ഓവര്‍ സ്മാര്‍ട്ട് ആണെങ്കില്‍ പോകാമെന്ന് അവതാരകൻ; ടിവി ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയി ഷുഹൈബ് അക്തർ

പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനവും കളിച്ചിട്ടുള്ള താരമാണ് അക്തർ

Update: 2021-10-27 08:10 GMT
Editor : abs | By : Web Desk
Advertising

കറാച്ചി: ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് പാകിസ്താൻ ദേശീയ ചാനൽ പി.ടിവി നടത്തിയ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി സ്പീഡ്സ്റ്റർ ഷുഹൈബ് അക്തർ. അവതാരകനിൽ നിന്നുണ്ടായ മോശം പരാമർശത്തെ തുടർന്നാണ് അക്തർ ഗെയിം ഓൺ ഹൈ എന്ന ലൈവ് ഷോയിൽ നിന്ന് ഇറങ്ങിപ്പോയത്. വിവിയൻ റിച്ചാർഡ്‌സ്, ഡേവിഡ് ഗോവർ തുടങ്ങിയ മുൻനിര അതിഥികൾ ചർച്ചയിലുണ്ടായിരുന്നു.

ന്യൂസിലാൻഡിനെതിരെ നാലു വിക്കറ്റ് നേടിയ പേസർ ഹാരിസ് റൗഫിനെ കുറിച്ചാണ് ചർച്ച നടന്നുകൊണ്ടിരുന്നത്. ഈ വേളയിൽ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങളെ കണ്ടെത്തിയ പിഎസ്എൽ ടീം ലാഹോർ കലന്തേഴ്‌സിനെ കുറിച്ച് അക്തർ പ്രതിപാദിച്ചു. ഇത് എന്തുകൊണ്ടോ ഇഷ്ടപ്പെടാതിരുന്ന അവതാരകൻ നുഅമാൻ നിയാസ്, ഓവർ സ്മാർട്ട് ആകുന്നെങ്കിൽ ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. ഇരുവരും തമ്മിൽ വാദപ്രതിവാദം ആയതോടെ അവതാരകൻ ഇടവേളയ്ക്ക് ആവശ്യപ്പെടുകയായിരുന്നു. 

തിരിച്ചുവന്ന ശേഷവും വാക്‌പോര് തുടർന്നു. പിന്നാലെ, മറ്റ് അതിഥികളോട് ക്ഷമാപണം നടത്തിയ ശേഷം അക്തർ ചർച്ചയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. 'ഒരുപാട് ക്ഷമ ചോദിക്കുന്നു. ഞാൻ പിടിവിയിൽ നിന്ന് പിൻവാങ്ങുകയാണ്. ഒരു ദേശീയ ചാനലിൽ നിന്ന് ഇത്തരത്തിൽ അനുഭവമുണ്ടാകുന്നുവെങ്കിൽ ഇവിടെ ഇരിക്കേണ്ടതുണ്ട് എന്നു ഞാൻ കരുതുന്നില്ല. അതുകൊണ്ട് പോകുന്നു. നന്ദി' - എന്നാണ് അക്തർ പറഞ്ഞത്. ഒന്നും സംഭവിക്കാത്ത മട്ടിൽ അവതാരകൻ പരിപാടി തുടരുകയും ചെയ്തു.

പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനവും കളിച്ചിട്ടുള്ള താരമാണ് അക്തർ. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ കൂടിയാണ് റാവൽപിണ്ടി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന അക്തർ. താരത്തെ അപമാനിച്ച നുഅ്മാൻ നിയാസിനെതിരെ പ്രതിഷേധം ശക്തമാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News