ഐസിസി ഏകദിന റാങ്കിങ്; രോഹിതിനെ മറികടന്ന് കിവീസ് താരം ഒന്നാമത്
ശുഭ്മാൻ ഗിൽ നാലാമതും കോഹ്‌ലി അഞ്ചാമതും തുടരുന്നു
ദുബൈ: ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങിൽ രോഹിത് ശർമയെ മറികടന്ന് ന്യൂസിലൻഡ് താരം ഡാരൽ മിച്ചൽ ഒന്നാമത്. പുതുക്കിയ റാങ്കിങിൽ രോഹിത് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ സെഞ്ച്വറിയാണ് ന്യൂസിലാൻഡ് ബാറ്ററെ തലപ്പത്തെത്തിച്ചത്.
ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ന്യൂസിലൻഡ് താരമാണ് മിച്ചൽ. കിവീസ് ഇതിഹാസം ഗ്ലെൻ ടർണറാണ് നേരത്തെ ഐസിസിയുടെ തലപ്പത്തേക്ക് മുന്നേറിയത്. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത് ശർമയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. മൂന്നാഴ്ചയായി റാങ്കിൽ ഒന്നാം സ്ഥാനത്ത് തുടർന്ന ഇന്ത്യൻ ഓപ്പണറെ ഒരു റേറ്റിങ് പോയന്റ് വ്യത്യാസത്തിലാണ് മിച്ചൽ മറികടന്നത്. 782 റേറ്റിങ് പോയന്റാണ് മിച്ചലിനുള്ളത്. രോഹിതിന് 781ഉും.
അഫ്ഗാനിസ്താൻ താരം ഇബ്രാഹിം സദ്രാൻ മൂന്നാമതും ഇന്ത്യയുടെ ശുഭ്മാൻ ഗിൽ നാലാമതുമാണ്. വിരാട് കോഹ്ലി അഞ്ചാംസ്ഥാനത്ത് തുടരുമ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി ബാബർ അസം ആറാമതെത്തി.