പ്രതിഭയെ ധൂർത്തടിച്ചവൻ പൃഥ്വി ഷാ; ദേശീയ ടീമിലേക്ക് ഇനിയൊരു കംബാക്കുണ്ടാകുമോ?
കളിക്കളത്തിന് അകത്തും പുറത്തുമായി നിരവധി വിവാദങ്ങളിലാണ് താരം ഉൾപ്പെട്ടത്.
2018 ജനുവരി... ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിന് തൊട്ടുമുൻപായി ഐസിസിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. 'പൃഥ്വി ഷാ. ദി നെക്സ്റ്റ് സച്ചിൻ'. എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ. ഇന്നത് കാണുമ്പോൾ പലർക്കും തമാശയായോ അത്ഭുതമായോ തോന്നുമെങ്കിലും അന്നത് ശരിയായിരുന്നു. സച്ചിനെ ആരാധിച്ചു നടന്ന ആ പയ്യന്റെ അസാമാന്യ ബാറ്റിങ് പ്രകടനം അന്നു മുതൽ ക്രിക്കറ്റ് സർക്കിളുകളിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഷോട്ട് സെലക്ഷനും ബാറ്റിങ് സാങ്കേതികതികവുമെല്ലാം മറ്റേതൊരു യുവതാരങ്ങളിൽ നിന്നും മുംബൈക്കാരനെ വേറിട്ടുനിർത്തി. ഇന്ത്യയുടെ ഫ്യൂച്ചറെന്ന് മാധ്യമങ്ങൾ തലക്കെട്ടിട്ടു. അന്നത്തെ ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ കൂടിയായ പൃഥ്വി ഷായുടെ ബാറ്റിങ് മികവിനെ വാനോളം പ്രശംസിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡടക്കമുള്ള സീനിയർ താരങ്ങളും രംഗത്തെത്തി. പിന്നാലെ നടന്ന കൗമാര വിശ്വമേളയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടിയതും പലർക്കും ഓർമയുണ്ടാകും. ഇന്ത്യൻ ഏകദിന-ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ, ടി20 സെൻസേഷൻ അഭിഷേക് ശർമ, റിയാൻ പരാഗ്, അർഷ്ദീപ് സിങ് എന്നിവരെല്ലാം അന്ന് പൃഥ്വിയായുടെ ക്യാപ്റ്റൻസിയിൽ കളിച്ചവരെന്ന കാര്യം കൂടി ഓർക്കണം.പിന്നാലെ വിൻഡീസിനെതിരെ ടെസ്റ്റിൽ അരങ്ങേറി പ്രഥ്വി ഷാ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയും നേടി.
ഇനി പോയ ദിവസത്തെ ഒരു അസാധാരണ സംഭവത്തിലേക്ക് വരാം. രഞ്ജി ട്രോഫിയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരമാണ് വേദി. പൂനെ എംസിഎ സ്റ്റേഡിയത്തിൽ മുബൈ- മഹാരാഷ്ട്ര ടീമുകൾ ഏറ്റുമുട്ടുന്നു. പോയ സീസണിൽ മുംബൈ ടീമുമായി തെറ്റിപിരിഞ്ഞ പൃഥ്വി ഷാ മഹാരാഷ്ട്രക്ക് വേണ്ടിയാണ് പാഡണിയുന്നത്. തന്റെ മുൻ ടീമിനെതിരെ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ച്വറിയുമായാണ് 25 കാരൻ കംബാക് നടത്തിയത്. പേസർമാരെയും സ്പിന്നർമാരെയും ഒരേപോലെ നേരിട്ട ഷാ 220 പന്തിൽ 181 റൺസാണ് അടിച്ചെടുത്തത്. 21 ഫോറും മൂന്ന് സിക്സറും ആ ബാറ്റിൽ നിന്ന് പിറന്നു. ഓപ്പണിങിൽ അര്ഷിൻ കുൽക്കർണിയുമായി ചേർന്ന് സ്‌കോർ ബോർഡിൽ ചേർത്തത് 305 റൺസ്. ഒടുവിൽ മുഷീർ ഖാന്റെ ഓവറിൽ പൃഥ്വി ഷാ മടങ്ങുമ്പോൾ 430-3 എന്ന ശക്തമായ നിലയിലായിരുന്നു മഹാരാഷ്ട്ര. തുടർന്ന് നാടകീയ സംഭവങ്ങൾക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ഔട്ടായി മടങ്ങുന്നതിനിടെ മുംബൈ താരം മുഷീർ ഖാൻ പൃഥ്വിഷായെ സ്ലെഡ്ജ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പ്രകോപിതനായ ഷാ മുംബൈ കളിക്കാർക്കിടയിലേക്കെത്തി ബാറ്റുവീശി അക്രമിക്കാനോങ്ങുകായിരുന്നു. എതിർ താരങ്ങളുമായി ഏറെ നേരം തർക്കത്തിലും ഏർപ്പെട്ടു. ഒടുവിൽ അംബയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ബാറ്റിങിൽ തുടരെ പരാജയപ്പെട്ടതോടെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ 25 കാരൻ കളിക്കളത്തിനകത്തും പുറത്തും മോശം പെരുമാറ്റംകൊണ്ടും അടുത്തകാലത്തായി കുപ്രസിദ്ധി നേടിയിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹാരണമാണ് മുംബൈക്കെതിരായ മത്സരത്തിൽ കണ്ടത്. കരിയറിലെ പീക്കിൽ നിന്ന് അതിനേക്കാൾ വേഗത്തിൽ തകർന്നടിഞ്ഞ കരിയർ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനെന്ന നിലയിൽ ഡൽഹി ഡയർ ഡെവിൾസ് യങ് പൃഥ്വിയെ 1.2 കോടി നൽകിയാണ് 2008ൽ റാഞ്ചിയത്. രണ്ടാമത്തെ മാത്രം ഐപിഎൽ മത്സരത്തിൽ 44 പന്തിൽ 62 റൺസെടുത്ത് വരവറിയിക്കുകയും ചെയ്തു. 2021 സീസണിൽ നാല് ഫിഫ്റ്റിയടക്കം 15 ഇന്നിങ്‌സുകളിൽ നിന്നായി 479 റൺസാണ് അടിച്ചുകൂട്ടയത്. തുടർന്ന് 7.5 കോടി ചെലവഴിച്ച് താരത്തെ ഡൽഹി നിലനിർത്തുകയും ചെയ്തു. എന്നാൽ പിന്നാടങ്ങോട്ട് പണവും പ്രശസ്തിയും താരത്തിന്റെ കരിയറിനെ മാറ്റിമറിച്ചു. ക്രിക്കറ്റിൽ നിന്ന് ഫോക്കസ് നഷ്ടമായ താരം, ബാറ്റിനും പാഡിനുമിടയിൽ നിരന്തരം പരാജയപ്പെട്ടു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ബാറ്റിങിനെ ബാധിച്ചുതുടങ്ങി. സുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം ചെലവിട്ട പൃഥ്വി ഷാ തുടരെ വിവാദങ്ങളിലും ചെന്നുപെട്ടു. പരിശീലന ക്യാമ്പിൽ വൈകിയെത്തിയതും പലപ്പോഴും വലിയ വിമർശനങ്ങൾക്ക് കാരണമായി.
