ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തിന് യാതൊരു മാറ്റവും സംഭവിക്കില്ല; സ്ഥിരീകരിച്ച് ബിസിസിഐ
ടെസ്റ്റ് പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മൺ വന്നേക്കുമെന്ന റൂമറുകളാണ് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ തള്ളിക്കളഞ്ഞത്
മുംബൈ: മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാദങ്ങൾ ബിസസിഐ തള്ളി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കിയത്. അതോടെ ഗൗതം ഗംഭീർ തന്നെ പരിസീലക സ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ യാതൊന്നും ശരിയല്ല. വെറും ഊഹാപോഹങ്ങൾ മാത്രമാണത്. ചില പ്രശസ്തമായ മാധ്യമങ്ങൾ പോലും തെറ്റായവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിസിസഐ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവജിത് സൈകിയ പറഞ്ഞു. ഈ പ്രചരിക്കുന്നത് വെറും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നതിൽ കൂടുതലൊന്നും പറയാനില്ല. ദേവജിത് സൈകിയ പറഞ്ഞു.
ഈ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഇതോടെയാണ് ഗൗതം ഗംഭീർ ടെസ്റ്റ് പരിസീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വിവിഎസ് ലക്ഷ്മൺ പരിശീലകനായേക്കുമെന്ന വാർത്തകൾ ശക്തമായത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ 12 വർഷങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയിരുന്നു. തുടർന്ന് ബോർഡർ ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇല്ലാതെയായത്. ദക്ഷിണാഫ്രിക്കയോടുള്ള പരാജയത്തോടെ 2025-27 ലേക്കുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.
ഗൗതം ഗംഭീറിന് കീഴിൽ ടെസ്റ്റിൽ പ്രകടനത്തിന് മങ്ങലേറ്റെങ്കിലും ഏകദിനത്തിലും ടി20യിലും മികച്ച പ്രകടമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. ഈ വർഷം മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയും ആഗസ്റ്റിൽ ഏഷ്യാ കപ്പും സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതിനു വിപരീതമായി, ഗംഭീറിന് കീഴിലുള്ള ഇന്ത്യയുടെ ടെസ്റ്റ് റെക്കോർഡ് ഏഴ് വിജയവും 10 തോൽവിയും രണ്ട് സമനിലയുമാണ്.
ടെസ്റ്റിൽ ഇന്ത്യക്ക് ആശ്വസിക്കാനുള്ള വകയുമുണ്ട് . ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-2 സമനിലയിലാക്കിയിരുന്നു. പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടന്ന രണ്ട് മത്സരങ്ങളുള്ള ഇന്ത്യ തൂത്തുവാരി. എന്നിരുന്നാലും, കൊൽക്കത്തയിൽ 124 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടരുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞ ദക്ഷിണാഫ്രിക്ക, 408 റൺസിന്റെ ഏറ്റവും വലിയ ടെസ്റ്റ് തോൽവിയും ഇന്ത്യക്ക് നൽകി. കഴുത്തിലെ പരിക്കിനെ തുടർന്ന് ഗിൽ രണ്ട് ടെസ്റ്റുകളിലും കളിച്ചിരുന്നില്ല. ഗില്ലിന് പകരം ഋഷഭ് പന്താണ് ടീമിനെ നയിച്ചത്.
ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2026 ഫെബ്രുവരിയിൽ സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പ് സ്വന്തമാക്കുക എന്നതാണ്. ഫെബബ്രുവരി ഏഴിന് യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യപാകിസ്ഥാൻ, നമീബിയ, നെതർലാൻഡ്‌സ്, യുഎസ്എ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്.