കോലിക്ക് കീഴില്‍ ഇന്ത്യയുടെ 5 അവിസ്മരണീയ ട്വന്‍റി 20 വിജയങ്ങള്‍.

ലോകകപ്പോടെ ഇന്ത്യയുടെ ട്വന്‍റി 20 നായകസ്ഥാനമൊഴിയുകയാണ് കോലി

Update: 2021-09-17 06:04 GMT

ഒക്ടോബറില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പോടെ ഇന്ത്യയുടെ ട്വന്‍റി- 20 നായകസ്ഥാനമൊഴിയുകയാണ്  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വ്യാഴാഴ്ച്ചയാണ് കോലി ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. 2017 ല്‍ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയോടെയാണ്  കോലി ഇന്ത്യയുടെ ട്വൻ്റി-20 നായക വേഷമണിയുന്നത്. അവിടന്നങ്ങോട്ട് 45 ട്വൻ്റി-20 മത്സരങ്ങളില്‍ കോലി ഇന്ത്യയെ നയിച്ചു. 21 വിജയങ്ങളും 14 തോല്‍വികളും 2 സമനിലയുമാണ് ഇന്ത്യന്‍ നായക വേഷത്തില്‍ കോലിയുടെ ട്വൻ്റി 20 റെക്കോര്‍ഡ്. കോലിക്ക് കീഴില്‍ ഇന്ത്യ നേടിയ അഞ്ച് അവിസ്മരണീയ ട്വൻ്റി 20 വിജയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. 

Advertising
Advertising

ആസ്ട്രേലിയ ഇന്ത്യ രണ്ടാം ട്വന്‍റി 20 , സിഡ്നി 2020


സിഡ്നിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ഇന്ത്യക്ക് മുന്നില്‍ 195 റണ്‍സിൻ്റെ വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഇന്ത്യ, ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവില്‍ ആസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് വിജയിച്ചു. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ കോലി 22 പന്തില്‍ 44 റണ്‍സെടുത്തു. ഈ വിജയത്തോടെ ആസ്ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ട്വന്‍റി 20, ഹാമില്‍ട്ടണ്‍ 2020


ഹാമില്‍ട്ടണില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 11 ഓവറില്‍ 96 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി. നാലാമനായിറങ്ങിയ കോലി മെല്ലെയാണ് തുടങ്ങിയത്. വലിയ ഷോട്ടുകള്‍ക്കൊന്നും മുതിരാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ 20 ഓവറില്‍ 179 എന്ന മാന്യമായ സ്കോറില്‍ ഇന്ത്യയെ എത്തിച്ചു. കോലി 27 പന്തില്‍ 38 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്‍റെ പോരാട്ട വീര്യം 179 റണ്‍സില്‍ തന്നെ അവസാനിച്ചു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഒടുവില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം.

ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ട്വൻ്റി 20 , വെല്ലിംഗ്ടണ്‍ 2020.



 ന്യൂസിലൻ്റിനെതിരായ രണ്ടാം ട്വന്‍റി വിജയത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് വെല്ലിംഗ്ടണില്‍ ഇന്ത്യയും ന്യൂസിലാന്‍റും വീണ്ടും നേര്‍ക്കുനേര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻ്റ് 20 ഓവറില്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ന്യൂസിലാൻ്റ് സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്സും 165 റണ്‍സില്‍ തന്നെ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ വീണ്ടും ഇന്ത്യക്ക് ആവേശകരമായ വിജയം. ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും ഫീല്‍ഡില്‍ കോലിയുടെ ക്യാപ്റ്റന്‍സിയെ മനോഹരമായി അടയാളപ്പെടുത്തിയ മത്സരങ്ങളിലൊന്നായി അത് മാറി.

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി 20, ബ്രിസ്റ്റോള്‍ 2018.


കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ഏറ്റവും അവിസ്മരണീയമായ മത്സരങ്ങളിലൊന്നായിരുന്നു ബ്രിസ്റ്റോളിലേത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആറ് ഓവറില്‍ 62 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശര്‍മക്കൊപ്പം ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്ത്യക്ക്  വിജയം സമ്മാനിച്ചു. കോലി 29 പന്തില്‍ 43 റണ്‍സെടുത്തു.

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ട്വൻ്റി 20 നാഗ്പൂര്‍ ,2017


ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിംഗ്സ് 145 റണ്‍സിന് അവസാനിച്ചു. കോലിക്ക് 15 പന്തില്‍ 21 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. എന്നാല്‍ കോലി എന്ന തന്ത്രശാലിയായ ക്യാപ്റ്റനെ ഒരിക്കല്‍ കൂടെ ആ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ കണ്ടു. 145 റണ്‍സെന്ന അനായാസ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. മധ്യ ഓവറുകളില്‍ കോഹ്‍ലി ജസ്പ്രീത് ബുംറക്ക് പന്ത് നല്‍കാതെ അവസാന രണ്ട് ഓവറുകളിലേക്ക് മാറ്റി വച്ചു. അവസാന രണ്ട് ഓവറുകളില്‍ വെറും അഞ്ച് റണ്‍സാണ് ബുറ വിട്ട് നല്‍കിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് വിജയത്തിലെത്താനായില്ല. ഇന്ത്യക്ക് വീണ്ടും ത്രസിപ്പിക്കുന്ന വിജയം.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Contributor - ഹാരിസ് നെന്മാറ

contributor

Similar News