രഞ്ജി ട്രോഫി ക്വാർട്ടർ; കശ്മീരിനെതിരെ കേരളം പതറുന്നു, ഒൻപത് വിക്കറ്റ് നഷ്ടം
67 റൺസുമായി ജലജ് സക്‌സേനയാണ് കേരള നിരയിൽ തിളങ്ങിയത്.
പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിൽ ജമ്മു കശ്മീരിനെതിരെ കേരളം പതറുന്നു. കശ്മീരിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 280 നെതിരെ ബാറ്റിങിനിറങ്ങിയ കേരളം രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ 200-9 എന്ന നിലയിലാണ്.സൽമാൻ നിസാറാണ് (49) ക്രീസിൽ. അഞ്ച് വിക്കറ്റ് നേടിയ അകിബ് അലി ദറാണ് കേരളത്തെ തകർത്തത്. നേരത്തെ കേരളത്തിനായി നിധീഷ് എം ഡി ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
കശ്മീരിനെതിരെ ബാറ്റിങിനിറങ്ങിയ കേരളത്തിന്റെ തുടക്കം മോശമായിരുന്നു. സ്‌കോർബോർഡിൽ ഒരു റൺ ചേരുമ്പോഴേക്ക് ഓപ്പണർ രോഹൻ എസ് കുന്നുമ്മലിനെ(1) നഷ്ടമായി. തൊട്ടുപിന്നാലെ ഷോൺ റോജർ(0) പൂജ്യത്തിന് മടങ്ങി. ക്യാപ്റ്റൻ സച്ചിൻ ബേബി(2)യും വേഗത്തിൽ കൂടാരം കയറിയതോടെ ഒരുവേള 11-3 എന്ന നിലയിലായി. പിന്നാലെ ജലജ് സക്സേന (67) അക്ഷയ് ചന്ദ്രൻ (29) സഖ്യം കൂട്ടിചേർത്ത 94 റൺസാണ് വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 67 റൺസെടുത്ത് സക്‌സേനെയും മടങ്ങി. അതേ സ്‌കോറിൽ അക്ഷയ് ചന്ദ്രനെയും (29) നഷ്ടമായതോടെ കേരളം വീണ്ടും തകർച്ചയിലായി. മുഹമ്മദ് അസറുദ്ദീൻ (15), ആദിത്യ സർവാതെ (1) എന്നിവർക്ക് വലിയ സ്‌കോറിലേക്കെത്താനായില്ല. വാലറ്റത്തെ കൂട്ടുപിടിച്ച് സൽമാൻ നിസാർ(49) നടത്തിയ പ്രകടനമാണ് സ്‌കോർ 200ലെത്തിച്ചത്. ഒൻപതാമനായി ക്രീസിലെത്തിയ എംഡി നിധീഷ് 30 റൺസെടുത്തു പുറത്തായി.
നേരത്തെ 228-8 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങിനിറങ്ങിയ ജമ്മു കശ്മീർ ഒന്നാം ഇന്നിങ്‌സിൽ 280 റൺസിന് പുറത്തായിരുന്നു. വാലറ്റക്കാരുടെ ചെറുത്തു നിൽപ്പിന്റെ കരുത്തിലാണ് ജമ്മു കശ്മീർ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.