ക്രിക്കറ്റിലെ പുത്തന്‍ ഫോര്‍മാറ്റായ ടെസ്റ്റ്20 യുടെ സവിശേഷതകള്‍ അറിയാം

13 മുതല്‍ 19 വയസുവരെയുള്ള യുവതാരങ്ങള്‍ക്കായാണ് മത്സരം. 20ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്‌സുകള്‍ ഉണ്ടായിരിക്കും

Update: 2025-10-17 14:36 GMT

ന്യൂ ഡല്‍ഹി: ടെസ്റ്റില്‍ തുടങ്ങി ടി20 വരെയായി, കാലം കടന്നുപോവും തോറും ക്രിക്കറ്റില്‍ പലതരത്തിലുള്ള രൂപമാറ്റങ്ങളാണ് സംഭവിച്ചത്. ഏകദിന മത്സരങ്ങളിലേക്കും പിന്നീട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ 20 ഓവര്‍ മാത്രമുള്ള ടി 20 വരെ എത്തി നില്‍ക്കുന്നു ക്രിക്കറ്റ് ലോകത്തിന്റെ വളര്‍ച്ച.. ആ ഗ്രൂപ്പിലേക്ക് നാലാമത് പുതിയൊരു അംഗം കൂടി എത്തുന്നു. ടെസ്റ്റ് 20. എന്തൊക്കെയാണ് പുത്തന്‍ ഫോര്‍മാറ്റിന്റെ വിശേഷങ്ങള്‍? നോക്കാം

പേരു പോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റിനെയും ടി20 യെയും സമന്വയിപ്പിച്ചു കൊണ്ടാണ് ടെസ്റ്റ് 20 എന്നൊരു പുത്തന്‍ ഫോര്‍മാറ്റ് വരുന്നത്. സ്‌പോര്‍ട്‌സ് വ്യവസായിയും വണ്‍ വണ്‍ സിക്‌സ് നെറ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഗൗരവ് ബഹിര്‍വാണിയാണ് പുത്തന്‍ ഫോര്‍മാറ്റിനു പിന്നില്‍. ടെസ്റ്റ് 20 ഫോര്‍മാറ്റിന്റെ ഉപദേശക സമിതിയിലാവട്ടെ ഹര്‍ഭജന്‍ സിംഗ് മാത്യു ഹെയ്ഡന്‍, ക്ലൈവ് ലോയ്ഡ്, എബിഡി വില്ലിയേഴ്‌സ് തുടങ്ങിയ ഇതിഹാസ താരങ്ങളാണ് ഉള്ളത്. ഏറെ ആവേശത്തോടെയാണ് താരങ്ങള്‍ ക്രിക്കറ്റിലെ നാലാം പതിപ്പിനെ സ്വീകരിച്ചിരിക്കുന്നത്.

Advertising
Advertising

പ്രധാനമായും യുവതാരങ്ങളെയാണ് ക്രിക്കറ്റിലെ ഈ പുതിയ രീതി ലക്ഷ്യം വെച്ചിരിക്കുന്നത്. ഐപിഎല്‍ പോലെ ലോകത്താകമാനമുള്ള 13 മുതല്‍ 19 വരെയുള്ള ഏജ് ഗ്രൂപ്പില്‍ വരുന്ന യുവതാരങ്ങളെ ഒറ്റ ഫ്രാഞ്ചൈസിക്ക് കീഴില്‍ ഒരുമിപ്പിക്കുക എന്നതാണ് ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റ് മാതൃകയില്‍ വെള്ള ജേഴ്‌സിയില്‍ റെഡ് ബോളിലായിയിരിക്കും മത്സരം നടക്കുക. എന്നാല്‍ നിലവിലെ ടി20 ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമായി 20 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്‌സുകള്‍ കളിക്കും. ആകെ 80 ഓവര്‍ ദൈര്‍ഖ്യമുള്ള ഈ ടെസ്റ്റ് 20 ക്ക് ഒരു ദിവസമാണ്് ദൈര്‍ഘ്യം

രണ്ടു ടീമുകള്‍ക്കുമായി നാല് ഓവര്‍ നീണ്ട പവര്‍ പ്ലേയ് ആയിരിക്കും ഉണ്ടായിരിക്കുക. ടെസ്റ്റ് ക്രിക്കറ്റിലെ പോലെ തന്നെ ഫോളോ ഓണ്‍ ഈ ഫോര്‍മാറ്റിലുമുണ്ട്. ആദ്യ ഇന്നിംഗ്‌സ് ബാറ്റ് ചെയ്യുന്ന ടീമിന് 75 റണ്‍സ് ലീഡ് ഉണ്ടെങ്കില്‍ ഫോളോ ഓണ്‍ പ്രഖ്യാപിക്കാം. ആകെ അഞ്ച് ബൗളേഴ്‌സ് ആയിരിക്കും ഒരു ടീമില്‍ ഉണ്ടാവുക. ഓരോരുത്തര്‍ക്കും എട്ട് ഓവര്‍ വീതമാണ് എറിയേണ്ടത്. മത്സരം വിജയത്തിലോ പരാജയത്തിലോ സമനിലയിലോ കലാശിച്ചേക്കാം.

നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ പഴമൊഴി. ക്രിക്കറ്റിന്റെ പുത്തന്‍ ഫോര്‍മാറ്റിലേക്ക് വരുമ്പോഴും പഴമൊഴി അനുസരിച്ചു തന്നെ. നൂതന സാങ്കേതികവിദ്യയായ എഐ ഡിസ്‌കവറി എഞ്ചിന്റെ ഉപയോഗം ടെസ്റ്റ് 20 യുടെ ഒരു സവിശേഷതയാണ്. ഈ പ്ലാറ്റ്‌ഫോമിലൂടെ വീഡിയോ അനാലിസിസ്, മോഷന്‍ സെന്‍സര്‍ ടെക്‌നോളജി തുടങ്ങിയവ വഴി ഒരു ബാറ്ററുടെയും ബൗളറുടെയും കഴിവുകളും സാധ്യതകളും നിഷ്പക്ഷമായി വിലയിരുത്തുന്നതിന് സഹായിക്കുന്നു. തുടര്‍ന്ന ടിടിപി അഥവാ ടെക് ട്രാന്‍സ്ഫര്‍ പാര്‍ട്‌നെര്‍ഷിപ് വഴി ലോകത്താകമാനമുള്ള ക്രിക്കറ്റ് അസോസിയേഷനുകളിലേക്കും, ബോര്‍ഡുകളിലേക്കും എത്തിക്കുകയും ചെയ്യും. ഇത് കളിക്കാരുടെ സ്‌കൗട്ടിംഗും ടീമിലേക്കുള്ള തിരഞ്ഞെടുപ്പും വസ്തുനിഷ്ടവും സുതാര്യവുമാക്കുന്നതിന് സഹായിക്കുന്നു.

കുട്ടി ക്രിക്കറ്റ് എന്ന ചെല്ലപ്പേരുള്ള ടി20 യുടെ വരവ് ക്രിക്കറ്റ് ലോകത്തെ ഒരു വിപ്ലവം തന്നെയായിരുന്നു കൊണ്ടുവന്നത്. ആകെ 20 ഓവര്‍ മാത്രം നീണ്ട ഫോര്‍മാറ്റ് ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റിയ ഒന്നായിരുന്നു. ഐപിഎല്‍ പോലെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവ് ഒരു വലിയ ടാലെന്റ് പൂള്‍ തന്നെയാണ് സൃഷ്ടിച്ചത്. കൂടാതെ ലോകരാജ്യങ്ങളിലെ പ്രബലരായ താരങ്ങളോടൊപ്പം കളിച്ചു പരിചയിക്കുന്നതിനും സഹായിക്കുന്നു. നിലവില്‍ യുവതാരങ്ങള്‍ക്ക് അത്തരത്തില്‍ ഒരു അവസരമില്ല അവിടെയാണ് ടെസ്റ്റ് 20 എന്ന പുത്തന്‍ ഫോര്‍മാറ്റിന്റെ പ്രസക്തി. കൂടാതെ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് പുറമെ കൂടുതല്‍ യുവ കളിക്കാര്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനും വളര്‍ത്തിക്കൊണ്ടു വരുന്നതിനും സഹായിക്കുന്നു.

അടുത്ത വര്‍ഷം ജനുവരി മുതലാണ് ടെസ്റ്റ്20ക്ക് തുടക്കമാവുന്നത്. ആറ് ഫ്രാഞ്ചൈസികളാണ് ആദ്യ എഡിഷനില്‍ ഉണ്ടായിരിക്കുക. ജൂനിയര്‍ ടെസ്റ്റ്20 ചാമ്പ്യന്‍ഷിപ്പ് വഴി കണ്ടെത്തുന്ന ലോകത്താകമാനമുള്ള 50 രാജ്യങ്ങളിലെ 300 ഓളം യുവതാരങ്ങളാണ് താരലേലത്തില്‍ പങ്കെടുക്കുന്നത്. ഓരോ ഫ്രാഞ്ചൈസിയിലും 16 അംഗ സ്‌ക്വാഡാണ് ഉണ്ടായിരിക്കുക. ഇതില്‍ എട്ട് ഇന്ത്യന്‍ താരങ്ങളും എട്ട് വിദേശതാരങ്ങളും ഉള്‍പ്പെടും.

ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ഷമയും ടി20 യുടെ വേഗതയും ആക്രമണോത്സുകതയും സമന്വയിപ്പിച്ച ഒരു ഫോര്‍മാറ്റിനായി ആരാധകര്‍ കട്ട വെയിറ്റിംഗിലാണ്. ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിയേക്കാവുന്ന മാറ്റമായിരിക്കുമോ ഇത? കാത്തിരുന്നു കാണാം..

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News