മാഞ്ചസ്റ്ററില്‍ ലിവിങ്സ്റ്റണിന്‍റെ പടുകൂറ്റന്‍ സിക്സര്‍; കാണാതായ പന്ത് കണ്ടെത്തിയത് തൊഴിലാളികള്‍

ലിവിങ്സ്റ്റന്‍റെ സിക്സര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്

Update: 2022-06-02 11:51 GMT
Advertising

ഈ സീസൺ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനം ഇംഗ്ലണ്ടിലും തുടരുകയാണ് ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ. കഴിഞ്ഞ ദിവസം ട്വന്‍റി 20 ബ്ലാസ്റ്റ് മത്സരത്തിനിടെ ലിവിങ്സ്റ്റൺ അടിച്ച ഒരു പടുകൂറ്റൻ സിക്‌സറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മാഞ്ചസ്റ്ററിൽ വച്ചു നടന്ന മത്സരത്തിൽ ലങ്കാ ഷെയറിന് വേണ്ടി ഡെർബിഷെയറിനെതിരെയാണ് ലിവിങ്‌സ്റ്റന്‍റെ തകർപ്പൻ ഇന്നിംഗ്‌സ്. മത്സരത്തിൽ 21 റൺസെടുത്ത് നിൽക്കുന്നതിനിടെ സ്‌കോട്ടിഷ് സ്പിന്നർ മാർക്ക് വാട്ടിന്‍റെ പന്തിലാണ് ലിവിങ്സ്റ്റൺ കൂറ്റൻ സിക്‌സർ പറത്തിയത്. സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് മത്സരം നടന്നത്. ലിവിങ്സ്റ്റന്‍റെ സിക്‌സർ ചെന്ന് പതിച്ചതാവട്ടെ നിർമാണ പ്രവർത്തികൾ നടക്കുന്ന സ്ഥലത്ത്.

പന്തെടുക്കാനായി ലങ്കാ ഷെയർ ഫീൽഡർമാർ ഏറെ നേരം ശ്രമിച്ചു. എന്നാൽ പന്ത് കണ്ടെത്താൻ കഴിയാതായതോടെ നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് പന്ത് കണ്ടെത്തിയത്. കാണാതായ പന്ത് കണ്ടെത്താൻ തൊഴിലാളികൾ ഒരൽപ്പം പണിപ്പെട്ടു. ഇതോടെ ലിവിങ്സ്റ്റന്‍റെ സിക്‌സർ  സോഷ്യൽ മീഡിയയിൽ വൈറലായി.

മത്സരത്തിൽ 40 പന്തിൽ നിന്ന് 75 റൺസെടുത്ത ലിവിങ്സ്റ്റൺ ലങ്കാഷെയറിന്‍റെ 17 റൺസ് വിജയത്തിൽ നിർണ്ണായക സാന്നിധ്യമായി.

പ്ലേ ഓഫിൽ പ്രവേശിക്കാനായില്ലെങ്കിലും ഐ.പി.എല്ലിൽ ഈ സീസണിൽ പഞ്ചാബിനായി 14 മത്സരങ്ങളിൽ നിന്ന് 427 റൺസാണ് ലിവിങ്സ്റ്റണ്‍ അടിച്ചു കൂട്ടിയത്.

Construction Workers Help Retrieve Ball After Liam Livingstone's Huge Six In T20 Blast

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News