അരങ്ങേറ്റത്തിൽ തകർപ്പൻ ഫോം: റെക്കോർഡ് പ്രകടനവുമായി ഇഷാൻ കിഷൻ

ഏകദിന അരങ്ങേറ്റം ഗംഭീരമാക്കി യുവാതാരം ഇഷാന്‍ കിഷന്‍. 42 പന്തില്‍ 59 റണ്‍സ് നേടിയ താരം ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി.

Update: 2021-07-19 02:09 GMT
Editor : rishad | By : Web Desk
Advertising

ഏകദിന അരങ്ങേറ്റം ഗംഭീരമാക്കി യുവാതാരം ഇഷാന്‍ കിഷന്‍. 42 പന്തില്‍ 59 റണ്‍സ് നേടിയ താരം ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. നേരത്തെ അരങ്ങേറ്റ ടി20 മത്സരത്തിലും കിഷന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിലായിരുന്നു കിഷന്റെ ടി20 അരങ്ങേറ്റം.

ഏകദിന അരങ്ങേറ്റത്തില്‍ 50 തികയ്ക്കുന്ന 16-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കിഷനെ തേടിയെത്തി. 33 പന്തില്‍ 50 തികച്ച താരം ഏകദിന അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ 26 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലാണ് ഈ റെക്കോഡ്. 

ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡെര്‍ ദസ്സന് ശേഷം ഏകദിനത്തിലെയും ട്വന്റി 20-യിലെയും അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കളിക്കാരനാകാനും ഇഷാന്‍ കിഷനായി. അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 263 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ, 36.4 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

നായകൻ ശിഖർ ധവാനാണ് ഇന്ത്യയുടെ വിജയതീരത്തേക്കുള്ള യാത്രയിൽ മുന്നിൽ നിന്ന് നയിച്ചത്. 95 പന്തിൽ നിന്ന് 86 റൺസ് നേടി ധവാൻ പുറത്താകാതെ നിന്നു. ധവാനൊപ്പം ഓപ്പണിങ് ഇറങ്ങിയ പൃഥ്വി ഷായുടെ മിന്നല്‍ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 24 പന്തിൽ 9 ഫോറിന്റെ അകമ്പടിയോടെ പൃഥ്വി 43 റൺസ് നേടി.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News