ടെസ്റ്റ് മത്സരം റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയോ?

ടി20 മത്സരങ്ങള്‍ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിനെ അവഗണിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്

Update: 2021-09-10 12:42 GMT
Editor : dibin | By : Web Desk
Advertising

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം റദ്ദാക്കിയത് ടോസ് ഇടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു. കളിക്കാരുടെ കോവിഡ് ഭീതിയാണ് മത്സരം ഉപേക്ഷിക്കുന്നതിന് കാരണമായത്. എന്നാല്‍ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ചര്‍ച്ചയാകുന്നത് മത്സരം റദ്ദാക്കിയതുമായി ഐപിഎല്ലിന് ബന്ധമുണ്ടോയെന്നതാണ്.

കോവിഡ് ഒരു വെല്ലുവിളിയാണെങ്കിലും, ഐ.പി.എല്‍ മുടങ്ങിയേക്കുമോ എന്ന ഭയമാണ് ബി.സി.സി.ഐക്കെന്നും ട്വന്റി 20ക്കു മുന്നില്‍ ടെസ്റ്റിന് പ്രസക്തി നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ് ട്വിറ്ററിലൂടെ പ്രതികരിച്ചു.


So in the end a wonderful test series in which India had a distinct edge ends without a final result. COVID is an obvious concern but so clearly is BCCI's fear that the money spinner IPL could be disrupted. One only hopes that test cricket doesn't lose out to T 20 cycle now. 🙏

നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം സെപ്തംബര്‍ 19 ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഐപിഎല്ലില്‍ കളിക്കേണ്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള താരങ്ങളുടെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ബിസിസിഐയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമെന്ന് പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും ഒരുമിച്ചാണ് മത്സരം റദ്ദാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടെങ്കിലും ബിസിസിഐയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയതെന്നാണ് സൂചന.

ഇന്ത്യന്‍ ക്യാമ്പിനെ കോവിഡ് ഭീതിയിലേക്ക് തള്ളിയിട്ടത് ഇന്ത്യന്‍ ടീമിന്റെ ജാഗ്രത കുറവായിരുന്നു. ഇംഗ്ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ് ജനജീവിതം സാധാരണനിലയിലേക്കെത്തിയതോടെ ബയോ ബബ്ള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ താരങ്ങള്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ട് കുറച്ച് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. താരങ്ങള്‍ക്ക് പുറമെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ബോളിങ് കോച്ച് ഭരത് അരുണും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറും ബയോ ബബ്ള്‍ നിയന്തണങ്ങള്‍ ലംഘിച്ചിരുന്നു.  രവി ശാസ്ത്രിക്കും മറ്റ് പരിശീലകര്‍ക്കും കോവിഡ് ബാധയേറ്റതാണ് ഇന്ത്യന്‍ ക്യാമ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

അഞ്ചാം ടെസ്റ്റിനുശേഷം കളിക്കാര്‍ക്കു വിവിധ ഐപിഎല്‍ ടീം ക്യാമ്പുകളില്‍ എത്തേണ്ടതുകൊണ്ട് മാഞ്ചസ്റ്ററില്‍ ഐപിഎല്‍ ബയോ ബബ്ള്‍ ഒരുക്കുമെന്നു ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ താരങ്ങള്‍ പെട്ടെന്നു തന്നെ ഐപിഎല്‍ ടീം ക്യാമ്പില്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News