‘കിളിപോയത് ആർക്ക്?; അമ്പയർക്കോ അതോ ഇഷാൻ കിഷനോ? ഔട്ടല്ലാത്ത ഔട്ടിനെച്ചൊല്ലി വിവാദം
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. ദീപക് ചഹാർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം.
ലെഗ് സൈഡിലേക്ക് പോയ പന്ത് മുംബൈ കീപ്പർ റ്യാൻ റിക്കൽട്ടൺ കൈയ്യിലൊതുക്കിയെങ്കിലും മുഖത്ത് കാര്യമായ ഭാവ വ്യത്യാസങ്ങളില്ലായിരുന്നു. ആദ്യം അമ്പയർ വൈഡാണ് നൽകിയത്. പക്ഷേ വൈഡാണെന്നതിൽ അവ്യക്തതയുണ്ടായ അമ്പയർ അർധ മനസ്സോടെ ഔട്ടാണെന്ന രീതിയിൽ ആക്ഷൻ കാണിച്ചു.
ഇതോടെ മുംബൈ താരങ്ങൾ അത ക്യാച്ചാണോ എന്നതിൽ വ്യക്തത ആവശ്യപ്പെട്ടു. ഇതിനിടെ എല്ലാവരെയും അമ്പരപ്പിച്ച് ഇഷാൻ കിഷൻ പവലിയനിലേക്ക് നടന്നു. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കിഷന്റെ സത്യസന്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ തൊട്ടുപിന്നാലെയെത്തിയ അൾട്ര എഡ്ജ് റിേപ്ലയിൽ പന്ത് ബാറ്റിലല്ല, ശരീരത്തിലാണ് കൊണ്ടതെന്ന് തെളിഞ്ഞു. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് റിവ്യൂ നൽകാതെ കിഷൻ തിരിഞ്ഞുനടന്നത് എന്നായി ചോദ്യങ്ങൾ. 35 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഹൈദരാബാദ് അർധ സെഞ്ച്വറി നേടിയ ക്ലാസന്റെ മിടുക്കിൽ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയാണ്.
ഇത് ഒത്തുകളിയാണെന്ന രീതിയിലും ഇഷാൻ കിഷൻ തന്റെ പഴയ ടീമായ മുംബൈക്കെതിരെ ബോധപൂർവം ചെയ്തതാണെന്നും കാണിച്ച് നിരവധി കമന്റുകളാണ് പരക്കുന്നത്.