ഫൈനലിനിടെ ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് പാകിസ്താന്റെ ഇമാദ് വാസിം; വിമര്‍ശനം

പാകിസ്താൻ സ്‌മോക്കിങ് ലീഗ് എന്നാണ് ഒരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്‌

Update: 2024-03-19 11:17 GMT
Editor : rishad | By : Web Desk
Advertising

ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗ്(പി.എസ്.എല്‍) ഫൈനലില്‍ ഇസ്‌ലാമാബാദ്‌ യുനൈറ്റഡും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലുള്ള കിരീടപ്പോരാട്ടത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് പാക് താരം ഇമാദ് വാസിം.

മത്സരത്തിനിടെ ഡ്രസിങ് റൂമിൽനിന്നുള്ള ദൃശ്യങ്ങൾ ക്യാമറയില്‍ പതിഞ്ഞതോടെയാണ് പുകവലി പുറത്തായത്. സംഭവം ടിവിയിൽ ലൈവായി ജനം കണ്ടതോടെ വിവാദവുമായി. പാക് താരത്തിന്റെ പുകവലി സമൂഹമാധ്യമത്തിൽ വൈറലാണ്. മത്സരത്തില്‍ നാലോവറില്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമാദ് വാസിം ബൗളിംഗില്‍ തിളങ്ങിയിരുന്നു.

മുള്‍ട്ടാന്‍ സുല്‍ത്താന്‍ ബാറ്റിങ്ങിനിടെ പതിനേഴാം ഓവര്‍ എറിഞ്ഞ ശേഷം ഇമാദ് വാസിം, ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയിരുന്നു. പിന്നാലെയാണ്  ഇമാദ് വാസിം സിഗരറ്റ് എടുത്തത്. ഇത്തരത്തില്‍ പുകവലിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. പാകിസ്താന്‍ സ്മോക്കിങ് ലിഗ് എന്നാണ് ഒരാള്‍ കുറിച്ചത്. 

ഫൈനലിൽ ആദ്യം ബാറ്റുചെയ്ത മുൾട്ടാൻ സുൽത്താൻസ് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണു നേടിയത്. മറുപടിയിൽ ഇസ്‍ലാമാബാദ് യുണൈറ്റഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. അവസാന പന്തിൽ വിജയ റൺസ് കണ്ടെത്തിയ ഇസ്‍ലാമാബാദ് രണ്ടു വിക്കറ്റ് വിജയമാണ് മത്സരത്തിൽ നേടിയത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇമാദ് വാസിം ഏകദിനത്തിൽ 55 മത്സരങ്ങളും ട്വന്റി20യിൽ 66 മത്സരങ്ങളും പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News