സ്റ്റേഡിയത്തിന് പുറത്തേക്ക് രണ്ട് പടുകൂറ്റൻ സിക്‌സറുകള്‍: വരവറിയിച്ച് ലിവിങ്സ്റ്റൺ

പാകിസ്താനെതിരായ രണ്ടാം ടി20യിലാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിയ രണ്ട് സിക്‌സറുകൾ ലിവിങ്സ്റ്റണിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

Update: 2021-07-19 05:18 GMT
Editor : rishad | By : Web Desk

പാകിസ്താനെ വിറപ്പിച്ച് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ലിയാം ലിവിങ്സ്റ്റണിന്റെ രണ്ട് പടുകൂറ്റൻ സിക്‌സറുകൾ. രണ്ടാം ടി20യിലാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിയ രണ്ട് സിക്‌സറുകൾ ലിവിങ്സ്റ്റണിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പാകിസ്താന്റ ഹാരിസ് റഊഫ് ആയിരുന്നു ബൗളർ. 121.96 മീറ്ററായിരുന്നു സിക്‌സറിന്റെ ദൂരം.

ഈ ടൂർണമെന്റിൽ അപാരഫോമിലാണ് ലിവിങ്സ്റ്റൺ. ആദ്യ ടി20യിൽ തകർപ്പൻ സെഞ്ച്വറി നേടിയ ലിവിങ്സ്റ്റൺ ശ്രദ്ധ നേടിയിരുന്നു. ഒരു ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്റെ വേഗമേറിയ ടി20 സെഞ്ച്വറിയാണ് ഈ വലംകയ്യൻ ബാറ്റ്‌സ്മാൻ സ്വന്തമാക്കിയത്. ആ മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റെങ്കിലും യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ തന്നെയും പരിഗണിക്കണം എന്ന് വിളിച്ചോതുന്നതായിരുന്നു ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ്.

Advertising
Advertising

രണ്ടാം ടി20യിൽ ഇമാദ് വാസിമിന്റെ പന്തും ലിവിങ്സ്റ്റൺ സ്റ്റേഡിയത്തിന് പുറത്തെത്തിച്ചിരുന്നു. ഇമാദ് വാസിം സ്പിൻ ബൗളറായിരുന്നുവെങ്കിൽ ഹാരിസ് റഊഫ് ഫാസ്റ്റ് ബൗളറായിരുന്നു. റഊഫിന് തലക്ക് മുകളിലൂടെ പറന്ന പന്ത് സ്റ്റേഡിയത്തിന് പുറത്താണ് പതിച്ചത്. ഏറ്റവും വലിയ സിക്‌സർ എന്നാണ് ഇതിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിശേഷിപ്പിക്കുന്നത്. അതേസമയം ഐസിസിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക കണക്കുകളൊന്നും വന്നിട്ടില്ല.

സ്റ്റേഡിയത്തിന്റെ വലുപ്പവും മറ്റും കണക്കാക്കിയാണ് 121.96 എന്ന നീളം കുറിച്ചത്. ഇത് ശരിയാണെങ്കിൽ റെക്കോർഡാണ്. 23 പന്തുകളിൽ നിന്ന് 38 റൺസാണ് ലിവിങ്സ്റ്റൺ രണ്ടാം ടി20യിൽ നേടിയത്. രണ്ട് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ്. ഏഴ് ടി20 മത്സരങ്ങളാണ് ലിവിങ്സ്റ്റൺ കളിച്ചത്. 103 റൺസാണ് ഉയർന്ന സ്‌കോർ. 165.29 ആണ് 27കാരനായ ലിവിങ്സ്റ്റണിന്റെ സ്‌ട്രേക്ക്‌റേറ്റ്.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News