ആദ്യം വിയർത്തു; പിന്നെ ഓറഞ്ച് പടയ്ക്കെതിരെ വിജയം എറിഞ്ഞെടുത്ത് പാകിസ്താൻ

41 ഓവറിൽ 205 റൺസിന് ടീമിലെ എല്ലാവരും പുറത്തായി.

Update: 2023-10-06 16:55 GMT
Advertising

ഹൈദരാബാദ്: പൊതുവെ കുറഞ്ഞ വിജയലക്ഷ്യം മുന്നിൽവച്ച് തുടങ്ങിയ കളിയിൽ ആദ്യമൊന്ന് വിയർത്തെങ്കിലും പിന്നീട് ഗിയർ മാറ്റി നെതർലൻഡ്‌സിനെതിരെ വിജയം എറിഞ്ഞെടുത്ത് പാകിസ്താൻ. പാക് നിര ഓൾഔട്ടായി നേടിയ 286 റൺസ് മറികടക്കാൻ ഇറങ്ങിയ ഓറഞ്ച് പട ലക്ഷ്യത്തിന്റെ 81 റൺസകലെ പോരാട്ടം അവസാനിപ്പിച്ചു. അർധ സെഞ്ചുറി നേടിയ ഓപണറും ഇന്ത്യൻ വംശജനുമായ വിക്രംജിത് സിങ്ങും ബാസ് ഡെ ലീദെയുമാണ് ടീമിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 41 ഓവറിൽ 205 റൺസിന് ടീമിലെ എല്ലാവരും പുറത്തായി.

ടീം സ്‌കോർ 28ലെത്തി നിൽക്കെ ഓറഞ്ച് പടയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപണർ മാക്‌സ് ഒഡോവ്ഡ് ആണ് (12 പന്തിൽ അഞ്ച്) ആദ്യം പുറത്തായത്. പിന്നാലെയെത്തിയ കോളിൻ അക്കർമാനും (21 പന്തിൽ 17) തിളങ്ങാനായില്ല. ഇതിനിടെ, ടീം സ്കോർ 120ലായിരിക്കെ വിക്രംജിത് സിങ് 67 പന്തിൽ നിന്ന് 57 റൺസെടത്ത് കൂടാരം കയറി. ബാസ് ഡെ ലീദെ 68 പന്തിൽ 67 റൺസെടുത്ത് പ്രതിരോധ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ലീദെ പുറത്തായപ്പോൾ തുടർന്നു വന്ന ബാറ്റർമാരും നിരാശപ്പെടുത്തി.

ഒടുവിൽ ലോഗൻ വാൻ ബീക്ക് ഇടയ്ക്ക് ചെറിയ ആശ്വാസം നൽകിയെങ്കിലും വിജയത്തിനായുള്ള പരിശ്രമം 28 റൺസിൽ അവസാനിച്ചു. വാലറ്റക്കാർക്കും ക്രീസിൽ പിടിച്ചുനിൽക്കാനാവാതെ വന്നതോടെ ടീം പരാജയം സമ്മതിക്കുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഹാരിസ് റഊഫും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹസൻ അലിയുമാണ് നെതെർലൻഡിൻസിന്റെ നടുവൊടിച്ചത്. ഷഹീൻ അഫ്രീദി, ഇഫ്തിഖാർ അഹമദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി വിജയം എളുപ്പമാക്കി.

നേരത്തെ, തിരിച്ചടിയോടെ തുടങ്ങിയ പാകിസ്താൻ നെതർലൻഡ്‌സിനെതിരെ മുഹമ്മദ് റിസ്‌വാന്റെയും സൗദ് ഷക്കീലിന്റെയും അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ടീം സ്കോർ 15ലെത്തിയപ്പോഴേക്കും ഓപണർ ഫഖർ സമാന്റെ (15 പന്തിൽ 12 റൺസ്) വിക്കറ്റ് വീണു. പിന്നാലെ വൺഡൗണായെത്തിയ നായകൻ ബാബർ അസമിനും അധിക നേരം പിടിച്ചുനിൽക്കാനായില്ല.

18 പന്ത് നേരിട്ട ബാബർ അസം വെറും അഞ്ച് റണ്ണെടുത്ത് നിൽക്കെ കോളിൻ അക്കർമാന്റെ പന്തിൽ സാഖിബ് സുൽഫിക്കറുടെ കൈയിൽ കുടുങ്ങി പവലിയനിലേക്ക് നടന്നു. തുടർന്ന് സ്കോർ ബോർഡിൽ നാല് റൺ കൂടി ചേരുമ്പോഴേക്കും അടുത്ത ഓപണറും വീണു. 19 പന്തിൽ 15 റൺസുമായി ഇമാമുൽ ഹഖും മടങ്ങി. അപ്പോൾ ടീം സ്കോർ 38.

ഇതോടെ പാകിസ്താൻ പ്രതിരോധത്തിലായി. എന്നാൽ, നാലാം വിക്കറ്റിൽ റിസ്‍വാനും ഷക്കീലും ചേർന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ടീം സ്കോർ 150 കടത്തിയത്. റിസ്‍വാൻ 75 പന്തിൽ 68 റൺസെടുത്തപ്പോൾ ഷക്കീൽ 52 പന്തിൽ 68 റൺ സംഭാവന ചെയ്തു. തുടർന്നെത്തിയ ഇഫ്തിഖാർ അഹ്മദിനും (11 പന്തിൽ ഒമ്പത്) കാലുറപ്പിക്കാനായില്ല.

തുടർന്ന് മുഹമ്മദ് നവാസും (43 പന്തിൽ 39) ഷദാബ് ഖാനും (34 പന്തിൽ 32) ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. എന്നാൽ ഇവരും പുറത്തായതോടെയെത്തിയ ഹസൻ അലി പൂജ്യനായി മടങ്ങി. തുടർന്ന് ഹാരിസ് റൗഫ് 14 പന്തിൽ 16 റണ്ണെടുത്ത് പുറത്തായപ്പോൾ 13 റൺസുമായി ഷഹീൻ അഫ്രീദി പുറത്താകാതെ നിന്നു.

നെതർലൻഡ്സിനായി ബാസ് ദെ ലീഡെ നാലു വിക്കറ്റ് നേടി. കോളിൻ അക്കർമാൻ രണ്ടു വിക്കറ്റും ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്, പോൾ വാൻ മീകെരേൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ നെതർലൻഡ്സ് പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലോകകപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ രണ്ട് കളിയില്‍ മാത്രമാണ് ഓറഞ്ച് പടയുടെ ജയം. 2007ല്‍ സ്‌കോട്‌ലന്‍ഡിനെതിരെയായിരുന്നു അവസാന ജയം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News