വിജയ്ഹസാരെ ട്രോഫി: ഗംഭീരപ്രകടനവുമായി രോഹൻ കുന്നുമ്മൽ; കേരളത്തിന് രണ്ടാം ജയം

ഗോവ മുന്നോട്ടുവെച്ച 242 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 38.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു

Update: 2022-11-15 12:23 GMT
Editor : rishad | By : Web Desk

ചെന്നൈ: രോഹൻ കുന്നുമ്മൽ നേടിയ ഗംഭീര സെഞ്ച്വറിയുടെ ബലത്തിൽ വിജയ്ഹസാരെ ട്രോഫിയിൽ ഗോവയെ തകർത്ത് കേരളം. ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. ഗോവ മുന്നോട്ടുവെച്ച 242 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 38.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 134 റൺസാണ് രോഹൻ നേടിയത്. 101 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ മനോഹര ഇന്നിങ്സ്. 

17 ഫോറും നാല് സിക്‌സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ടി20 ശൈലിയിലായിരുന്നു രോഹന്റെ ബാറ്റിങ്. സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ അടങ്ങുന്ന ഗോവൻ ബൗളർമാരെ രോഹൻ കണക്കിന് പ്രഹരിച്ചു. 74 പന്തുകളിൽ നിന്നായിരുന്നു രോഹൻ 100 തികച്ചത്. രോഹന് കൂട്ടായി നായകൻ സച്ചിൻ ബേബി 51 റൺസ് നേടി. 22 റൺസ് നേടിയ വത്സൽ ആണ് മറ്റൊരു ടോപ് സ്‌കോറർ.  

Advertising
Advertising

മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്സ്. ഗോവയ്ക്ക് വേണ്ടി സിദ്ധേഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 9 ഓവർ എറിഞ്ഞ അർജുന് വിക്കറ്റൊന്നും നേടാനായില്ല. 57 റൺസും വിട്ടുകൊടുത്തു. സുയഷ് പ്രഭുദേശായ് (34), ദര്‍ശന്‍ (69), ദീപക് ഗവോങ്കര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഗോവയെ കരക്കയറ്റിയത്. മോഹിത് റെദ്കകര്‍ (23), അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു.  

അരുണാചല്‍ പ്രദേശിനെതിരെ 9 വിക്കറ്റിന്‍റെ വിജയം കേരളം സ്വന്തമാക്കിയിരുന്നു. അരുണാചല്‍ പ്രദേശ് ഉയര്‍ത്തിയ 103 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ കേരളം മറികടക്കുകയായിരുന്നു. 28 പന്തില്‍ 13 ഫോറും 3 സിക്സുമായി 77 റണ്‍സാണ് രോഹന്‍ നേടിയത്. 275 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.  ഇനി ചത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. എലൈറ്റ് ഗ്രൂപ്പ് 'സി'യിലാണ് കേരളം. ഹരിയാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ ശക്തമായ ടീമുകളൊക്കെ ഗ്രൂപ്പ് 'സി'യിലുണ്ട്‌. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News