ആദ്യ പന്തില്‍ തന്നെ റാഷിദ് ഖാനെ സിക്‌സര്‍ പറത്തി സമീര്‍ റിസ്‌വി; അത്ഭുതത്തോടെ വീക്ഷിച്ച് എം.എസ് ധോണി

19ാം ഓവറിലാണ് അഫ്ഗാന്‍ സ്പിന്നറെ രണ്ട് തവണ സിക്‌സര്‍ പറത്തിയത്.

Update: 2024-03-27 10:26 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ചെന്നൈ: ഐപിഎലില്‍ ആദ്യമായി ബാറ്റിങിനായി ഇറങ്ങുന്നു. ആദ്യ ഓവര്‍ തന്നെ നേരിടേണ്ടത് അപകടകാരിയായ ബൗളര്‍ റാഷിദ്ഖാനെ. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവതാരം സമീര്‍ റിസ്‌വിക്ക് ഇതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാന്‍ ബൗളര്‍ റാഷിദ്ഖാനെ ലെഗ് സൈഡിലൂടെ സിക്‌സര്‍ പറത്തി താരം വരവറിയിച്ചു. അവസാന പന്തില്‍ സ്റ്റെപ്ഔട്ട് ചെയ്തുവന്ന് ലോങ് ഓഫീലൂടെ പന്തിനെ വീണ്ടും ഗ്യാലറിയിലെത്തിച്ചു. ഡ്രസിങ് റൂമിലിരുന്ന് മഹേന്ദ്ര സിങ് ധോണി പോലും ആശ്ചര്യത്തോടെയാണ് 20 കാരന്റെ ബാറ്റിങ് പ്രകടനം വീക്ഷിച്ചത്.

19ാം ഓവറിലാണ് അഫ്ഗാന്‍ സ്പിന്നറെ രണ്ട് തവണ സിക്‌സര്‍ പറത്തിയത്. അവസാന ഓവറില്‍ കത്തികയറിയ താരം 6 പന്തില്‍ 14 റണ്‍സാണ് നേടിയത്. ചെന്നൈ ഇന്നിങ്‌സ് 200 കടത്തിയതും സമീര്‍ റിസ്‌വിയുടെ ഫിനിഷിങ് മികവിലായിരുന്നു. നേരത്തെതന്നെ താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍മാത്രം തിളങ്ങിയ താരത്തെ ലേലത്തില്‍ വന്‍തുക മുടക്കിയാണ് സിഎസ്‌കെ കൂടാരത്തിലെത്തിച്ചത്. ഇതോടെയാണ് യുപി താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ആദ്യ മത്സരത്തില്‍ ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം കളിയില്‍ തന്നെ എന്തുകൊണ്ടാണ് ഇത്രവലിയ വിലകൊടുത്ത് തന്നെ വാങ്ങിയതെന്നതിനുള്ള മറുപടി കൂടിയാണ് നല്‍കിയത്. ഉജ്ജ്വല പ്രകടനത്തോടെ ചെന്നൈയുടെ ഫിനിഷറുടെ റോളില്‍ താരം സീറ്റുറപ്പിച്ചു കഴിഞ്ഞു. തല ധോണിയടക്കമുള്ള താരങ്ങള്‍ നില്‍ക്കെയാണ് യുവതാരത്തിന് സ്ഥാനകയറ്റം നല്‍കി ബാറ്റിങിനിറങ്ങാന്‍ അവസരമൊരുക്കിയത്. മത്സരത്തില്‍ ഗുജറാത്തിനെതിരെ 63 റണ്‍സിന് വലിയ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News