അവസാന കളിച്ച ഏകദിനത്തിൽ സെഞ്ച്വറിയും ​െപ്ലയർ ഓഫ് ദി മാച്ചും; എന്നിട്ടും സഞ്ജുവിനെ വേണ്ടാത്തത് എന്ത്?

Update: 2025-10-05 09:19 GMT
Editor : safvan rashid | By : Sports Desk

ട്വന്റി 20 ടീമിൽ സ്ഥിരമായതോടെ എല്ലാവരും മറന്നുപോയ ഒന്നാണ് സഞ്ജു സാംസണിന്റെ ഏകദിന കരിയർ. കൃത്യമായിപ്പറഞ്ഞാൽ ഗൗതം ഗംഭീർ ഇന്ത്യൻ കോച്ചായി സ്ഥാനമേറ്റെടുത്തതിന് ശേഷമാണ് സഞ്ജു ഏകദിന ടീമിൽ ഇല്ലാതായി മാറിയത്. അതായത് 2024ലെ ലങ്കൻ പര്യടനം മുതൽ. സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും അടർത്തിമാറ്റി ട്വന്റി 20 ടീമിൽ പ്രത്ഷ്ഠിക്കുകയായിരുന്നു ഗംഭീർ ചെയ്തത്. അന്ന് പലരും ഈ തീരുമാനത്തെ എതിർത്തിരുന്നുവെങ്കിലും ആ തീരുമാനം സഞ്ജുവിന്റെ കരിയറിൽ ടേണിങ് പോയന്റായി . ഇന്ത്യക്ക് വെടിക്കെട്ട് ഓപ്പണറെയും കിട്ടി. സഞ്ജു ടീമിൽ സ്ഥിരമായി മാറുകയും ചെയ്തു. എന്നാൽ  ഏകദിന ടീമിൽനിന്നും സ്ഥാനം നഷ്ടമായി എന്ന ഒരു മറുവശം കൂടി ഇതിനുണ്ട്.

Advertising
Advertising

ഏകദിന ടീമിൽ വിക്കറ്റ് കീപ്പർ റോൾ ചെയ്യാൻ ഗംഭീർ വിശ്വാസമർപ്പിച്ചത് രണ്ട് പേരിലാണ്. ഒന്ന് കെഎൽ രാഹുൽ. മറ്റൊന്ന് ഋഷഭ് പന്ത്. അതേ സമയം ട്വന്റി 20 ടീമിൽ ഇവരെ പരിഗണിക്കാതെ സ്ഞ്ജുവിന് ഇടം കൊടുക്കുകയും ചെയ്തു. ട്വന്റി 20യിലും ഏകദിനത്തിലും രണ്ട് വ്യത്യസ്ത സമീപനങ്ങളാണ് താൻ സ്വീകരിക്കുന്നത് എന്ന സന്ദേശമായിരുന്നു ഗംഭീർ നൽകിയത്. സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും മാറ്റിയതിനെതിരെ അന്ന് വലിയ വിമർശനങ്ങളുണ്ടായിരുന്നു. വിമർശനങ്ങൾ എന്ന് പറയുമ്പോൾ മലയാളികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഇമോഷണൽ വരികൾ മാത്രമല്ല. പല മുൻ താരങ്ങളും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഉദാഹരണം ഹർഭജൻ സിങ്. ‘‘സത്യം പറഞ്ഞാൽ അവനെക്കുറിച്ചാലോചിപ്പോൾ എനിക്ക് വിഷമമുണ്ട്.എപ്പോഴെല്ലാം അവൻ റൺസടിച്ചുകൂട്ടുന്നവോ അപ്പോൾ എല്ലാം ടീമിൽ നിന്നും ആദ്യം പുറത്തുപോകുക അവനായിരിരിക്കും. ഒരു ടീമിൽ 15 പേരെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ എന്ന് എനിക്കറിയാം. പക്ഷേ അവന്റെ ഏകദിന ആവറേജ് 55-56 ആണ്. എന്നിട്ടും അവനെ സെക്കൻഡ് വിക്കറ്റ് കീപ്പറായിപോലും ഉൾപ്പെടുത്തിയില്ല’’- ഹർഭജൻ സിങ് അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഐപിഎല്ലിലൂടെ വരവറിയിച്ച സഞ്ജു ട്വന്റി 20 താരമെന്ന നിലയിലാണ് ബ്രാൻഡ് ചെയ്യപ്പെട്ടത്. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കുക എന്നത് കടുപ്പമുള്ള കാര്യമായിരുന്നു.കാരണം കടുത്ത കോമ്പറ്റീഷനുള്ള ഇടമായിരുന്നു അത്. ഒരുപാട് കാലം മഹേന്ദ്ര സിങ് ധോണി അവിടെയുണ്ടായിരുന്നു. ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ അടക്കമുള്ള വിക്കറ്റ് കീപ്പർമാരുടെ നീണ്ട നിരയുള്ള ഇന്ത്യൻ ടീമിൽ ഒരു അവസരം സഞ്ജുവിന് അപൂർവമായി വീണുകിട്ടുന്ന ഒന്നായിരുന്നു. അങ്ങനെ ബെഞ്ചിലും  ഇടക്ക് മാത്രം കിട്ടുന്ന അവസരങ്ങളിലും നല്ല പ്രായം തള്ളിനീക്കുകയായിരുന്നു സഞ്ജു. അതിനിടെയാണ് ഏകദിന ടീമിലേക്ക് സഞ്ജുവിന് വിളിയെത്തുന്നത്. കോവിഡ് സമയത്തുള്ള ലങ്കൻ പര്യടനമായിരുന്നു അത്.