2019ൽ ഉത്തേജക മരുന്ന് വിവാദത്തിൽ പിടിക്കപ്പെട്ടതോടെ എട്ട് മാസത്തെ വിലക്കും ആ കരിയറിന് ബ്ലാക് മാർക്കായി. ഐപിഎൽ ടീമുകൾക്കും താരത്തെ വേണ്ടായി. ഡൽഹി ക്യാപിറ്റിൽസിൽ തുടരവെ പരിശീലകൻ റിക്കി പോണ്ടിങുമായും ഉടക്കി. ഏറ്റവുമൊടുവിൽ പോയ രഞ്ജി സീസണിനിടെ മുംബൈ ക്യാപ്റ്റൻ അജിൻക്യ രഹാനെയുമായും ക്രിക്കറ്റ് അസോസിയേഷനുമായുള്ള അഭിപ്രായ ഭിന്നത പുറത്തേക്കുള്ള പാത തെളിയിച്ചു. ഇതോടെ ആഭ്യന്തര ക്രിക്കറ്റിലും കരിയർ അനിശ്ചിതത്വത്തിലേക്ക് നീങ്ങി. സ്വപ്നതുല്യമായ തുടക്കം ലഭിച്ച കരിയർ അങ്ങനെ പതിയെ ഇന്ത്യൻ സർക്കിളിൽ നിന്ന് മാഞ്ഞുതുടങ്ങി. പ്രതിഭയെ ധൂർത്തടിച്ചു കളഞ്ഞ വിനോദ് കാംബ്ലിയുടെ കരിയറുമായി പോലും ക്രിക്കറ്റ് പണ്ഡിറ്റുകൾ ഷായെ താരതമ്യപ്പെടുത്തി. 2021ൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്.
തനിക്ക് മുന്നിൽ ഒന്നിന് പിറകെ ഒന്നായി നഷ്ടമാകുന്നതായി തിരിച്ചറിഞ്ഞ പൃഥ്വി ഷാ നേരെ പോയത് ക്രിക്കറ്റ് മൈതാനത്തേക്കായിരുന്നു. നൈറ്റ്‌സിൽ ദീർഘനേരം പരിശീലനത്തിൽ ഏർപ്പെട്ടും ഫിറ്റ്‌നസ് വീണ്ടെടുക്കാനിറങ്ങജ കഠിനമായി അദ്ധ്വാനിച്ചും പഴയതെല്ലാം മറന്ന് വീണ്ടും കളിക്കളങ്ങളിൽ സജീവമായി. മുംബൈയിൽ തനിക്ക് അവസരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ യുവതാരം രഞ്ജി ട്രോഫി കളിക്കാനായി മഹാരാഷ്ട്രയിലേക്ക് ചുവടുമാറി. വർഷങ്ങൾക്കിപ്പുറവും തന്റെ പ്രതിഭയ്ക്ക് ഒന്നും സംഭവിച്ചില്ലെന്ന് തെളിയിക്കുന്ന ചില മിന്നലാട്ടങ്ങളാണ് ഇന്നലെ ആ ബാറ്റിൽ നിന്നുകണ്ടത്. എന്നാൽ എതിർ താരങ്ങളുമായി ഏറ്റുമുട്ടി മറ്റൊരു വിവാദത്തിലേക്കും വലിച്ചെറിയപ്പെട്ടു. ഞാൻ ഇതുവരെ പരിശീലിച്ചവരിൽ ഏറ്റവും ടാലന്റുള്ള താരമായിരുന്നു നിങ്ങൾ. ഐപിഎൽ താരലേലത്തിൽ നിങ്ങളെ ഫ്രാഞ്ചൈസികളൊന്നും തെരഞ്ഞെടുക്കാത്തതിൽ എനിക്ക് ദു:ഖമുണ്ട്' അൺസോൾഡായതിന് പിന്നാലെ റിക്കി പോണ്ടിങിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. സ്വയം പ്രതിഭയെ നശിപ്പിച്ച പൃഥ്വി ഷായ്ക്ക് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ... അതോ മറ്റൊരു വിനോദ് കാംബ്ലിയായി വിസ്മൃതിയിലേക്ക് മാഞ്ഞുപോകുമോ..