയാറായേക്കില്ല.


  ഇത്തവണ ഓപ്പണിങിൽ അടിമുടിമാറ്റം പ്രതീക്ഷിക്കുന്ന മറ്റൊരു ടീം ഡൽഹി ക്യാപിറ്റൽസാണ്. പോയ സീസണിൽ പ്രതീക്ഷയോടെയെത്തിച്ച ഓസീസ് ബിഗ് ഹിറ്റർ ഫ്രേസർ മഗ്ഗർക്ക് നനഞ്ഞ പടക്കമായി മാറിയിരുന്നു. ഇതോടെ ഫാഫ് ഡുപ്ലെസിസ്, കരുൺ നായർ, അഭിഷേക് പൊറോൽ, കെഎൽ രാഹുൽ എന്നീ ഓപ്ഷനുകളാണ് ടീം പരീക്ഷിച്ചത്.ഡുപ്ലെസിസും മഗ്ഗർക്കിനേയും റിലീസ് ചെയ്ത ഡെൽഹി പുതിയ ഓപ്പണിങ് സഖ്യത്തെയാണ് ഇത്തവണ കളത്തിലിറക്കുന്നത്. കെഎൽ രാഹുൽ ഓപ്പണിങ് റോളിൽ മടങ്ങിയെത്താനാണ് കൂടുതൽ സാധ്യത. പുതുതായി ലേലത്തിൽ എത്തിച്ച ഇംഗ്ലീഷ് താരം ബെൻ ഡെക്കറ്റ്, ശ്രീലങ്കൻ ഓപ്പണർ പതും നിസാങ്ക, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന പൃഥ്വി ഷാ എന്നീ പേരുകളാണ് രാഹുലിനൊപ്പം ഓപ്പണിങ് റോളിലേക്ക് ഡൽഹി മാനേജ്‌മെന്റിന് മുന്നിലുള്ളത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News