അതിൽ കളത്തിലിറങ്ങിയ ഏക മത്സരത്തിൽ 46 റൺസെടുത്തു. ഏകദിനത്തിൽ അടുത്ത അവസരം കിട്ടുന്നത് കൃത്യം ഒരു വർഷത്തിന് ശേഷം വിൻഡീസ് പര്യടനത്തിൽ. 12, 54, 6 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സകോറുകൾ. പിന്നാലെ സിംബാബ്‍വെൻ പര്യടനത്തിലേക്കും വിളിയെത്തി. 43 നോട്ടൗട്ട്, 15 എന്നിവയായിരുന്നു ആ പര്യടനത്തിലെ സ്കോറുകൾ. കോഹ്ലി , രോഹിത് അടക്കമുള്ളവർക്ക് വിശ്രമം പ്രഖ്യാപിച്ച് ഏതാണ്ട് ജൂനിയർ ടീമുമായി പോകുന്ന ഇന്ത്യൻ ടീമുകളിലായിരുന്നു സഞ്ജുവിന്റെ സ്ഥാനം. വീണുകിട്ടുന്ന അവസരങ്ങളിൽ മിഡിൽ ഓർഡറിൽ സാന്നിധ്യമറിയിച്ചതോടെ സഞ്ജു ഏകദിന ടീമിൽ സ്ഥിരമായിത്തുടങ്ങി.

ആ വർഷം തന്നെയുള്ള ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലും സഞ്ജു സ്പോട്ട് ഉറപ്പിച്ചു. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിമായിരുന്നു ആദ്യ മത്സരത്തിന് വേദിയായത്. കാലാവസ്ഥ വില്ലനായ ആദ്യ മത്സരത്തിൽ മത്സരം 40 ഓവറാക്കി വെട്ടിച്ചുരുക്കി. മില്ലറുടെയും ക്ലാസന്റെയും മിടുക്കിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 240 റൺസ് പിന്തുടർന്ന ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞു. ധവാൻ, ഗിൽ, ഗെയ്ക്വാദ് അടക്കമുള്ള മുൻനിര മടങ്ങിയതോടെ ഇന്ത്യ 51ന് നാല് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പക്ഷേ 63 പന്തിൽ 86 റൺസുമായി സഞ്ജു തന്റെ കരിയർ ബെസ്റ്റ് ഇന്നിങ്സ് കളിച്ചു. ഒൻപത് റൺസിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജു നോട്ടൗട്ടായി മികച്ച പോരാട്ടം തന്നെ നടത്തി. ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം കിട്ടി. തൊട്ടടുത്ത മത്സരത്തിൽ 30 റൺസുമായും രണ്ട് റൺസുമായും നോട്ടൗട്ടായും നിന്നു.

