വിജയ് ഹസാരെ ട്രോഫി;വിരാട് കോഹ്ലിക്ക് അർധസെഞ്ച്വറി, രോഹിത് ശർമ റൺസ് എടുക്കാതെ പുറത്ത്

കർണാടകയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട് കേരളം

Update: 2025-12-26 12:49 GMT

മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും പ്രകടനം കാണാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം മിശ്ര അനുഭവങ്ങളാണ് സമ്മാനിച്ചത്. മുംബൈക്കായി ഇറങ്ങിയ രോഹിത് ശർമ്മ ഒരു റൺസും നേടാതെ പുറത്തായപ്പോൾ, ഡൽഹിക്കായി വിരാട് കോഹ്ലി അർധസെഞ്ച്വറിയോടെ തിളങ്ങി.

വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ മുംബൈ, ഉത്തരാഖണ്ഡിനെ 51 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടി. രോഹിത് ശർമ്മ ആദ്യ ഓവറിൽ തന്നെ ദേവേന്ദ്ര സിംഗ് ബോറയുടെ പന്തിൽ പുറത്താവുകയായിരുന്നു. യുവതാരം അൻഗ്രിഷ് രഘുവംശിക്കും തിളങ്ങാനായില്ല. സർഫറസ് ഖാൻ അർധസെഞ്ച്വറിയോടെ മികച്ച പ്രകടനം കാഴ്ചവെച്ചു. 49 പന്തിൽ നിന്ന് 55 റൺസാണ് അദ്ദേഹം നേടിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് മാത്രമാണ് നേടിയത്. സിക്കിമിനെതിരായ കഴിഞ്ഞ മത്സരത്തിൽ രോഹിത് ശർമ്മ 94 പന്തിൽ 155 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertising
Advertising

ഗുജറാത്തിനെതിരായ ഡൽഹിയുടെ രണ്ടാം മത്സരത്തിൽ ഏഴ് റൺസിന്റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി, വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറിയുടെ കരുത്തിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. ഓപ്പണർ പ്രിയാൻഷ് ആര്യ ഏഴ് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്തു. നിതീഷ് റാണ 12 റൺസിന് പുറത്തായി. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 79 പന്തിൽ നിന്ന് 70 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ 247 റൺസിൽ ഒതുക്കിയാണ് ഡൽഹിയുടെ ജയം.

അതേസമയം, രണ്ടാം മത്സരത്തിൽ കേരളം കർണാടകയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി. ടോപ് ഓർഡറും മിഡിൽ ഓർഡറും തകർന്ന സാഹചര്യത്തിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെയും ബാബാ അപരാജിത്തിന്റെയും ഇന്നിംഗ്സുകളാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ബാബാ അപരാജിത് 62 പന്തിൽ നിന്ന് 71 റൺസും, അസ്ഹറുദ്ദീൻ 58 പന്തിൽ നിന്ന് 84 റൺസും നേടി. എന്നാൽ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കർണാടക പത്ത് പന്തുകൾ ശേഷിക്കെ ജയം ഉറപ്പിച്ചു.

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News