'തല്ല് ചോദിച്ച് വാങ്ങി' സ്റ്റാർക്ക്: മോശം റെക്കോർഡ്

അതേസമയം ടി20 ലോകകപ്പിന്റെ ഫൈനലിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തുവെന്ന ചീത്തപ്പേര് സ്റ്റാർക്കിന്റെ പേരിലായി. 2012ലെ ടി20ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലായിരുന്നു ഈ മോശം റെക്കോർഡ്

Update: 2021-11-15 07:18 GMT
Editor : rishad | By : Web Desk
Advertising

നാല് ഓവറിൽ 60 റൺസ്. ന്യൂസിലാൻഡിനെതിരായ ഫൈനൽ മത്സരത്തിൽ ആസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് വിട്ട്‌കൊടുത്ത റൺസാണിത്. വിക്കറ്റുകളൊന്നും വീഴ്ത്താനായതുമില്ല. ആസ്ട്രേലിയക്കായി ഒരു ടി20 മത്സരത്തിൽ ബൗളർ വിട്ടുകൊടുക്കുന്ന റൺസിൽ രണ്ടാം സ്ഥാനമാണ് ഇതിലൂടെ സ്റ്റാർക്ക് സ്വന്തമാക്കിയത്. അതേസമയം ടി20 ലോകകപ്പിന്റെ ഫൈനലിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തുവെന്ന ചീത്തപ്പേര് സ്റ്റാർക്കിന്റെ പേരിലായി.

2012ലെ ടി20ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലായിരുന്നു ഈ മോശം റെക്കോർഡ്. അന്ന് വെസ്റ്റ്ഇൻഡീസ് 54 റൺസാണ് മലിംഗയുടെ നാല് ഓവറുകളിൽ നിന്നായി അടിച്ചെടുത്തത്. അതേസമയം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് സ്റ്റാര്‍ക്കിനെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത്. വിട്ടുകൊടുത്ത 60ൽ 41റൺസും നേടിയത് വില്യംസണാണ്. സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ മാത്രം അടിച്ചെടുത്തത് 22 റണ്‍സ്! ഇതില്‍ നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടും. 

ആസ്‌ട്രേലിയുടെ ടി20 ജേഴ്‌സിയില്‍ നാല് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാമതാണ് സ്റ്റാര്‍ക്ക്. ആന്‍ഡ്രൂ ടൈയാണ് ഒന്നാമത്. 2018ല്‍ ന്യൂസിലന്‍ഡിനെതിരെ 64 റണ്‍സാണ് ടൈ വഴങ്ങിയത്. 59 റണ്‍സ് വഴങ്ങിയിട്ടുള്ള കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്നാമതാണ്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിലായിരുന്നു ഇത്. സ്റ്റാര്‍ക്ക് റണ്‍സ് വിട്ടുകൊടുത്തെങ്കിലും ജോഷ് ഹേസില്‍വുഡ് മികച്ച രീതിയില്‍ പന്ത് എറിഞ്ഞതാണ് ന്യൂസിലാന്‍ഡ് വമ്പന്‍ സ്കോറിലേക്ക് നീങ്ങാതിരുന്നത്. 

അതേസമയം ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ ആസ്ട്രേലിയ മുത്തമിട്ടത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിന്റെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. കിവീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കിയായിരുന്നു ഇരുവരുടെയും മുന്നേറ്റം. 50 പന്തില്‍ നിന്ന് 4 സിക്‌സും 6 ഫോറുമടക്കം 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News