പിന്നാലെ നടന്നത് ന്യൂസിലാൻഡ് ടൂർ. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഇടംപിടിച്ച പരമ്പരയിൽ ആറാം ബാറ്ററായി സഞ്ജു ഇടംപിടിച്ചു. ആദ്യ മത്സരത്തിൽ 36 റൺസുമായി സാന്നിധ്യമറിയിക്കുകയും ചെയ്തു. പക്ഷേ രണ്ടാം മത്സരത്തിൽ സഞ്ജുവിനെ ടീമിൽ നിന്നും മാറ്റിനിർത്തി. പന്ത് വിക്കറ്റ് കീപ്പറായുള്ള ടീമിൽ ദീപക് ഹൂഡയെയാണ് കളിപ്പിച്ചത്.

പിന്നാലെ ഇന്ത്യ നടത്തിയത് ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ്. കോലിയും രോഹിത് രാഹുലും അടക്കമുള്ളവർ ടീമിലേക്ക് മടങ്ങിയെത്തി. സഞ്ജുവിന് ടീമിൽ ഇടമില്ലാതെയായി. ബംഗ്ലാദേശ്, ലങ്ക, ന്യൂസിലാൻഡ്, ഏഷ്യകപ്പ് എന്നീ ടൂർണമെന്റുകളിലൊന്നും സഞ്ജുവിന് ഇടം ലഭിച്ചില്ല. കെഎൽ രാഹുലായിരുന്നു വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിലുണ്ടായിരുന്നത്. ഇടക്ക് ഇഷാൻ കിഷനും അവസരം ലഭിച്ചു. സ്വാഭാവികമായും ടീമിലില്ലായിരുന്ന സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകില്ല എന്നുറപ്പായിരുന്നു. രാഹുലും കിഷനും തന്നെയായിരുന്നു ലോകകപ്പ് ടീമിൽ.

ലോകകപ്പിന് ശേഷമുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോലി, രോഹിത്, രാഹുൽ അടക്കമുള്ളവർക്കെല്ലാം വിശ്രമം അനുവദിച്ചതോടെ വീണ്ടും സഞ്ജുവിന് ഒരു അവസരം കൂടിക്കിട്ടി. യൊഹന്നാസ്ബർഗിലെ ആദ്യ ഏകദിനത്തിൽ ബാറ്റിങ്ങിറങ്ങേണ്ടി വന്നില്ല. രണ്ടാം ഏകദിനത്തിൽ 12 റൺസിന് പുറത്ത്. ഓരോ ഏകദിനം വീതം ഇന്ത്യയും ദക്ഷിണാഫ്രിക്കയും വിജയിച്ചു. പരമ്പര തീരുമാനിക്കുന്ന മൂന്നാം ഏകദിനം സഞ്ജുവിന് നിർണായകമായിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ ഇനി കാണുമോ ഇല്ലയോ എന്ന് വിധികുറിക്കുന്ന മത്സരം. പക്ഷേ അന്ന് പാളിലെ ബോളണ്ട് പാർക്കിൽ സഞ്ജു ഉയിർത്തുപൊന്തി. ഇന്ത്യയെ ഒറ്റക്ക് താങ്ങിയെടുത്ത ഒരു ഉഗ്രൻ ഇന്നിങ്സ്. കൂടെ ഏകദിനത്തിലെ ആദ്യ സെഞ്ച്വറിയും െപ്ലയർ ഓഫ് ദി മാച്ച് ഇന്നിങ്സും. കെഎൽ രാഹുലിനൊപ്പം സഞ്ജു ഏകദിന ടീമിൽ സ്ഥിരസാന്നിധ്യമാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു. അടുത്ത ആറ് മാസത്തേക്ക് ഇന്ത്യക്ക് ഏകദിന ഷെഡ്യൂൾ ഇല്ലായിരുന്നു. അതിനിടയിൽ കോച്ചിങ് സ്ഥാനത്ത് നിന്നും ദ്രാവിഡ് മാറി ഗംഭീറെത്തി. ഗംഭീറിന്റെ പ്ലാനുകൾ വേറെയായിരുന്നു. അവസാന മത്സരത്തിൽ സെഞ്ച്വറിയടിച്ചിട്ടും ഏകദിനത്തിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല. മറിച്ച് ട്വന്റി 20യിൽ പുതിയൊരു റോൾ ഏൽപ്പിച്ച് നൽകുകയും ചെയ്തു. ചാമ്പ്യൻസ് ട്രോഫിയിലും രാഹുലിനൊപ്പം പന്താണ് ടീമിൽ ഇടംപിടിച്ചത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News