ഇല്ലായ്മയിൽ ധാരാളിയായി ഷഫീഖ്: ഡക്കോട് ഡക്ക്, നാണക്കേടിന്റെ റെക്കോർഡ്

ടി20 ചരിത്രത്തിൽ നാല് മത്സരങ്ങളിൽ റൺസൊന്നും എടുക്കാതെ പുറത്തായ മറ്റൊരു ബാറ്റർ നിലവിൽ ലോകക്രിക്കറ്റിൽ ഇല്ല

Update: 2023-03-27 08:25 GMT
Editor : rishad | By : Web Desk

അബ്ദുള്ള ഷഫീഖ്

ഷാർജ: അഫ്ഗാനിസ്താൻ- പാകിസ്താൻ ടി20 മത്സരം തന്നെ ചരിത്രത്തിലേക്കായിരുന്നു. ആദ്യമായി ഒരു ടി20 പരമ്പരയിൽ പാകിസ്താനെ അഫ്ഗാനിസ്താൻ തോൽപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അവർ നേടിക്കഴിഞ്ഞു. പാക് നായകൻ ബാബർ അസമിന് വിശ്രമം കൊടുത്തുള്ള പരമ്പരയിൽ പാകിസ്താൻ തകർന്നടിയുകയായിരുന്നു. അഫ്ഗാനിസ്താന്റെ ചരിത്രനേട്ടത്തിന് പുറമെ വ്യക്തിഗത കോട്ടങ്ങളും ഈ പരമ്പരയിൽ ഉണ്ടായിട്ടുണ്ട്.

അതിലൊന്നായിരുന്നു പാക് ബാറ്റർ അബ്ദുള്ള ഷഫീഖിന് ലഭിച്ചൊരു നാണക്കേടിന്റെ 'റെക്കോർഡ്'. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ഷഫീഖ് ടി20യിൽ തുടർച്ചയായ നാല് മത്സരങ്ങളിലാണ് ഇങ്ങനെ പുറത്തായത്. ടി20 ചരിത്രത്തിൽ നാല് മത്സരങ്ങളിൽ റൺസൊന്നും എടുക്കാതെ പുറത്തായ മറ്റൊരു ബാറ്റർ നിലവിൽ ലോകക്രിക്കറ്റിൽ ഇല്ല. അഫ്ഗാനിസ്താനെതിരായ രണ്ടാം ടി20യിൽ ഫസലുള്ള ഫാറൂഖിയാണ് താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ താരത്തിന് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.

Advertising
Advertising

റിവ്യു ആവശ്യപ്പെട്ടെങ്കിലും പുറത്ത് പോകാനായിരുന്നു യോഗം. പരമ്പരയിലെ ആദ്യ മത്സരത്തിലും വിക്കറ്റിന് മുന്നിൽ കുരുങ്ങിയായിരുന്നു താരത്തന്റെ മടക്കം. ഏറെ നാൾ ടീമിന് പുറത്തായ ഷഫീഖ്, പാകിസ്താൻ സൂപ്പർലീഗിലെ മെച്ചപ്പെട്ട പ്രകടനത്തിന് പിന്നാലെയാണ് ടീമിലേക്ക് കയറിപ്പറ്റിയത്. ഇതിന് മുമ്പ് 2020ൽ ന്യൂസിലാൻഡിനെതിരെ ആയിരുന്നു ഷഫീഖ്, പാക് ജേഴ്‌സിയിൽ കളിച്ചിരുന്നത്. അതിൽ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പോകാനായിരുന്നു ഷഫീഖിന്റെ വിധി. ആകെ അഞ്ച് ടി20 മത്സരങ്ങളെ ഷഫീഖ് കളിച്ചുള്ളൂ. അതിൽ നാലും ഡക്ക്. നേരത്തെ ഇന്ത്യൻ താരം സൂര്യകുമാർ യാദവും സമാനമായ അവസ്ഥയിലൂടെ കടന്ന് പോയിരുന്നു.

ഏകദിനത്തിലായിരുന്നു സൂര്യകുമാർ യാദവിന്റെ പുറത്താകൽ. ആസ്‌ട്രേലിയക്കെതിരെ ഇക്കഴിഞ്ഞ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായിരുന്നു. അതേസമയം രണ്ടാം ടി20യിൽ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്താന്റെ വിജയം. പാക് ബാറ്റർമരെ അഫ്ഗാൻ ബൗളർമാർ പൂട്ടിയപ്പോൾ നേടാനായത് 130 റൺസ് മാത്രം. ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാനിസ്താൻ ലക്ഷ്യം മറികടക്കുകയായിരുന്നു.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News